General News

യുപി : ക്രിമിനലുകളുടെ കൂട്ടത്തോടെ കീഴടങ്ങല്‍, ഏറ്റുമുട്ടലുകള്‍ വ്യാജം, സിബിഐ അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ്

Sun, Feb 18, 2018

Arabianewspaper 343
യുപി : ക്രിമിനലുകളുടെ കൂട്ടത്തോടെ കീഴടങ്ങല്‍

തോക്കു ധാരികളെ കണ്ടാലുടന്‍ വെടിവെപ്പിനുള്ള ഉത്തരവുമായി പോലീസ് ഇറങ്ങിയതോടെ സംസ്ഥാനത്തെ ഗുണ്ടകള്‍ നല്ലനടപ്പിന് തയ്യാറാണെന്ന് കാണിച്ച് പോലീസ് സ്റ്റേഷനുകളില്‍ എത്തി കീഴടങ്ങല്‍ തുടരുന്നു. ഇതില്‍ 142 പേര്‍ പിടികിട്ടാപ്പുള്ളികളാണ്.


സംസ്ഥാനത്ത് കൊലപാതകവും ബലാല്‍സംഗവും അനിയന്ത്രിതമായി തുടരുമ്പോഴാണ് പോലീസിന് കര്‍ശന നിര്‍ദ്ദേശം യോഗി ആദിത്യ നാഥ് സര്‍ക്കാര്‍ നല്‍കിയത്. ഇതിനെ തുടര്‍ന്ന് കഴിഞ്ഞ പത്തു മാസത്തിനിടെ 1,240 എന്‍കൗണ്ടറുകള്‍ നടന്നു. ഇതില്‍ 40 ക്രിമിനലുകള്‍ കൊല്ലപ്പെട്ടു,. 305 പേര്‍ക്ക് പരിക്കേറ്റു. 447 പോലീസുകാര്‍ക്കും വെടിവെപ്പില്‍ പരിക്കുപറ്റി.


2017 മാര്‍ച്ച് 20 നാണ് ഓപറേഷന്‍ ക്ലീന്‍ അപ് തുടങ്ങിയത്. ഇതുവരെ 2,956 ക്രിമിനലുകളും പിടികിട്ടാപ്പുള്ളികളും കീഴടങ്ങി. ക്രിമിനല്‍ സംഘങ്ങളില്‍ നിന്ന് 147 കോടി രൂപയും ഇതുവരെ പിടിച്ചെടുത്തിട്ടുണ്ട്. നിലവില്‍ ജയിലില്‍ കഴിയുന്ന പല കുറ്റവാളികളും ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങാന്‍ താല്‍പര്യപ്പെടാതെ നില്‍ക്കുകയാണ്. ക്രിമിനലുകള്‍ ജയിലില്‍ തന്നെ കഴിയുന്നത് ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍, ഇത്തരക്കാര്‍ക്ക് ജയിലാണ് ശരിയായ ഇടമെന്നായിരുന്നു യുപി ഡിജിപി ഓംപ്രകാശ് സിംഗിന്റെ മറുപടി.


ഇത്തരമൊരു ഓപറേഷന് മുന്നിട്ടിറങ്ങിയപ്പോള്‍ ഫലം ഇത്രകണ്ട് വിജയപ്രദമാകുമെന്ന് കരുതിയില്ലെന്നും അദ്ദേഹം പറഞ്ഞു, പതിനഞ്ചിലധികം വര്‍ഷമായി പിടികൊടുക്കാതെ കബളിപ്പിച്ച് നടന്ന ചിലരും ഇപ്പോള്‍ കീഴടങ്ങിയവരില്‍ ഉണ്ടെന്ന് ഡിജിപി പറഞ്ഞു.


യുപി ഡിജിപിയുടെ നേതൃത്വത്തിലുള്ള സംഘം ഓപറേഷനുകള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ആയുധവുമായി കാണുന്നവരെ ഉടന്‍ വെടിവെയ്ക്കാനായിരുന്നു ഉത്തരവ്. പല ക്രിമിനലുകളും ഇതര സംസ്ഥാനങ്ങളിലേക്ക് കടന്നു.ചിലരെ പിടികൂടി. എതിര്‍ത്തവരെ പ്രത്യാക്രമണത്തിലൂടെ നേരിട്ടു.


സംസ്ഥാനത്തെ ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെട്ട എല്ലാവരുടേയും ചിത്രങ്ങളും ഇവരെ കുറിച്ച് സൂചന നല്‍കുന്നവര്‍ക്കുള്ള പാരിതോഷികവും പോലീസ് പ്രഖ്യാപിച്ചിരുന്നു. നാട്ടുകാര്‍ ക്രിമിനലുകളുടെ ഒളിത്താവളം ചൂണ്ടിക്കാണിക്കാന്‍ മുന്നിട്ടിറങ്ങിയതോടെ പലരും കീഴടങ്ങാന്‍ തയ്യാറാകുകയായിരുന്നു. യുപി പോലീസിന്റെ ഗാംഗ്സ്റ്റര്‍ ആക്ട് പ്രകാരമാണ് ഓപറേഷനും മറ്റും നടത്തിയത്.


ഇത്രയും കൊട്ടിഘോഷിച്ചുള്ള ഓപറേഷനുകള്‍ക്കിടയിലും പരസ്യമായി വെടിവെപ്പും തല്ലിക്കൊലയും അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വയോധികയായ സ്ത്രീയേയും മകനേയും വെടിവെച്ചു കൊന്ന കേസിലെ മുഖ്യപ്രതി ദിവസങ്ങള്‍ക്കകം പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. ഇതോടെ കൂടുതല്‍ ഗുണ്ടകള്‍ കീഴടങ്ങാന്‍ തയ്യാറാകുകയായിരുന്നു.


മുമ്പ് കുറ്റവാളികളായിരുന്നവരില്‍ ചിലര്‍ ഇനി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടില്ലെന്ന് എഴുതി ഒട്ടിച്ച് തെരുവിലൂടെ നടക്കുന്നതായി വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേസമയം, ഉത്തര്‍പ്രദേശിലെ വ്യാജ ഏറ്റുമുട്ടലുകളെ കുറിച്ച് സിബിഐ അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കുറ്റവാളികളെ അമര്‍ച്ച ചെയ്യുന്നതിന്റെ പേരില്‍ ചിലരെ തിരഞ്ഞുപിടിച്ച് കൊലപ്പെടുത്തുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു, എന്തിനാണ് നിയമവും കോടതിയും എന്നും ബോളിവുഡ് സിനിമയല്ല ഇതെന്നും വെടിവെപ്പില്‍ കൊല്ലപ്പെട്ടവരില്‍ നിരപരാധികളുണ്ടെങ്കില്‍ യോഗിയുടെ കൈകളില്‍ രക്തം പുരളുമെന്നും കോണ്‍ഗ്രസ് ഓര്‍മിപ്പിച്ചു,


എന്നാല്‍, ഏറ്റുമുട്ടലുകള്‍ തുടരുമെന്നും വെടിയുണ്ടയുടെ ഭാഷ മാത്രം അറിയുന്നവര്‍ക്ക് വെടിയുണ്ട കൊണ്ട് മറുപടി നല്‍കുമെന്നും 22 കോടി ജനങ്ങളുടെ സുരക്ഷയാണ് സര്‍ക്കാരിന്റെ ചുമതലയെന്നും മുഖ്യമന്ത്രി യോഗി അദിത്യ നാഥ് പറഞ്ഞു.Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ