Film review News

ആമിയിലൂടെ കണ്ടത് മാധവിക്കുട്ടിയുടെ നിഴല്‍

Mon, Feb 12, 2018

Arabianewspaper 3463
ആമിയിലൂടെ കണ്ടത് മാധവിക്കുട്ടിയുടെ നിഴല്‍

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കമല്‍ ചിത്രമായിരുന്നു ആമി. മഞ്ജു വാര്യര്‍ എന്ന അതുല്യ പ്രതിഭയും കമല്‍ എന്ന കലാമൂല്യമറിയുന്ന സംവിധായകനും ചേര്‍ന്ന് മാധവിക്കുട്ടി എന്ന കമല സുരയ്യയുടെ എന്റെ കഥ സിനിമയാക്കുമ്പോള്‍ എഴുത്തിനെ സ്‌നേഹിക്കുന്ന അക്ഷരങ്ങളെ പ്രണയിക്കുന്ന ഏവരും ആ ചിത്രത്തിനായി കൊതിക്കും.


മാധവിക്കുട്ടിയെ അവരെഴുതിയ പുസ്തകങ്ങളിലുടെ അടുത്തറിഞ്ഞവര്‍ക്ക് ഉള്‍ക്കൊള്ളാനാകാത്ത ദൃശ്യാവിഷ്‌കാരമാണ് കമല്‍ ഒരുക്കിയത്.


ഏന്റെ കഥയിലെ ആമിയല്ല ഇതെന്നും സംവിധായകന്റെ ഭാവനയുടെ സ്വാതന്ത്ര്യം ആവോളം എടുത്ത് സൃഷ്ടിച്ച കലാ സൃഷ്ടിയാണിതെന്നും കമല്‍ പറയുന്നു.


മാധവിക്കുട്ടിയെ കുറിച്ച് കുറച്ചുകൂടി റിയലിസ്റ്റികായി ഒരു ചിത്രമായിരുന്നു കമല്‍ എടുക്കേണ്ടിയിരുന്നത്. സിനിമ കച്ചവട താല്‍പര്യത്തിലുള്ളതും കൂടിയായതിനാല്‍ വിവാദപരമായ കാര്യങ്ങള്‍ക്ക് കൂടുതല്‍ പ്രാമുഖ്യം കൊടുക്കുകയാണ് കമല്‍ ചെയ്തതെന്ന് സംശയിക്കുന്നു.


മാധവിക്കുട്ടി എന്ന നാമം കേരളം പല കാലഘട്ടങ്ങളിലും ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്. തുറന്നെഴുതുന്ന മാധവിക്കുട്ടി ചൂടള്ള ചര്‍ച്ചാ വിഷയമായിരുന്നു. കൗമരകാലത്ത് ശ്രീകൃഷ്ണനെ പ്രണയിക്കുകയും പിന്നീട് അറുപതു വയസിലും പ്രണയം ഉണ്ടാകുകയും മറ്റും ചെയ്തപ്പോഴും ഇതിന് കുറവുണ്ടായിരുന്നില്ല.


അഴിച്ചിട്ട മുടിയും വലിയ പൊട്ടും അതിനൊത്ത കണ്ണടയും മാധവിക്കുട്ടിയുടെ ബാഹ്യ രൂപം നമ്മളിലേക്ക് കൊണ്ടു വന്നപ്പോഴും ഒരു പ്രച്ഛന്ന വേഷത്തിനപ്പുറം ഒന്നും പ്രക്ഷകര്‍ക്ക് ലഭിച്ചില്ല.


മാധവിക്കുട്ടി കമല സുരയ്യയാകുന്ന രണ്ടാം ഭാഗം വിരസമായ ആഖ്യാന ശൈലിയിലേക്ക് കൊണ്ടു ചെന്ന് എത്തിച്ചു. മലയാള സിനിമയുടെ തലത്തൊട്ടപ്പനായ ജെസി ഡാനിയേലിന്റെ ജീവിത കഥ സെല്ലു ലോയ്ഡ് എന്ന ചിത്രത്തിലൂടെ പറഞ്ഞ കമലിന് ഇത് എന്തുപറ്റിയെന്നു പോലും തോന്നും.


മാധവിക്കുട്ടിയുടെ പ്രണയ സങ്കല്പം ടൊവിനൊയുടെ കഥാപാത്രത്തിലൂടെ നിര്‍മലമായി വരച്ചു കാട്ടാന്‍ ചിത്രത്തിന് കഴിഞ്ഞില്ല. പുന്നയൂര്‍ക്കുളത്തെ നാലപ്പാട്ട് തറവാട്ടിലെ രംഗങ്ങളുമായി ആദ്യ പകുതി ഭംഗിയായി പോയെങ്കിലും പിന്നീട് രണ്ടാം ഭാഗത്ത് ഏച്ചു കെട്ടലുകളായിരുന്നു.


കമല സുരയ്യയായി തീരുന്ന മാധവിക്കുട്ടിയുടെ മതമാറ്റം കരളുറപ്പോടെ പറയാന്‍ സംവിധായകന്‍ പാടുപെടുന്ന കാഴ്ചയാണ് കണ്ടത്. കൃഷ്ണസങ്കല്‍പ്പത്തെ ആവിഷ്‌കരിച്ച് രംഗത്ത് കൊണ്ടുവരുന്ന ടൊവിനോ തോമസിന് വേഷപകര്‍ച്ചപോലുമില്ലാതെ കഷ്ടപ്പേടേണ്ടി വന്നു.


ചെറു പായ്രത്തില്‍ വിവാഹിതയാകുന്ന മാധവിക്കുട്ടിയുടെ 35 കാരനായ ഭര്‍ത്താവായി മുരളി ഗോപിയാണ് എത്തുന്നത്. ഈ കഥാപാത്രത്തെ അടക്കത്തോടെ തന്‍മയത്വത്തോടെയും മുരളി കൈകാര്യം ചെയ്തു. ഇടവേള കഴിഞ്ഞ് എത്തുന്ന അസ്ഗര്‍ അലി എന്ന മുസ്ലീം ചെറുപ്പക്കാരനായി അനൂപ് മേനോനോണ് എത്തുന്നത്.


രണ്ടാം പാദത്തിലെ മതമാറ്റം, വര്‍ഗീയത രാഷ്ട്രീയം, എന്നിവയെല്ലാമാണ് ഉള്ളത്. മാധവിക്കുട്ടിയെ ശക്തമായ നിലപാടുള്ള കഥാപാത്രമായി അവതരിപ്പിക്കുകുയം പിന്നീട് കമല സുരയ്യയായി മാറിയ ശേഷം തികച്ചും ദുര്‍ബലയായ വേഷപകര്‍ച്ച നല്‍കുകയും ചെയ്തത് നീതികേടായി പോയി.


യഥാര്‍ത്ഥ ജീവിതത്തില്‍ മാധവിക്കുട്ടിയും കമല സുരയ്യയും തമ്മില്‍ സ്വഭാവത്തില്‍ വ്യത്യാസമില്ലായിരുന്നു. ധീരതയോടെ സമൂഹത്തിന്റെ ചോദ്യ ശരങ്ങളെ എതിര്‍ത്ത കമല സുരയ്ക്കു പകരം ദുര്‍ബലയായ കമലയെയാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.


മഞ്ജു വാര്യരുടെ അഭിനയ പ്രാഗത്ഭ്യത്തെ അഭ്രപാളികളിലേക്ക് ആവാഹിക്കുന്നതില്‍ കമലിന് വന്ന പാക പിഴ പലരേയും നിരാശരാക്കി. ചിത്രത്തിന്റെ എടുത്തു പറയത്തക്ക ഭാഗം ക്യാമറയാണ്. വിവിധ കാലഘ്ട്ടങ്ങളിലെ സംഭവങ്ങള്‍ വരച്ചിടാന്‍ മധു നീലകണ്ഠന്റെ ക്യാമറയ്ക്ക് കഴിഞ്ഞു. എം ജയചന്ദ്രന്റെ സംഗീതം പ്രതീക്ഷിച്ച നിലവാരം പുലര്‍ത്തിയില്ല.


ബയോപിക് എടുക്കുമ്പോള്‍ ഡോക്യുസിനിമയായി പോകുക എന്ന അപകടം പതിയിരിക്കുന്നുണ്ട്. ഇവിടെ അത് യഥാര്‍ത്ഥ്യമായി. മേരികോം മുതല്‍ സച്ചിന്‍ വരെയുള്ള സെലിബ്രിറ്റികളുടെ കഥ പറഞ്ഞ രീതി കമല്‍ ഒരാവര്‍ത്തിയെങ്കിലും കാണേണ്ടതായിരുന്നു. സിനിമയില്‍ മെലോഡ്രോമ സത്യസന്ധമായി എങ്ങിനെ അവതരിപ്പിക്കാം എന്ന് ഈ വക ചിത്രങ്ങള്‍ കാട്ടിത്തരും.


സെല്ലുലോയിഡില്‍ ജീവിതയഥാര്‍ത്ഥ്യങ്ങള്‍ കമല്‍ വരച്ചിട്ടിരുന്നു. ഏച്ചു കെട്ടലില്‍ കൃത്രിമമായി കഥ പറയരുതെന്ന അടിസ്ഥാന പാഠം കമല്‍ വീണ്ടുും പഠിക്കേണ്ടിയിരിക്കുന്നു. സിനിമയില്‍ ഉപയോഗിച്ച വള്ളുവനാടാന്‍ ഭാഷ മഞ്ജുവിന് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. വളരെ കൃത്രിമത്വം നിറഞ്ഞതായിപ്പോയി ഇത്.


ലൗജിഹാദ് വിവാദവും മറ്റും അരങ്ങു വാഴുമ്പോള്‍ കമല്‍ ഭയന്ന് ചിത്രമെടുത്തത് പോലെയായി.. മതം ഒരു നുണയാണെന്നും മതത്തെ കുറിച്ച് ദൈവത്തോട് ചോദിച്ചാല്‍ അത് എന്താണെന്ന് ദൈവം തിരിച്ചു ചോദിക്കുമെന്നും പറഞ്ഞ കമല സുരയ്യയുടെ കഥ പറയുമ്പോള്‍ മതത്തേയോ, രാഷ്ട്രീയത്തേയോ കൂട്ടുപിടിക്കാതെ സത്യസന്ധതയിലൂന്നിയ ചിത്രം മെനയാമായിരുന്നു.

Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ