General News

മേഘാലയ കോണ്‍ഗ്രസില്‍ കലാപം, എംഎല്‍എമാര്‍ ബിജെപി പാളയത്തിലേക്ക്

Sat, Dec 30, 2017

Arabianewspaper 854
മേഘാലയ കോണ്‍ഗ്രസില്‍ കലാപം, എംഎല്‍എമാര്‍ ബിജെപി പാളയത്തിലേക്ക്

നിയമസഭാ പോരാട്ടത്തിന് കച്ച മുറുക്കിയ മേഘാലയയില്‍ കോണ്‍ഗ്രസില്‍ നിന്നും കൂട്ടരാജി. പതിനഞ്ചു വര്‍ഷമായി ഭരണം തുടരുന്ന കോണ്‍ഗ്രസിന് കാര്യങ്ങള്‍ എളുപ്പമല്ലെന്ന് സൂചന നല്‍കിയാണ് അഞ്ച് വിമത എംഎന്‍എമാരുമായി ഒരു സംഘം നേതാക്കള്‍ പാര്‍ട്ടി വിട്ടത്.


ഇതോടെ സംസ്ഥാനത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ന്യൂനപക്ഷമായി. മന്ത്രിസഭയില്‍ നിന്നും കഴിവില്ലെന്ന് പറഞ്ഞ് പുറത്താക്കിയവരാണ് ഇപ്പോള്‍ മറുകണ്ടം ചാടിയിരിക്കുന്നത്. മറ്റ് മൂന്നു എംഎല്‍എമാര്‍കൂടി ബിജെപി പാളയത്തില്‍ എത്തിയിട്ടുണ്ട്.


ബിജെപി നേതൃത്വം നല്‍കുന്ന വടക്കു കിഴക്കന്‍ എന്‍ഡിഎയിലെ അംഗമായ നാഷണല്‍ പിപ്പീള്‍സ് പാര്‍ട്ടിയിലാണ് ഇവര്‍ ചേര്‍ന്നത്. മുന്‍ ലോക്‌സഭാ സ്പീക്കര്‍ പി എ സംഗ്മ രൂപീകരിച്ച പാര്‍ട്ടിയാണ് എന്‍പിപി.


വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പിടിമുറുക്കുന്ന ബിജെപിയുടെ പാളയത്തിലേക്കാണ് ഇവര്‍ പോയതെന്ന് വിഷയത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. അരുണാചലിലെ പോലെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് ചായുമെന്ന ആശങ്കയുമുണ്ട്.


ഉപമുഖ്യമന്ത്രിയായിരുന്ന റോവല്‍ ലിങ്‌ദോയുടെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെച്ച് എന്‍പിപിയില്‍ ചേര്‍ന്നത്. കോണ്‍ഗ്രസിന്റെ അവഗണനമൂലമാണ് പാര്‍ട്ടി വിടുന്നതെന്ന് ലിങ് ദോ പറഞ്ഞു, മുഖ്യമന്ത്രി മുകുള്‍ സാംഗ്മയുടെ ഏകാധിപത്യ ഭരണമാണ് പാര്‍ട്ടിയിലും സംസ്ഥാനത്തുമെന്നും ഇവര്‍ ആരോപിക്കുന്നു.


മറ്റു ചില പാര്‍ട്ടികളില്‍ നിന്നും എംഎല്‍എമാര്‍ എന്‍ഡിഎ പാളയത്തേക്ക് എത്തിയിട്ടുണ്ട്. യുണൈറ്റഡ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഒരംഗവും ഒരു സ്വതന്ത്ര എംഎല്‍എയും ബിജെപി പാളയത്തില്‍ എത്തി. ഇതോടെ എട്ട് എംഎല്‍എമാര്‍ ബിജെപി മുന്നണിയിലായി. സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്.


കൂടുതല്‍ എംഎല്‍എമാര്‍ മറുകണ്ടം ചാടുമെന്ന ആശങ്കയിലാണ് കോണ്‍ഗ്രസ് നേതൃത്വം. ഗുജറാത്തും, മദ്ധ്യപ്രദേശും, രാജസ്ഥാനിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന കോണ്‍ഗ്രസ് ദേശീയ നേതൃത്വം വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ കാര്യമായി ശ്രദ്ധ ചെലുത്തുന്നില്ല. കോണ്‍ഗ്രസ് ഭരണം അവശേഷിക്കുന്ന ഏതാനും സംസ്ഥാനങ്ങഇിലൊന്നാണ് മേഘാലയ.


60 അംഗ നിയമസഭയില്‍ 30 അംഗങ്ങളാണ് ഭരണ കക്ഷിയായ കോണ്‍ഗ്രസിനുള്ളത്. കഴിഞ്ഞ വര്‍ഷം ഒരംഗത്തിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു,. ഇപ്പോള്‍ അഞ്ച് എംഎല്‍എമാര്‍ കൂടി പുറത്തു പോയതോടെ കോണ്‍ഗ്രസ് അംഗബലം 24 ആയി കുറഞ്ഞു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ