India News

ഗ്രാന്‍ഡ് ഓള്‍ഡ് പാര്‍ട്ടിക്ക് ഇനി യുവനേതൃത്വം

Sat, Dec 16, 2017

Arabianewspaper 1867
ഗ്രാന്‍ഡ് ഓള്‍ഡ് പാര്‍ട്ടിക്ക് ഇനി യുവനേതൃത്വം

മൂത്തശ്ശിപ്പാര്‍ട്ടിയെന് ആദരിച്ചും പരിഹസിച്ചും വിളിക്കുന്നുവെങ്കിലും കോണ്‍ഗ്രസ് എന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് ഇന്ത്യയുടെ ചരിത്രത്തില്‍ മറ്റൊരു കക്ഷിക്കും ഇല്ലാത്ത പ്രാധാന്യവും മഹത്വവും ഉണ്ട്.


രാജ്യത്തിന്റെ സമ്പന്നമായ രാഷ്ട്രീയ നവോത്ഥാന നായകരായ ഭുരിഭാഗം പേരും പയറ്റി തെളിഞ്ഞ അങ്കത്തട്ടും പഠിച്ച സര്‍വ്വകലാശാലയുമാണ് നൂറ്റാണ്ട് പിന്നിട്ട കോണ്‍ഗ്രസ്.


വിദേശിയായ അലന്‍ ഒക്ടാവിയന്‍ ഹ്യും മുതല്‍ പുതിയ തലമുറയുടെ പ്രതിനിധിയായ രാഹുല്‍ വരെ എത്തിനില്‍ക്കുന്നു ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ചരിത്രം.


എന്നും മുന്‍ നിര പാര്‍ട്ടിയായി ദേശീയ രാഷ്ട്രീയത്തില്‍ നില നിന്നിരുന്ന കോണ്‍ഗ്രസ് ഇന്ന് കാലക്രമത്തില്‍ വന്ന അപചയത്തിന്റെ ദശാസന്ധികളിലൂടെയുള്ള പ്രയാണത്തിലാണ്.


ഭരണം നഷ്ടപ്പെട്ട, പ്രതാപം നശിച്ച, അവസരത്തിലാണ് നെഹ്‌റു കുടുംബത്തിലെ ഇളം തലമുറയുടെ പ്രതിനിധി പാര്‍ട്ടിയുടെ അമരത്ത് എത്തുന്നത്. നെഹ്‌റു, ഇന്ദിര, രാജീവ്, സോണിയ, എന്നിവരുടെ കൈകളിലൂടെ പാര്‍ട്ടി ഇപ്പോള്‍ എത്തിനില്‍ക്കുന്നത് ചരിത്രത്തിലെ ഏറ്റവും തകര്‍ന്നടിഞ്ഞ അവസ്ഥകളിലൊന്നിലാണ്.


അടിയന്തരാവസ്ഥയ്ക്കു ശേഷം രാജ്യം മുഴുവന്‍ കോണ്‍ഗ്രസിനെ എതിര്‍ത്ത് വോട്ടു ചെയ്ത് ജനതാപാര്‍ട്ടിയെ അധികാരത്തിലേറ്റിയതിനു തുല്യമായ സാഹചര്യം. രണ്ടര വര്‍ഷമായിരുന്നു ജനതാ പാര്‍ട്ടിക്ക് ഭരിക്കാന്‍ കഴിഞ്ഞത്. ഇതിനുള്ളില്‍ ആന്തരിക കലാപത്തിന്റെ പലമായി അധികാരം വിട്ടൊഴിഞ്ഞു അവര്‍.


പിന്നീട് പൂര്‍വാധികം ശക്തിയോടെ കോണ്‍ഗ്രസ് ഇന്ദിരയുടെ തോളിലേറി അധികാരത്തിലേറി. 1984 ല്‍ ഇന്ദിര ഖാലിസ്ഥാനികളുടെ വെടിയേറ്റും വീഴും വരെ ഇത് തുടര്‍ന്നു. പിന്നാലെ മകന്‍ രാജിവ് അപ്രതീക്ഷിതമായി അധികാരത്തിലേറി. ബോഫോഴ്‌സ് എന്ന അഴിമതിയുടെ കറപുരണ്ടതോടെ അധികാരത്തില്‍ നിന്നും പുറത്ത്. തുടര്‍ന്ന് ജനത പാര്‍ട്ടിയുടെ വകഭേദങ്ങള്‍ വീണ്ടും അധികാരത്തില്‍


അധികാരത്തിനു പുറത്തു നിന്ന കോണ്‍ഗ്രസ് രാജീവിലൂടെ വീണ്ടും എത്താന്‍ ശ്രമിക്കുന്നതിനിടെ തമിഴ് തീവ്രവാദികളുടെ സ്‌ഫോടനത്തില്‍ രാജീവിന്റെ മരണം. തുടര്‍ന്ന് കോണ്‍ഗ്രസ് പിവി നരസിംഹ റാവുവിന്റെ നേതൃത്വത്തില്‍ അധികാരത്തിലെത്തുന്നു. ഈ സമയം കോണ്‍ഗ്രസ് അദ്ധ്യക്ഷനായിരുന്ന സീതാറാം കേസിരെ മാറ്റി രാജീവ് ഗാന്ധിയുടെ ഭാര്യ സോണിയയുടെ രംഗപ്രവേശം.


ഹിന്ദുത്വവും അയോധ്യയും ഉയര്‍ത്തിപിടിച്ച് ബിജെപിയുടെ രഥയാത്രയില്‍ കാവിതരംഗത്തില്‍ ഇന്ത്യ ബിജെപിയുടെ ഭരണത്തില്‍. പ്രതിപക്ഷത്തെ നയിച്ച സോണിയ അടുത്ത തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് സഖ്യകക്ഷികേെളാടൊത്ത് ഭരിക്കാന്‍ അവസരമൊരുക്കുന്നു. പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നില്ല,. പത്തു വര്‍ഷം യുപിഎയുടെ സാരഥ്യമേറ്റെടുത്ത് സോണിയയുടെ നേതൃപാടവം.


അഴിമതിയുടെ കറപുരണ്ടതേടെ ബോഫോഴ്‌സിനു ശേഷം നിരവധി ആരോപണങ്ങളില്‍ കുടുങ്ങി കോണ്‍ഗ്രസ് അധികാര ഭ്രഷ്ടില്‍. ഗുജറാത്തില്‍ ഒതുങ്ങി നിന്നിരുന്ന നരേന്ദ്ര മോഡിയുടെ ഉദയവും 2014 ലെ തിരഞ്ഞെടുപ്പില്‍ മോഡിയുടെ ഭരണവും. സോണിയയുടെ നേതൃത്വത്തില്‍ പാര്‍ട്ടി കഴിഞ്ഞ 19 വര്‍ഷക്കാലം അധികാരത്തിന്റേയും അധികാരമില്ലായ്മയുടേയും അനുഭവങ്ങളിലൂടെയാണ് മുന്നേറിയത്. 2014 ലെ ഏറ്റവും വലിയ തോല്‍വിയാണ് പാര്‍ട്ടിയെ തളര്‍ത്തിയത്.


അനാരോഗ്യം കാരണം സോണിയ ഒഴിയുമ്പോള്‍ കോണ്‍ഗ്രസിന് ഇതുവരെ ലഭിച്ചിട്ടില്ലാത്ത .യുവ നേതൃ നിരയാണുള്ളത്. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മോഡിക്ക് ബദലായി രാഹുലിനെ ഉയര്‍ത്തിക്കാടുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നത്. യുവാക്കള്‍ അടങ്ങിയ ഇന്ത്യയുടെ വോട്ടര്‍മാര്‍ രാഹുലിനെ പരീക്ഷിക്കാന്‍ തയ്യാറാകുമോ എന്നതാണ് കോണ്‍ഗ്രസ് നേരിടുന്ന ഏറ്റവും വലിയ ചോദ്യം.


പൂര്‍ണസമയവും രാഷ്ട്ീയക്കാരന്‍ ആകാന്‍ രാഹുലിന് ഇതുവരേ കഴിഞ്ഞിട്ടില്ല എന്നാണ് വലിയ വിമര്‍ശനം,. മുന്‍ നിരയിലേക്ക് വന്ന് നായകന്റെ പദവി ഏറ്റെടുക്കാന്‍ രാഹുലിനെ അന്തര്‍മുഖത്വം പിന്നിലോട്ട് വലിക്കുന്നു. ഇടയ്ക്ക് ഇടയ്ക്ക് രാഹുല്‍ വിദേശത്തേക്ക് മുങ്ങുന്നു. ധ്യാനമാണെന്നും അതല്ല പെണ്‍സുഹൃത്തിന്റെ അടുത്താണെന്നും വ്യാപക പ്രചാരണം. എന്നാല്‍, തങ്ങളുടെ നേതാവിന്റ വ്യക്തി ജീവിതത്തിലേക്ക് ആരും എത്തിനോക്കെണ്ടെന്ന് പാര്‍ട്ടിയുടെ അഭിപ്രായം. പക്ഷേ, എതിരാളിയായ മോഡിയുടെ വ്യക്തിജീവിതവും ഭാര്യയും കോണ്‍ഗ്രസ് ചര്‍ച്ചാ വിഷയമാക്കുകയും ചെയ്യുന്നു.


ചുമതലകള്‍ ഏറ്റെടുക്കാന്‍ മടിയുള്ള നേതാവെന്ന് പ്രതിച്ഛായയുള്ള രാഹുല്‍ ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ ആക്രമണോത്സുകനായാണ് പ്രചാരണം അഴിച്ചു വിട്ടത്. പാര്‍ട്ടി പ്രസിഡന്റായാലും രാഹുല്‍ പഴയതു പോലെ മുങ്ങുമോ എന്നു ചോദിക്കുന്നവരുമുണ്ട്.


പുതുവത്സരം വീണ്ടും എത്തുകയാണ്. കഴിഞ്ഞ വര്‍ഷത്തെ പോലെ രാഹുല്‍ വിദേശത്തേക്ക് ഒഴിവു കാലം ആസ്വദിക്കാന്‍ പോയാല്‍ ഈ ആരോപണം ശക്തമായി വീണ്ടും ഉയര്‍ന്നുവരും. ഒരു മാസം കഴിഞ്ഞ്മടങ്ങി വരുമ്പോഴേക്കും ബിജെപി അടുത്ത തിരഞ്ഞെടുപ്പ് നടക്കുന്ന കര്‍ണാടകയിലും മേഘാലയിലും മറ്റും ബഹുദൂരം മുന്നിലെത്തി കഴിഞ്ഞിരിക്കും... ഇക്കുറി ഏതായാലും രാഹുല്‍ ഇന്ത്യയില്‍ തന്നെ ഉണ്ടാകുമെന്നാണ് അണികള്‍ കരുതുന്നത്.

Tags : Congress 
Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ