General News

ആതിരപ്പള്ളി വന മേഖലയില്‍ വന്‍ കാട്ടുതീ

Tue, Mar 13, 2018

Arabianewspaper 812
ആതിരപ്പള്ളി വന മേഖലയില്‍ വന്‍ കാട്ടുതീ

ചാലക്കുടി ഫോറസ്റ്റ് ഡിവിഷന്റെ കീഴിലുള്ള ആതിരപ്പള്ളി വനമേഖലയില്‍ വന്‍ കാട്ടു തീ പടരുന്നു,. വേനല്‍ കടുത്തതോടെ അടിക്കാടുകള്‍ വരണ്ട അവസ്ഥയിലാണ്. വന മേഖലയിലെ മനുഷ്യ സാന്നിദ്ധ്യമാണ് കാട്ടു തീക്ക് കാരണമെന്ന് വനം വകുപ്പ് പറയുന്നു.


ഇന്നലെ ഉച്ചക്കു ശേഷമാണ് തീയും പുകയും കണ്ടത്. വൈകീട്ടോടെ നിരവധി പേര്‍ എത്തിയെങ്കിലും ഇന്നു രാവിലെ മാത്രമാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സംഘത്തോടൊപ്പം തീ അണയ്ക്കാന്‍ മലയകയറിയത്. മരങ്ങള്‍ വേരറ്റ് കടപുഴകി വീഴുമെന്നതും വേരുകളില്‍ തടഞ്ഞ് നില്‍ക്കുന്ന വലിയ കല്ലുകള്‍ വന്നു പതിക്കുമെന്നതും സര്‍വ്വോപരി കാട്ടുതീയുടെ ചൂടും മറ്റും ജീവന്‍ തന്നെ അപകടകരമാക്കുന്നതുമായതിനാല്‍ വളരെ കരുതലോടെയാണ് സംഘം മലകയറിയത്.


കഴിഞ്ഞ വര്‍ഷം കര്‍ണാടക ബന്ദിപ്പൂരിലുണ്ടായ കാട്ടു തീ അണയ്ക്കുന്നതിനിടെ വനം വകുപ്പ് ഉദ്യേഗസ്ഥന്‍ വെന്തുമരിച്ചിരുന്നു. ഇതേ തുടര്‍ന്ന് ജാഗ്രത പാലിക്കണമെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.


വേനല്‍ക്കാലത്ത് കാടുകളിലെത്തി നായാട്ടും ട്രെക്കിംഗും നടത്തുന്നതാണ് ഇതിനു കാരണം. സിഗററ്റു കുറ്റികളില്‍ നിന്നാണ് കാട്ടു തീ സാധാരണയായി ഉണ്ടാകുന്നത്. ഉണങ്ങിയ പുല്‍ വളര്‍ന്നു നില്‍ക്കുന്ന കാട്ടിനുള്ളില്‍ പാചകം ചെയ്യുന്നതും മറ്റും വന്‍ അപകട സാധ്യതയാണ് ഉണ്ടാക്കുന്നത്.


വേനല്‍ക്കാലത്തെ ശക്തമായ കാറ്റും തീ വേഗം പടര്‍ന്നു പിടിക്കാന്‍ ഇടയാക്കും. വനം വകുപ്പ് ഉദ്യോഗസ്ഥരും പ്രകൃതി സ്‌നേഹികളും ഉള്‍പ്പെടുന്ന അറുപതംഗ സംഘം ഇതിനകം ഈ മേഖലയില്‍ എത്തിക്കഴിഞ്ഞു. എന്നാല്‍, തീ നിയന്ത്രിക്കാനുള്ള സംവിധാനങ്ങള്‍ ഇവരുടെ കൈവശമില്ല.


വെള്ളത്തിന്റെ ദൗര്‍ലഭ്യമാണ് ഇവരെ അലട്ടുന്നത്. തീ പടര്‍ന്നു പിടിക്കാതിരിക്കാനായുള്ള ചെറിയ ശ്രമങ്ങള്‍ മാത്രമാണ് ഇവര്‍ക്ക് ചെയ്യാനാവുന്നത്.


എന്നാല്‍, സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചാല്‍ വ്യോമസേന പോലുള്ള സൈനിക വിഭാഗങ്ങളുടെ സഹായത്താല്‍ ഹെലികോപ്ടര്‍ വിമാനം എന്നിവ ഉപയോഗിച്ച് തീ അണയ്ക്കാനാകും. എന്നാല്‍, വനം വകുപ്പ് ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നില്ലെന്ന് പ്രകൃതി സ്‌നേഹികള്‍ പരാതിപ്പെടുന്നു.


കഴിഞ്ഞ ദിവസം കേരള തമിഴ് നാട് അതിര്‍ത്തിയില്‍ തേനിക്കു സമീപം കുരങ്ങിണി വനത്തിലുണ്ടായ കാട്ടുതീയില്‍ 11 പേര്‍ മരിച്ചിരുന്നു.

Advertisement here

Like Facebook Page :
 

Social media talks

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ