General News

രാഷ്ട്രീയ ഇടപെടല്‍ പ്രവാസിയുടെ മോഹം തല്ലിക്കെടുത്തി , നിരാശനായി ജീവനൊടുക്കി

Sat, Feb 24, 2018

Arabianewspaper 316
രാഷ്ട്രീയ ഇടപെടല്‍ പ്രവാസിയുടെ മോഹം തല്ലിക്കെടുത്തി , നിരാശനായി ജീവനൊടുക്കി

വയല്‍ നികത്തിയെന്ന് ആരോപിച്ച് കൊടികുത്തിയ ഇടതു സംഘടനകളുടെ പീഡനത്തില്‍ മനം നൊന്ത് ഗള്‍ഫ് ജീവിതം അവസാനിപ്പിച്ച് നാട്ടില്‍ മടങ്ങിയെത്തിയ മദ്ധ്യവയസ്‌കന്‍ ജീവനൊടുക്കി.


സുഹൃത്തിന്റെ ഭൂമി പാട്ടത്തിന് എടുത്ത് വയലിന്റെ ഒരു ഭാഗം മണ്ണിട്ടു നികത്തി വര്‍ക്ക് ഷോപ്പിന് ഷെഡ് പണിത ആളിനെ ഇടതു യുവജന സംഘടനകള്‍ നിര്‍മാണം തടഞ്ഞ് പീഡിപ്പിച്ചു.,


കടം വാങ്ങിയ തുകയ്ക്ക് ഷെഡ്ഡ് ഉയര്‍ത്തി നിര്‍മാണം പൂര്‍ത്തിയായപ്പോഴാണ് ഐഐവൈഎഫ് എന്ന സംഘടനയുടെ പ്രവര്‍ത്തകര്‍ എത്തി കൊടി കുത്തിയത്.


ഇതോടെ നാട്ടില്‍ മടങ്ങിയെത്തി ഒരു സംരംഭം തുടങ്ങി ജീവിക്കാന്‍ കഴിയില്ലെന്ന് തിരിച്ചറിഞ്ഞ ഇയാള്‍ പാതി പൂര്‍ത്തിയായ വര്‍ക്ക് ഷോപ്പ് ഷെഡ്ഡില്‍ തൂങ്ങിമരിക്കുകയായിരുന്നു.


പുനലൂര്‍ ഐക്കരക്കോണം സ്വദേശി സുഗതനാ(54)ണ് ഈ ഹതഭാഗ്യന്‍. ഗള്‍ഫില്‍ വര്‍ക്ക് ഷോപ്പ് ജീവനക്കാരനായിരുന്ന ഇദ്ദേഹം നാട്ടില്‍ മടങ്ങിയെത്തി വര്‍ക്ക് ഷോപ്പ് തുടങ്ങുകയായിരുന്നു.


ഇനി മരിക്കുകയേ മാര്‍ഗമുള്ളു എന്ന് സുഗതന്‍ ഭാര്യയോടും മക്കളോടും പറഞ്ഞിരുന്നു. ഇവര്‍ക്കുള്ള പ്ലാസ്റ്റിക് കയറുകള്‍ കൂടി കഴുക്കോലില്‍ കെട്ടിത്തൂക്കിയിട്ടിരുന്നു. ഭാര്യക്കും രണ്ട് മക്കള്‍ക്കും അത്താണിയായ ഇദ്ദേഹം അവര്‍ക്കുള്ള കയറുകൂടി കരുതിയിരുന്നു.


ഷെഡ്ഡ് നിര്‍മാണം ഏതാണ്ട് പൂര്‍ത്തിയായി വര്‍ക്ക് ഷോപ്പ് തുടങ്ങാനിരിക്കെയാണ് സിപിഐയുടെ യുവജന സംഘടന ഇത് വയലാണെന്നും ഇവിടം നികത്താന്‍ അനുവദിക്കില്ലെന്നു പറഞ്ഞ് കൊടിക്കുത്തിയത്. എന്നാല്‍, നിലം താനല്ല നികത്തിയതെന്നും വര്‍ഷങ്ങളായി ഇവിടം മണ്ണിട്ടു നികത്തിയ സ്ഥലമാണെന്നും ഈ ഭൂമി പാട്ടത്തിനെടുത്താണ് ഷെഡ്ഡ് കെട്ടിയതെന്നും സുഗതന്‍ സമരക്കാരോട് പറഞ്ഞിരുന്നു.


2005 ല്‍ മണ്ണിട്ടു നികത്തിയ ഈ സ്ഥലത്ത് ഇപ്പോള്‍ പ്രശ്‌നം ഉണ്ടാക്കി വരുന്നത് കഷ്ടമാണെന്ന സുഗതന്‍ സമരക്കാരോട് പറഞ്ഞു. ഇവിടെ ഓഡിറ്റോറിയവും വീടും മറ്റും നിര്‍മിച്ചതും സുഗതന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, കൃഷിയോഗ്യമല്ലാത്ത മണ്ണിട്ട് മൂടിയ ഇടത്ത് ഷെഡ് നിര്‍മിച്ചതില്‍ കുറ്റപ്പെടത്തരുത് എന്ന് ആവശ്യപ്പെട്ട് സുഗതന്‍ നിരവധി രാഷ്ട്രീയ സംഘടനകളുടെ ഓഫീസുകളില്‍ കയറി ഇറങ്ങി. മൂന്നു ലക്ഷം രൂപയോളം താന്‍ ഇതിനകം ചെലവിട്ടു കഴിഞ്ഞു. കടം വാങ്ങിയ കാശാണെന്നും സുഗതന്‍ പറഞ്ഞു. പക്ഷേ, ആരും ഇതൊന്നും കേട്ടില്ല. ഇതിനെ തുടര്‍ന്നാണ് സുഗതന്‍ ജീവനൊടുക്കിയത്.


35 വര്‍ഷം ഗള്‍ഫില്‍ കഴിഞ്ഞ സുഗതന്‍ ജോലി നഷ്ടപ്പെട്ടാണ് തിരിച്ച് നാട്ടില്‍ വന്നത്. മക്കളായ സുജിത്,. സുനില്‍ എന്നിവരും ഗള്‍ഫില്‍ തന്നെയായിരുന്നു. ആറു മാസം മുമ്പ് ഇവരും തൊഴില്‍ നഷ്ടപ്പെട്ട് മടങ്ങിയെത്തിയതോടെയാണ് വര്‍ക്ക് ഷോപ്പ് തുടങ്ങാന്‍ പദ്ധതിയിട്ടത്.


എന്നാല്‍, സുഗതന്റെ മരണത്തില്‍ സിപിഐക്കോ എഐവൈഎഫിനോ പങ്കില്ലെന്ന് സിപിഐ കുന്നിക്കോട് മണ്ഡലം സെക്രട്ടറി ജോസ് ഡാനിയേല്‍ അറിയിച്ചു. അനധികൃത കെട്ടിട നിര്‍മാണത്തിനെതിരെ പാര്‍ട്ടി പ്രതികരിച്ചിരുന്നു. അവിടെ കൊടിയും കുത്തിയിരുന്നു. എന്നാല്‍, അതിന്റെ പേരില്‍ സുഗതന്‍ ആത്മഹത്യ ചെയ്തുവെന്ന് പറയാനാകില്ലെന്നും ജോസ് ഡാനിയല്‍ പറഞ്ഞു.

Tags : NRI 
Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ