General News

കേരള സര്‍ക്കാര്‍ നല്‍കിയ പത്മ പുരസ്‌കാര ശുപാര്‍ശ കേന്ദ്രം പരിഗണിച്ചില്ല

Tue, Jan 30, 2018

Arabianewspaper 235
കേരള സര്‍ക്കാര്‍ നല്‍കിയ പത്മ പുരസ്‌കാര ശുപാര്‍ശ കേന്ദ്രം പരിഗണിച്ചില്ല

 രാജ്യത്തിന്റെ പരമോന്നത പുരസ്‌കാരമായ പത്മ ശ്രീ, പത്മഭൂഷന്‍ എന്നിവയ്ക്കായി കേരള സര്‍ക്കാര്‍ നല്‍കിയ പരിഗണനാ പട്ടിക കേന്ദ്ര സര്‍ക്കാര്‍ തിരസ്‌കരിച്ചു. സാഹിത്യ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളായ എംടി വാസുദേവന്‍ നായര്‍, സുഗത കുമാരി, ചലച്ചിത്ര പ്രതിഭകളായ മമ്മൂട്ടി, മോഹന്‍ ലാല്‍, ബിഷപ് ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം തുടങ്ങി 35 പേരുടെ പട്ടികയാണ് കേരള സര്‍ക്കാര്‍ നല്‍കിയത്.


എന്നാല്‍, ഇതില്‍ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റത്തെ മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ പരിഗണിച്ചത്.


വാദ്യ കലാകാരന്‍ പെരുവനം കുട്ടന്‍മാരാര്‍, കഥകളി ആചാര്യന്‍ കലാമണ്ഡലം ഗോപി, സൂര്യ കൃഷ്ണമൂര്‍ത്തി എന്നിവരും കേരള സര്‍ക്കാരിന്റെ ശുപാര്‍ശ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ പരിഗണനാ പട്ടികയില്‍ ഇല്ലാതിരുന്ന ആര്‍എസ്എസ് സൈദ്ധാന്തികന്‍ പി പരമേശ്വരന്‍ പാലിയേറ്റീവ് കെയര്‍ മേഖലയിലെ ഡോ എം ആര്‍ രാജഗോപാല്‍, ആദിവാസി നാട്ടു വൈദ്യ ചികിത്സ വിദദ്ധ ലക്ഷ്മിക്കുട്ടിയമ്മ എന്നിവര്‍ക്ക് കേരളത്തിന്റെ വിഹിതത്തില്‍ നിന്നുള്ളവരായി പരിഗണിച്ച് പത്മ പുരസ്‌കാരം നല്‍കി.


എംടി വാസുദേവന്‍ നായര്‍ക്ക് പത്മവിഭൂഷണ്‍ നല്‍കാനാണ് കേരളം ശുപാര്‍ശ ചെയ്തത്. നോട്ടു നിരോധനത്തെ കുറിച്ച് എംടി നടത്തിയ വിമര്‍ശനവും പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ മോശമായി ചിത്രികരിച്ചതും ബിജെപി വിവാദമാക്കിയിരുന്നു.


സുഗത കുമാരി, മമ്മൂട്ടി, മോഹന്‍ലാല്‍ പെരുവനം കുട്ടന്‍മാരാര്‍, കലാമണ്ഡലം ഗോപി എന്നിവര്‍ക്ക് പത്മഭൂഷണും നല്‍കാനും കേരളം ശുപാര്‍ശ ചെയ്തിരുന്നു. ജനങ്ങളില്‍ നിന്ന് നിര്‍ദ്ദേശം സ്വീകരിച്ചാണ് പത്മ പുരസ്‌കാരങ്ങള്‍ പരിഗണിക്കുന്നതെന്ന് പ്രധാനമന്ത്രി മന്‍ കി ബാതിലും വ്യക്തമാക്കിയിരുന്നു. ഇതിനായി കേന്ദ്രം ആവശ്യപ്പെട്ടത് അനുസരിച്ച് നിരവധി ആളുകള്‍ തങ്ങളുടെ ഇഷ്ടവ്യക്തികളെ പതമപുരസ്‌കാരങ്ങള്‍ക്കായി ശുപാര്‍ശ ചെയ്തിരുന്നു.


ചിത്രകാരന്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരി, ഫുട്‌ബോള്‍ താരം ഐഎം വിജയന്‍,. എഴുത്തുകാരായ എംകെ സാനു, ടി പത്മനാഭന്‍, സി രാധാകൃഷ്ണന്‍, നടന്‍ നെടുമുടി വേണു, ഗായകന്‍ പി ജയചന്ദ്രന്‍, ജി കെ പിള്ള, കര്‍ണാടക സംഗീതജ്ഞരായ കെ ജി ജയന്‍, മാതംഗി സത്യമൂര്‍ത്തി ക്യാന്‍സര്‍ രോഗ വിദഗ്ദ്ധന്‍ ഡോ വി പി ഗംഗാധരന്‍, ഡോ ബി ഇക്ബാല്‍, ഫാദര്‍ ഡേവിഡ് ചിറമേല്‍ എന്നിവര്‍ക്ക് പത്മശ്രീ പുരസ്‌കാരം നല്‍കാനും കേരള സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു.


പാമ്പു പിടിത്തത്തിലൂടെ ജനസേവനം നടത്തുന്ന വാവ സുരേഷിനു വേണ്ടി സോഷ്യല്‍ മീഡിയയില്‍ ക്യാംപെയിന്‍ നടന്നിരുന്നു.


സംസ്‌സാകാരിക മന്ത്രി എ കെ ബാലനാണ് പട്ടിക കേന്ദ്രത്തിന് സമര്‍പ്പിച്ചത്. പി പരമേശ്വരന് ലഭിച്ചത് രാജ്യം നല്‍കുന്ന രണ്ടാമത്തെ വലിയ പുരസ്‌കാരമായ പത്മവിഭൂഷണാണ്. ഏറ്റവും വലിയ പുരസ്‌കാരമായ ഭാരത രത്‌ന ഇക്കുറി ആര്‍ക്കും നല്‍കിയിട്ടില്ല.


 


 

Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ