General News

ഗുജറാത്തില്‍ ആദ്യ ഘട്ട പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

Thu, Dec 07, 2017

Arabianewspaper 618
ഗുജറാത്തില്‍ ആദ്യ ഘട്ട പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും
ഗുജറാത്ത് നിയമ സഭാ തിരഞ്ഞെടുപ്പിലെ ആദ്യ ഘട്ടത്തിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. ബിജെപിക്ക് വിജയം പ്രഖ്യാപിച്ചാണ് അഭിപ്രായ സര്‍വ്വേകളിലെങ്കിലും ഈസി വാക്കോവര്‍ ലഭിക്കില്ലെന്നാണ് വിലയിരുത്തലുകള്‍. ഡിസംബര്‍ ഒമ്പതിനും 14 നുമാണ് വോട്ടെടുപ്പ്.

ഏറ്റവും ഒടുവില്‍ എത്തിയ ടൈംസ് നൗ -വിഎംആര്‍ സര്‍വ്വെയില്‍ ബിജെപി 111 സീറ്റുകള്‍ നേടുമെന്നാണ് പ്രവചനം. കോണ്‍ഗ്രസ് 68 സീറ്റു നേടുമെന്നും സര്‍വ്വെ പറയുന്നു. ഇന്ത്യാടുഡെ നടത്തിയ സര്‍വ്വേയില്‍ ബിജെപിക്ക് 106-116 സീറ്റുകള്‍ പ്രവചി്ക്കുന്നു. കോണ്‍ഗ്രസിന് 63-73 സീറ്റുകള്‍ ലഭിക്കുമെന്നും പ്രവചിക്കുന്നു. അതേസമയം, എബിപി -സിഎസ്ഡിഎസ് സര്‍വ്വേയില്‍ ബിജെപിക്ക് 91-99 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുള്ളുവെന്നു വിലയിരുത്തുന്നു. 182 അംഗ സഭയില്‍ 91 സീറ്റുകള്‍ നേടിയാലെ ഭരണത്തിലേറാന്‍ കഴിയു. 2012 നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 115 ഉം കോണ്‍ഗ്രസിന് 61 ഉം സീറ്റുകളാണ് ലഭിച്ചിരുന്നത്.

മികച്ചൊരു നേതാവിനെ ഉയര്‍ത്തിക്കാണിക്കാനില്ലാത്ത സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം രാഹുല്‍ ഗാന്ധിയുടെ വരവോടെയാണ് ഊര്‍ജ്ജസ്വലരായത്. ഗുജറാത്തി ജനത ബിജെപിയുടെ 22 വര്‍ഷത്തെ ഭരണത്തിനെതിരെ ശബ്ദിച്ചു തുടങ്ങിയ നിമിഷമാണെങ്കിലും ഈ അവസരം മുതലെടുക്കാന്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല,. ദേശീയ നേതാവായ അഹമദ് പട്ടേലിനെ ഉയര്‍ത്തിക്കാണിക്കാന്‍ പരസ്യമായി കോണ്‍ഗ്രസ് ശ്രമിച്ചിട്ടില്ലെങ്കിലും വിജയിക്കാനായാല്‍ അഹമദ് പട്ടേല്‍ മുഖ്യമന്ത്രിയാകുമെന്നാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം പറയുന്നത്.

മൂന്നു മാസങ്ങള്‍ക്ക് മുമ്പു വരെ കോണ്‍ഗ്രസിന് ഗുജറാത്ത് ബാലികേറാമലയായിയുരുന്നുവെങ്കിലും ജിഎസ്ടി പോലുള്ള നികുതി പരിഷ്‌കാരങ്ങളില്‍ കച്ചവടഭൂരിപക്ഷക്കാര്‍ കഷ്ടപ്പാടും ദുരിതവും അനുഭവിച്ചു, ഈ സാഹചര്യത്തില്‍ ബിജെപി വിരുദ്ധത മുതലെടുക്കാന്‍ കോണ്‍ഗ്രസിന് ചെറിയതോതില്‍ കഴിഞ്ഞുവെന്ന വിലയിരുത്തല്‍ നിരീക്ഷകര്‍ നടത്തുന്നു.

സാമുദായിക ഭിന്നിപ്പുണ്ടാക്കി ഹിന്ദു വോട്ടുകളെ അടര്‍ത്തുക എന്ന നയമാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്. ബിജെപിയുടെ വോട്ടു ബാങ്കായ പട്ടേലുകളേയും ഒബിസി, ഠാക്കൂര്‍, ദലിത് വിഭാഗങ്ങളേയും കോണ്‍ഗ്രസിലേക്ക് അടുപ്പിക്കാന്‍ നടത്തിയ ശ്രമം എത്ര കണ്ട് വിജയിച്ചുവെന്നത് തിരഞ്ഞെടുപ്പ് ഫലം പുറത്തു വരുമ്പോഴെ അറിയു.

ഗുജറാത്തിയായ പ്രധാനമന്ത്രിയും ബിജെപി ദേശീയ അദ്ധ്യക്ഷനും കേന്ദ്രത്തിലുള്ളപ്പോള്‍ തങ്ങള്‍ക്ക് ഗുണം ഉണ്ടാകുമെന്ന കച്ചവട മനസ് വര്‍ക്ക് ഔട്ടായാല്‍ ബിജെപി കരുതും പോലെ 130 സീറ്റുകള്‍ക്ക് മേല്‍ അവര്‍ക്ക് ലഭിക്കും. രാഷ്ട്രീയമായി ചിന്തിച്ച് വോട്ടു ചെയ്യുന്നവരല്ല ഗുജറാത്തികള്‍,. അവരിലേറെയും കച്ചവടക്കരാണ്. വിദ്യാഭ്യാസത്തേക്കാള്‍ പണം ഉണ്ടാക്കുന്ന വ്യാപാരത്തിലേക്കാണ് സാധാരണ ഗുജറാത്തികള്‍ എത്തിപ്പെടുക.

ഗുജറാത്തിലെ സര്‍ക്കാര്‍ ഉദ്യാഗസ്ഥന്‍മാരില്‍ നല്ലൊരു വിഭാഗം അന്യ നാട്ടുകാരാണ്. മലയാളികളും ഇതില്‍ പെടും. സര്‍ക്കാര്‍ ഉദ്യോഗവും സംവരണവും ഒന്നും പട്ടേല്‍ വിഭാഗത്തിലുള്ളവര്‍ക്ക് പറഞ്ഞിട്ടില്ല. എന്നാല്‍, അടുത്തിടെ ഇതിന് മാറ്റംവന്നതായാണ് പട്ടേല്‍ സമരം കാണിക്കുന്നത്.

ഗുജറാത്തില്‍ ബിജെപിയുടെ സീറ്റുകുറയ്ക്കുക എന്ന ലക്ഷ്യമായിരുന്നു കോണ്‍ഗ്രസിന് തുടക്കത്തിലുണ്ടായിരുന്നത്. എന്നാല്‍, ഇപ്പോള്‍ ഇത് ഭരണത്തിലേറുക എന്ന നിലയിലേക്ക് മാറിയി്ട്ടുണ്ട്. കോണ്‍ഗ്രസിന് കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ സീറ്റു ലഭിക്കുമെന്ന് കരുതുന്നവരാണ് ഏറെയും. ബിജെപിക്ക് സീറ്റുകള്‍ കുറഞ്ഞാലും ഭരണത്തുടര്‍ച്ച ലഭിക്കുമെന്നും ഇവര്‍ പറയുന്നു.

ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി തീര്‍ത്തും പരാജിതനായ ഭരണ കര്‍ത്താവാണ്. മോഡിയെ പോലുള്ള ഒരു നേതാവിനു പകരമായി ബിജെപി അവതരിപ്പിച്ച ആനന്ദി ബെന്‍ പട്ടേലും വിജയ് രൂപാണിയും ഭരണ നിര്‍വഹണത്തില്‍ ശരാശരിയിലും താഴെയാണ് നിലവാരം കാണിച്ചത്.

ശക്തനായ ഒരു നേതാവിനെ വളര്‍ത്തിക്കൊണ്ടുവരാന്‍ അമിത് ഷാ -മോഡി സഖ്യം അനുവദിക്കില്ലെന്നും ഇവരുടെ താളത്തിന് തുള്ളുന്ന ഒരു പാവയെ മാത്രമേ ഭരണസാരഥ്യം ഏല്‍പ്പിക്കു എന്നും പാര്‍ട്ടിയിലെ തന്നെ ചില വിമത ശബ്ദങ്ങള്‍ പറയുന്നു, ഇത് ബിജെപിക്ക് തിരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടിയാകുമെന്നും ഇവര്‍ പറയുന്നു.
Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ