General News

ജഡ്ജിമാരുടെ കലാപം ഇതിനു മുമ്പും

Sat, Jan 13, 2018

Arabianewspaper 520
ജഡ്ജിമാരുടെ കലാപം ഇതിനു മുമ്പും

സുപ്രീം കോടതി ജഡ്ജിമാര്‍ വാര്‍ത്താ സമ്മേളനം വിളിച്ച് ചീഫ് ജസ്റ്റീസിനെതിരെയും കോടതി ഭരണ നടപടികള്‍ക്കെതിരെയും രംഗത്ത് വന്നത് രാജ്യം ഞെട്ടലോടെയാണ് കേട്ടത്.


കോടതി മുറികള്‍ ബഹിഷ്‌കരിച്ച് നാലു മുതിര്‍ന്ന ജഡ്ജിമാര്‍ വാര്‍ത്താ സമ്മേളനം വിളിച്ചത് കേട്ടു കേള്‍വി ഇല്ലാത്ത സംഭവമാണ്. സുപ്രീം കോടതിയുടെ പ്രവര്‍ത്തനം സുതാര്യമല്ലെന്നായിരുന്നു ഇവരുടെ വെളിപ്പെടുത്തല്‍.


ജഡ്ജിമാരുടെ നിയമനവും സ്ഥലമാറ്റവും നിയന്ത്രിക്കുകയും തീരുമാനിക്കുകയും ചെയ്യുന്ന അഞ്ചംഗ കോളീജിയത്തിലെ നാലു പേരാണ് വാര്‍ത്താ സമ്മേളനം നടത്തിയത്. ഇതില്‍ ഒരാള്‍ ഈ ഒക്ടോബറില്‍ ഇന്ത്യയുടെ ചീഫ് ജസ്റ്റീസാകേണ്ട ജസ്റ്റീസ് ഗൊഗൊയിയുമാണ്.


ജൂഡിഷ്യറിയില്‍ രാഷ്ട്രീയ ഇടപെടലുകള്‍ നടക്കുന്നതായി സൂചനകള്‍ നല്‍കിയാണ് മുതിര്‍ന്ന ജഡ്ജിമാര്‍ ജസ്റ്റീസ് ജെ ചലമേശ്വറിന്റെ നേതൃത്വത്തില്‍ വാര്‍ത്താ സമ്മേളനം നടത്തിയത്. ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ പ്രതിയായ ഷൊറാബുദ്ദിന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അന്ന് ഗുജറാത്ത് അഭ്യന്തരമന്ത്രിയായിരുന്ന അമിത് ഷായ്ക്ക് പങ്കുണ്ടെന്ന ആരോപണവും ഇതുമായി ബന്ധപ്പെട്ട വാദം കേള്‍ക്കുന്ന സിബിഐ ജഡ്ജ് ലോയയുടെ ആകസ്മിക മരണവും നിലവിലെ പ്രതിസന്ധിക്ക് പിന്നിലുണ്ട്.


ബ്രിജ്ഭൂഷന്‍ ലോയുടെ മരണം സംബന്ധിച്ച് ഇപ്പോള്‍ ഉയര്‍ന്നു വന്ന ആരോപണള്‍ അന്വേഷിക്കുന്നതിന് ചീഫ് ജസ്റ്റീസ് ജൂനിയര്‍ ജഡ്ജിമാരുടെ ബെഞ്ചിലേക്ക് കേസ് പരിഗണിക്കുന്നതിന് വിട്ടുവെന്നതാണ് പൊടുന്നനെയുള്ള പ്രകോപനമായി പറയുന്നത്.


മുതിര്‍ന്ന ജഡ്ജിമാരായ ജസ്റ്റീസ് ചലമേശ്വര്‍, ജസ്റ്റീസ് കുര്യുന്‍ ജോസഫ് എന്നിവരെല്ലാം അടങ്ങിയ ബെഞ്ചുകളിലേക്ക് കേസ് വിട്ടു നല്‍കാതെ കീഴ് വഴക്കങ്ങള്‍ ലംഘിച്ച് മറ്റു ബെഞ്ചുകളിലേക്ക് പരിഗണനയ്ക്കു വിടുന്നതും ഇതിലെ ദുരുഹതകളുമാണ് നാലു ജഡ്ജിമാരെ പ്രകോപിപിച്ചത്. കോളിജിയം സംവിധാനത്തിലൂടെ കഴിഞ്ഞ ദിവസം നടത്തിയ ജഡ്ജി നിയമനങ്ങളും ഇതിനു കാരണമായി.


എന്നാല്‍, ജഡ്ജിമാരുടെ മാതൃകാ പെരുമാറ്റ ചട്ട പ്രകാരം മാധ്യമങ്ങള്‍ക്ക് അഭിമുഖമോ, വാര്‍ത്താ സമ്മേളനമോ നല്‍കരുതെന്ന് അടിവരയിട്ട് പറയുന്നുണ്ട്. ചീഫ് ജസ്റ്റീസിനെതിരെ ആക്ഷേപം ഉണ്ടെങ്കില്‍ രാഷ്ട്രപതിയെ സമീപിക്കാമാനുള്ള അവസരം തുറന്നു കിടക്കുമ്പോഴാണ് നാലു ജഡ്ജിമാര്‍ പരസ്യമായ വിഴുപ്പലക്കിന് എത്തിയതെന്ന് നിയമവൃത്തങ്ങളെ ഞെട്ടിക്കുന്നതായിരുന്നു.


സുപ്രീം കോടതിയിലെ വിഷയങ്ങളില്‍ മറ്റാര്‍ക്കും ഇടപെടാന്‍ അധികാരമോ അവകാശമോ ഇല്ലെന്ന് പ്രഖ്യാപിച്ച് സുപ്രീം കോടതി തന്നെ പുറത്തിറക്കിയ ഭരണഘടനാ ബെഞ്ച് ഉത്തരവ് നിലനില്‍ക്കുന്നതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ പോലും വിഷയത്തില്‍ ഇടപെടാതെ മാറിനില്‍ക്കുകയാണ്. ജഡ്ജിമാരെ നിയമിക്കാന്‍ പാര്‍ലമെന്റ് ഭരണ ഘടനാ ഭേദഗതിയോടെ നിയോഗിച്ച ദേശീയ ജഡ്ജിംഗ് നിയമന സമിതിയെ പിരിച്ചു വിട്ടാണ് സുപ്രീം കോടതി 2015 ല്‍ വിധിപറഞ്ഞത്. വര്‍ഷങ്ങളായി തുടരുന്ന കോളിജയം എന്ന സംവിധാനമാണ് സുപ്രീം കോടതിയിലെ ജഡ്ജിമാരേയും ഹൈക്കോടതിയിലേ ജഡിജിമാരേയും നിയമിക്കുന്നത്. ഇതില്‍ ചീഫ് ജസ്റ്റീസും മുതിര്‍ന്ന നാലു ജഡ്ജിമാരുമാണുള്ളത്.


എന്നാല്‍, ഇവര്‍ക്കിടയില്‍ തന്ന പടലപ്പിണക്കം ഉണ്ടായിരുന്നു. ഇപ്പോള്‍ വാര്‍ത്താ സമ്മേളനത്തിന് മുന്നിട്ടിറങ്ങിയ ജസ്റ്റീസ് ചലമേശ്വര്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി കോളീജിയം ബഹിഷ്‌കരിച്ചയാളാണ്. കോളീജിയത്തിലെ മറ്റുള്ളവര്‍ ഇഷ്ട്പ്രകാരം ജഡ്ജിമാരെ നിയമിക്കുന്നുവെന്നായിരുന്നു ആരോപണം, തന്നെ മാറ്റി നിര്‍ത്തി കേരള ഹൈക്കോടതി ജഡ്ജി നായിഡുവിന്റെ സ്ഥലമാറ്റം നടത്തിയതും ചലമേശ്വറിനെ ചൊടിപ്പിച്ചിരുന്നു.


ചലമേശ്വറിന്റെ മകനും ഹൈദരബാദിലെ അഭിഭാഷകനുമായ വ്യക്തിയുടെ സഹപ്രവര്‍ത്തകനായിരുന്നു മേല്‍പ്പറഞ്ഞ ജഡ്ജി എന്നതായിരുന്നു കാരണം. മുമ്പും ജസ്റ്റീസ് ചലമേശ്വര്‍ വിമതനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ചീഫ് ജസ്റ്റീസുമാരായിരുന്ന ടി എസ് ഠാക്കൂര്‍, ജെഎസ് ഖെഹര്‍ എന്നിവരുടെ സമയത്തും ചലമേശ്വര്‍ വിയോജനക്കുറിപ്പു എഴുതുകയും ബെഞ്ചുകളില്‍ നിന്ന് മാറി നില്‍ക്കുകയും ചെയ്തിട്ടുണ്ട്.


എന്നാല്‍, ഇതാദ്യമായാണ് ചലമേശ്വര്‍ വാര്‍ത്ത സമ്മേളനം വിളിച്ച് പരസ്യമായി രംഗത്ത് വരുന്നത്. ഇക്കുറി കോളിജയത്തിലെ മറ്റ് അംഗങ്ങളായ നാലു പേരും ഒപ്പം ചേര്‍ന്നു.


1973 ല്‍ അടിയന്തരാവസ്ഥയുടെ തുടക്കത്തിലാണ് മൂന്നു ജഡ്ജിമാര്‍ സമാനമായ നീക്കം നടത്തിയത്. അന്ന് ഇവര്‍ പ്രതിഷേധിച്ച് രാജിവെയ്ക്കുകയായിരുന്നു. സീനിയോറിറ്റി മറികടന്ന് ജൂനിയറായ ജസ്റ്റീസ് എഎന്‍ റേയെ ചീഫ് ജസ്റ്റീസായി നിയമിച്ച പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നടപടിയാണ് അന്ന പ്രതിഷേധത്തിന് കാരണം.


സര്‍ക്കാരിനെതിരെ വിധി എഴുതിയ ജസ്റ്റീസ് ഹെഗ്‌ഡേ, ജസ്റ്റീസ് എ എന്‍ ഗ്രോവര്‍, ജസ്റ്റീസ് ജെ എം ഷെലാത് എന്നിവരെ മറികടന്ന് ജൂനിയറായ ജഡ്ജിയെ ചീഫ് ജസ്റ്റീസായി ഇന്ദിരാഗാന്ധി നിയമിച്ചു. ഭരണഘടനാ വിഷയങ്ങളില്‍ സുപ്രീം കോടതിക്കാണ് അപ്രമാദിത്യം എന്ന വിധിച്ചതാണ് ഇന്ദിരാഗാ്ന്ധിയെ ചൊടിപ്പിച്ചത്.


കേശവാനന്ദ ഭാരതി കേസില്‍ സര്‍ക്കാരിന് അനുകൂലമായി വിയോജക്കുറിപ്പോടെ വിധിയെഴുതിയ ജസ്റ്റീസ് എ എന്‍ റേയെ ചീഫ് ജസ്റ്റീസാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി,. ഇതിനെ തുടര്‍ന്ന് മറ്റു മുന്നു പേരും പ്രതിഷേധിച്ച് രാജിവെയ്ക്കുകയായിരുന്നു. പിന്നീട് 1977 ല്‍ ജസ്റ്റീസ് റെ. വിരമിച്ചപ്പോള്‍ മറ്റൊരു ജൂനിയര്‍ ജഡ്ജ് എംഎച്ച് ബെയ്ഗിനെ നിയമിച്ചു. മുതിര്‍ന്ന ജഡ്ജി ജസ്റ്റീസ് എച്ച് ആര്‍ ഖന്നയെ മറികടന്നാണ് ഇത് ചെയ്തത്. ഇതേതുടര്‍ന്ന് ഖന്ന രാജിവെച്ചു പുറത്തു പോയി. അടിയന്തരാവസ്ഥ കാലത്ത് വാറണ്ടില്ലാതെ ആരേയും അറസ്റ്റു ചെയ്യാനും വിചാരണ കൂടാതെ ആരെയും തടവില്‍ വെയ്ക്കാനുമുള്ള നിയമം ശരിവെച്ചാണ് എ എന്‍ റേ ഇന്ദിരയോട് വിധേയത്വം കാണിച്ചത്. ഈ വിധിയില്‍ വിയോജനക്കുറിപ്പ് എഴുതിയ ഏക ജഡ്ജിയായിരുന്ന ജസ്റ്റീസ് ഖന്നയെ ചീഫ് ജസ്റ്റീസാകാതെ ശിക്ഷിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് രാജി.

Tags : SC 
Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ