General News

തോമസ് ചാണ്ടിയുടെ രാജി ; തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടു

Sun, Nov 12, 2017

Arabianewspaper 3039
തോമസ് ചാണ്ടിയുടെ രാജി ; തീരുമാനം  മുഖ്യമന്ത്രിക്ക് വിട്ടു

ഭൂമികയ്യേറിയ കേസില്‍ ആരോപണം നേരിടുന്ന ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തില്‍ എല്‍എഡിഎഫില്‍ സമവായം. രാജിക്കാര്യത്തില്‍ ഉചിതമായ സമയത്ത് തീരുമാനമെടുക്കാന്‍ എല്‍ഡിഎഫ് യോഗം മുഖ്യമന്ത്രി പിണറായി വിജയനെ ചുമതലപ്പെടുത്തുകയായിരുന്നു.


രാജി ആവശ്യത്തില്‍ സിപിഎം, സിപിഐ എന്നിവര്‍ ഉറച്ചു നിന്നെങ്കിലും എന്‍സിപിയുടെ കടുംപിടുത്തത്തെ തുടര്‍ന്ന് മുഖ്യമന്ത്രി അയഞ്ഞ നിലപാട് സ്വീകരിക്കുകയായിരുന്നു. കളക്ടറുടെ റിപ്പോര്‍ട്ടിനെതിരെ താന്‍ ഹൈക്കടോതിയില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും കോടതിയുടെ പരിഹണനയില്‍ വിഷയം ഇരിക്കുമ്പോള്‍ എടുത്തു ചാടി തീരുമാനം എടുക്കില്ലെന്നും യോഗത്തില്‍ ഹാജരായ തോമസ് ചാണ്ടി നിലപാട് സ്വീകരിച്ചു. ഇത് മുഖ്യമന്ത്രി പിണറായി വിജയന്‍ അംഗീകരിച്ചു.


നേരത്തെ, രാജിവെയ്ക്കുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് പരിഹാസം കലര്‍ന്ന മറുപടിയാണ് ലഭിച്ചത്. രണ്ടു വര്‍ഷം കഴിഞ്ഞ് ചിലപ്പോള്‍ ഒരു രാജിയുണ്ടാകുമെന്നായിരുന്നു തോമസ് ചാണ്ടിയുടെ മറുപടി.


അശ്ലീലഫോണ്‍സംഭാഷണ വിഷയത്തില്‍ രാജിവെച്ച എ കെ ശശീന്ദ്രനെതിരയാ പരാതി പിന്‍വലിക്കാന്‍ മാധ്യമ പ്രവര്‍ത്തക ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. നാളെ ഈ കേസില്‍ ഹൈക്കോടതി തീരുമാനം എടുക്കും. ശശീന്ദ്രന്‍ കുറ്റവിമുക്തനായാല്‍ തോമസ് ചാണ്ടിയെ കൊണ്ട് രാജിവെപ്പിക്കാനും പകരം ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കാനുമാണ് എന്‍സിപിയുടെ തീരുമാനം.


എന്നാല്‍, ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കുന്നതിനോട് സിപിഎമ്മിന് യോജിപ്പില്ല. കുറ്റവിമുക്തനാകാതെ പരാതി പിന്‍വലിപ്പിച്ച് കേസില്‍ നിന്ന് ഒഴിവാകുന്നത് സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്നും,. നാളെ നടിയെ ആക്രമിച്ച കേസിലും മറ്റും സമാനമായ സാഹചര്യത്തിന് ഇത് വഴിവെയ്ക്കുമെന്നും നടിയെ സ്വാധീനിച്ച് ദിലീപ് പരാതി പിന്‍വലിപ്പിച്ചാല്‍ ജനവികാരം എതിരാകുമെന്നും ഇത് സരിതയുടെ കാര്യത്തിലും കോണ്‍ഗ്രസ് മുതലെടുത്ത് സമാനമായ നീക്കം നടത്താനും സാധ്യതയുണ്ടെന്നും സര്‍ക്കാര്‍ ആശങ്കപ്പെടുന്നു.


ദേശീയ പാര്‍ട്ടിയായ എന്‍സിപിയുടെ ഇന്ത്യയിലെ ഏക മന്ത്രിയാണ് തോമസ് ചാണ്ടി. ശശീന്ദ്രനും തോമസ് ചാണ്ടിയും മാത്രമാണ് കേരളത്തില്‍ എന്‍സിപിയുടെ എംഎല്‍എമാര്‍. രണ്ടു പേരും വിവാദങ്ങളെ തുടര്‍ന്ന് രാജിവെയ്‌ക്കേണ്ടി വരുന്നത് എന്‍സിപിക്ക് ക്ഷീണമായി മാറുമെന്നും ദേശീയ നേതൃത്വം കണക്കു കൂട്ടുന്നു.


ഇതിനിടെ, സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സിപിഐ സെക്രട്ടറി കാനം രാജേന്ദ്രനും മുഖ്യമന്ത്രി പിണറായി വിജയനുമായി അടിയന്തര കൂടിക്കാഴ്ച നടത്തി. തോമസ് ചാണ്ടി വിഷയത്തില്‍ തങ്ങള്‍ വിട്ടു വീഴ്ച ചെയ്യില്ലെന്ന് സിപിഐ ആവര്‍ത്തിച്ചു. തോമസ് ചാണ്ടിയെ സംരംക്ഷിക്കേണ്ടതില്ലെന്ന വാദമാണ് സിപിഎമ്മിനും.


എന്നാല്‍, തോമസ് ചാണ്ടിക്കു പകരം ശശീന്ദ്രന്‍ എന്ന ഫോര്‍മുല സിപിഎം തള്ളുമെന്നാണ് സൂചന. ബന്ധു നിയമന വിവാദത്തില്‍ പെട്ട് രാജിവെയ്ക്കുകയും ഇപ്പോള്‍ കുറ്റമുക്തനാകുകയും ചെയ്ത ഇ പി ജയരാജനെ വീണ്ടും മന്ത്രിസഭയില്‍ കൊണ്ടുവരാനുള്ള നീക്കം സിപിഎം നടത്തുന്നുണ്ട്. ഇതിനായി ഘടക കക്ഷിയുടെ മന്ത്രിസ്ഥാനത്തിനുള്ള അവകാശവാദം പൂര്‍ണമായും ഇല്ലാതാക്കണം. ഇതിനുള്ള ശ്രമവും സിപിഎം നടത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ