General News

പ്രതിരോധവും പ്രത്യാക്രമണവുമായി നോട്ടു നിരോധന വാര്‍ഷികം

Wed, Nov 08, 2017

Arabianewspaper 2585
പ്രതിരോധവും പ്രത്യാക്രമണവുമായി നോട്ടു നിരോധന വാര്‍ഷികം

2016 നവംബര് എട്ട് രാത്രിയില്‍ പ്രധന മന്ത്രി നരേന്ദ്ര മോഡി രാജ്യത്തോട് നടത്തിയ അടിയന്തര സന്ദേശത്തില്‍ 500,. 1000 രൂപയുടെ നോട്ടുകള്‍ അര്‍ദ്ധ രാത്രിമുതല്‍ വിപണിയില്‍ നിന്നും പിന്‍വലിക്കുകയാണെന്ന് പ്രഖ്യാപിച്ചു. രാജ്യം ഒരു ഞെട്ടലോടെ ശ്രമവിച്ച സംഭവം.


ഏതാനും ദിവസങ്ങളില്‍ രാജ്യം കടന്നു പോയത് വന്‍ പരീക്ഷണ കാലഘട്ടം. ജനങ്ങള്‍ നോട്ടു മാറിക്കിട്ടാന്‍ ബാങ്കുകളുടെ മുന്നില്‍ മണിക്കൂറുകളോളം ക്യു നിന്നു. പലരും കുഴഞ്ഞു വീണു. ചിലര്‍ മരിച്ചു. പ്രതിഷേധം ഉയര്‍ന്നു, എന്നാല്‍, ജനങ്ങള്‍ സര്‍ക്കാരിന്റെ ഉദ്ദേശ ശുദ്ധിയില്‍ സംശയിക്കാതെ സഹനത്തോടെ ഇതിനെ നേരിട്ടു.


കലാപമുണ്ടാകാനുള്ള സാധ്യത പോലും ഉണ്ടായിരുന്നു. എന്നാല്‍, രാജ്യത്തെ ജനങ്ങളുടെ ക്ഷമയും സഹന ശക്തിയും പ്രധാന മന്ത്രിക്ക് ഇത് വലിയ അലോസരമില്ലാതെ നടപ്പിലാക്കാനുള്ള അവസരമൊരുക്കി കൊടുത്തു.


നവംബര്‍ എട്ട് വാര്‍ഷികം കള്ളപ്പണ വിരുദ്ധ ദിനമായും മറ്റും സര്‍ക്കാര്‍ ആഘോഷിക്കുമ്പോള്‍ പ്രതിപക്ഷം കരിദിനമായും വഞ്ചനാ ദിനമായും വിഡ്ഡിദിനമായും ആചരിക്കുന്നു.


കള്ളപ്പണത്തിനെതിരെയാണ് തന്റെ സര്‍ക്കാരിന്റെ യുദ്ധമെന്നും സര്‍ജിക്കല്‍ സ്‌ട്രൈക്കാണെന്നും മോഡി പ്രഖ്യാപിച്ചു. എന്നാല്‍, സാധാരണക്കാരന്‍ നേരിടേണ്ടി വന്ന പ്രശ്‌നങ്ങളേയും ദുരിതങ്ങളേയും പ്രതിപക്ഷം തുറന്നു കാണിക്കുന്നു. ചെറുകിട വ്യാപാരികളും ചെറിയ സംരംഭകരും കര്‍ഷകരും നോട്ടു നിരോധനത്തെ തുടര്‍്ന്ന് ദുരിതത്തിലായിരുന്നു.


കള്ളപ്പണത്തൊടൊപ്പം, കള്ളനോട്ട്, ഹവാല ഇടപാടുകള്‍,. സമാന്തര സമ്പദ് വ്യവസ്ഥ. തീവ്രവാദം, നക്‌സല്‍ പ്രവര്‍ത്തനം എന്നിവയെല്ലാം സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നു.


ഇതിനെല്ലാം ഫലം കണ്ടോ എന്നു ചോദിച്ചാല്‍ സര്‍ക്കാരോ ഇതിനു നേതൃത്വം നല്‍കുന്ന ബിജെപിയോ തൃപ്തികരമായ ഒരു മറുപടി തരുമെന്ന് കരുതുന്നില്ല. കാശ്മീരിലെ ഭീകര പ്രവര്‍ത്തനവം ഝാര്‍ഖണ്ഡിലെ നക്‌സല്‍- മാവോയിസ്റ്റ് പ്രവര്‍ത്തനവും കുറഞ്ഞോ ? കാശ്മീരിലെ കല്ലേറും സംഘട്ടനങ്ങളും കുറഞ്ഞിട്ടുണ്ടെന്നത് സമ്മതിക്കാമെങ്കിലും അതിര്‍ത്തി കടന്നുള്ള ഭീകര പ്രവര്‍ത്തനം നിലച്ചിട്ടില്ലെന്ന്ത് വസ്തുതയാണ്.


റിയല്‍ എസ്റ്റേറ്റ്, ബിനാമി ഇടപാടുകള്‍ കുറഞ്ഞതായി ഏവരും സമ്മതിക്കുന്നുണ്ട്. കള്ളപ്പണം വെളുപ്പിക്കാന്‍ സര്‍ക്കാര്‍ തന്നെ പൊതുമാപ്പു നല്‍കിയതിനാല്‍ ഇതും വിജയിച്ചുകാണും. ആദായ നികുതി അടയ്ക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചതായും കണക്കുകള്‍ വെളിപ്പെടുത്തുന്നു.


അതേസമയം, നോട്ടു നിരോധനം മൂലം സമാന്തര സാമ്പത്തിക ഇടപാടുകള്‍ കുറഞ്ഞതിനാല്‍ ക്രയ വിക്രയങ്ങളും വില്‍പനയും മറ്റും കുറഞ്ഞു,. ഇത് ജിഡിപി വളര്‍ച്ചയെ ബാധിച്ചു. ജിഡിപി വളര്‍ച്ചയില്‍ 1.2 ശതമാനത്തോളം കുറവുണ്ടായി. ഇത് താല്‍ക്കാലികമാണെന്ന് ഐഎംഎഫ്, ലോക ബാങ്ക് തുടങ്ങിയവരുടെ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ വിമര്‍ശനങ്ങളെ പ്രതിരോധിക്കുന്നു.


നോട്ടു നിരോധനം വിപ്ലവകരമായ ഒരു തീരുമാനമാണെന്ന് പലരും സമ്മതിക്കുമെങ്കിലും ഇതിന് വേണ്ടത്ര ഗൃഹപാഠം സര്‍ക്കാര്‍ ചെയ്തില്ലെന്നും നടപ്പിലാക്കേണ്ട രീതി ഇങ്ങിനെയായിരുന്നില്ലെന്നും മുന്‍ കൂട്ടി അറിയിച്ച് ഘട്ടം ഘട്ടമായാണ് ഇത് പിന്‍വലിക്കേണ്ടതെന്നും അഭിപ്രായപ്പെടുന്നുവര്‍ ഉണ്ട്. ധനമന്ത്രിയേയോ റിസര്‍വ് ബാങ്കിനേയോ വിശ്വാസത്തിലെടുക്കാതെ പ്രധാനമന്ത്രി നരേന്ദ്രമ ാേഡി ഒറ്റയ്ക്ക് നടപ്പിലാക്കിയ നടപടിയായാണ് പലരും ഇതിനെ കാണുന്നത്.


നോട്ടു നിരോധനത്തിന്റെ ഗുണം എണ്ണിപ്പറയാന്‍ സര്‍ക്കാരിനോ ബിജെപിക്കോ കഴിഞ്ഞിട്ടില്ല. എ്ന്നാല്‍, നോട്ടു നിരോധനം മൂലം ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങിയ. സംസ്ഥാനങ്ങളില്‍ ബിജെപിക്ക് തിരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്.


രാജ്യത്തെ ഭൂരിഭാഗം വരുന്ന പട്ടിണി പാവങ്ങള്‍ക്ക് 1000 ന്റെ നോട്ട് നിരോധിച്ചതു കൊണ്ട് കാര്യമായ ബുദ്ധിമുട്ട് ഒന്നും ഉണ്ടായികാണില്ല. സമ്പന്നന്റെ ലോക്കറില്‍ ഇരുന്ന അവിഹിത പണം ഇല്ലാതായി എന്ന മനശാസ്ത്രപരമായ സംതൃപ്തി പാവപ്പെട്ടവന് ലഭിച്ചുവെന്നും ഇത് മുതലാക്കാന്‍ മോഡിക്ക് കഴിഞ്ഞുവെന്നും കരുതുന്നവര്‍ ഉണ്ട്. പാവപ്പെട്ടവന് സ്വപ്‌നങ്ങള്‍ വിറ്റ് വോട്ടാക്കി മാറ്റുന്ന മോഡിയുടെ തന്ത്രത്തിന്റെ ഒരു ഭാഗമായാണ് നോട്ടു നിരോധനത്തെ ചില രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്.


14.55 ലക്ഷം കോടി രൂപയുടെ വലിയ നോട്ടുകള്‍ നിരോധിച്ചതിനു ശേഷം ബാങ്കുകളില്‍ 99 ശതമാനം നോട്ടുകളും മടങ്ങിയെത്തി. ഇനിയുമുള്ള ഒരു ശതമാനം എന്നു പറയുന്നത് ഏകദേശം 16,000 കോടി രൂപയാണ്. ഇത് കള്ളപ്പണം വെളുപ്പിക്കാന്‍ അവസരം നല്‍കിയിട്ടും പുറത്തുവരാത്ത പണമായി നിലകൊള്ളുന്നു. സഹകരണ ബാങ്കുകളിലെ പണം ഈ അടുത്ത കാലത്താണ് റിസര്‍വ് ബാങ്കിലെത്തിയത്.


തിരികെ വന്ന നോട്ടുകള്‍ പരിശോധിച്ച് ഇതുവരെ എണ്ണിത്തിട്ടപ്പെടുത്തിയിട്ടില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ജന്‍ധന്‍ അക്കൗണ്ടു പോലുള്ള പാവപ്പെട്ടവന്റെ ബാങ്കു അക്കൗണ്ടുകള്‍ ഉപയോഗിച്ച് നിരവധി പേര്‍ കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.


നോട്ടിനു പകരം ഡിജിറ്റല്‍ എന്ന ആശയം സര്‍ക്കാര്‍ പിന്നീട് പ്രഖ്യാപിച്ചെങ്കിലും ഇത് വലിയതോതില്‍ വിജയം കണ്ടില്ല. ഇന്ത്യയിലെ സാധാരണക്കാരായ ജനങ്ങള്‍ ഇതിന് പ്രാപ്തനായിട്ടില്ലെന്ന തിരിച്ചറിവും സര്‍ക്കാരിന് ഇതോടെ ലഭിച്ചു.


സാമ്പത്തിക പരിഷ്‌കാരങ്ങള്‍ പല നിര്‍ണായ മേഖലകളേയും തകര്‍ത്തിയതായി രാജ്യത്തെ പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു. കയറ്റുമതിയില്‍ വന്ന കുറവും, തൊഴിലില്ലായ്മയും, സ്വകാര്യ മൂലധന നി്‌ക്ഷേപത്തിലെ കുറവും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.


എന്നാല്‍, വിദേശ നാണ്യ കരുതല്‍ ശേഖരം റെക്കോര്‍ഡ് നേട്ടം കൈവരിച്ചതും, വ്യവസായ സൗഹൃദ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 30 റാങ്ക് ഉയര്‍ന്നതും കേന്ദ്ര സര്‍ക്കാരും ബിജെപിയുും ചൂണ്ടിക്കാട്ടുന്നു.


നോട്ടു നിരോധനം ദുരന്തമായിരുന്നുവെന്നാണ് രാജ്യത്തെ പ്രധാന പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസ് അന്നും ഇന്നും ആവര്‍ത്തിക്കുന്നത്. തുടക്കത്തില്‍ അനുകൂലിച്ച പലരും പൊടുന്നനെ ഇതിനെ എതിര്‍ത്തത് സാധാരണക്കാരന് വന്ന ബുദ്ധിമുട്ടുകള്‍ കണ്ടാണ്. വലിയ നോട്ടുകള്‍ നിരോധിച്ചതിനു പിന്നാലെ 2000 രൂപയടെ ഏറ്റവും വലിയ നോട്ട് ഇറക്കിയതിനെ പലരും വിമര്‍ശിച്ചു.


രണ്ടായിരം രൂപയുടെ നോട്ടു കള്ളപ്പണക്കാര്‍ക്ക് എളുപ്പം പണം സൂക്ഷിച്ചു വെയ്ക്കാനുള്ള മാര്‍ഗമായി മാറി. രണ്ടായിരം രൂപയുടെ നോട്ടില്‍ ജിപിഎസ് ചിപ് ഉണ്ടെന്ന പ്രചാരണം സര്‍ക്കാര്‍ തന്നെ തള്ളി.


കള്ളപ്പണം നോട്ടുകളാക്കി കുന്നുകൂട്ടി വെച്ചിരിക്കുകയാല്ലെന്നും സ്വര്‍ണം, റിയല്‍ എസ്റ്റേറ്റ് ,. തുടങ്ങി, വിദേശ നിക്ഷേപങ്ങള്‍ വരെ എത്തിനില്‍ക്കുന്ന ഒന്നാണ് ഇതെന്നും വിമര്‍ശകര്‍ പറയുന്നു.


കള്ളപ്പണത്തിന്റെ കണക്ക് ആര്‍ക്കും അറിയി്‌ല്ലെങ്കിലും ഇതിന്റെ അഞ്ചോ ആറോ ശതമാനം മാത്രമാണ് നോട്ടുകളാക്കി സൂക്ഷിക്കുന്നതെന്നും ഇവര്‍ പറയുന്നു.


റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജനെ പോലുള്ളവര്‍ ഇതിനെ ശക്തിയായി എതിര്‍ത്തിരുന്നു. അദ്ദേഹത്തിന്റെ കാല ശേഷം ഊര്‍ജ്ജിത് പട്ടേല്‍ ഗവര്‍ണായതിനു പിന്നാലെയാണ് മോഡി നോട്ടു നിരോധനം നടപ്പിലാക്കിയത്.


മോഡി എന്ന ഏകാധിപത്യ ഭരണാധികാരിയുടെ തനി നിറമാണ് നോട്ടു നിരോധത്തിലൂടെ പുറത്തു വന്നതെന്നും അമര്‍ത്യാസെന്നിനെ പോലുള്ള സാമ്പത്തിക വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.


നോട്ടു നിരോധനം ബിജെപി ഒഴികെയുള്ള വന്‍കിട രാഷ്ട്രീയ പാര്‍ട്ടികളെ തളര്‍ത്തിയെന്ന നിഗമാനവും ഉണ്ട്. ബിഎസ്പി, എസ്പി, തൃണമൂല്‍ കോണ്‍ഗ്രസ് എന്നിവരാണ് നോട്ടു നിരോധനത്തെ കടുത്ത ഭാഷയില്‍ എതിര്‍ത്തത്. ഇവരുടെ കണക്കില്‍ പെടാത്ത പണം നഷ്ടമായതോടെ രാഷ്ട്രീ.യ പാര്‍ട്ടികളുടെ നിലനില്‍പിനെ പോലും ബാധിച്ചു. ഭരണത്തില്‍ ഇല്ലാതെ പത്തു വര്‍ഷത്തോളമായി പ്രതിപ്ക്ഷത്തുണ്ടായിരുന്ന ബിഎസ്പിയും മായാവതിയും ഇതില്‍ ഏറെ ബുദ്ധിമുട്ട് അനുഭവിച്ചു.


എന്നാല്‍, ബിജെപി ഒരു വശത്ത് തങ്ങളുടെ കള്ളപ്പണം വെളുപ്പിച്ചാതായും പ്രതിപക്ഷം ആരോപിക്കുന്നു. സാമ്പത്തിക നടപടിയായിരുന്നുവെങ്കിലും രാഷ്ട്രീയമായി എടുത്ത നടപടിയായി ഇതിനെ കാണുന്നവരുണ്ട്. കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷത്തിന്റെ വരുമാന സ്രോതസുകളെ ഇടിച്ചു നിരത്തുന്നതാണ് ഇതെന്ന് പലരും ചൂണ്ടിക്കാട്ടുന്നു.


കൂനിമേല്‍ കുരുപോലെ നോട്ടു നിരോധനത്തിനു പിന്നാലെ നടപ്പിലാക്കിയ ജിഎസ്ടിയും ചെറുകിട കച്ചവടക്കാരെ പ്രതിസന്ധിയലാക്കി. പാലം പണിതു കൊണ്ടിരിക്കുമ്പോള്‍ തന്നെ ഇത് യാത്രയ്ക്കായി തുറന്നു കൊടുക്കുന്ന സമീപനമാണ കേന്ദ്ര സര്‍ക്കാരിന്റേതെന്ന് കേരള ധനമന്ത്രി തോമസ് ഐസ്‌കിനെ പോലുള്ളവര്‍ വിമര്‍ശി്ക്കുന്നു.


അച്ഛേദിന്‍ ആയേഗ എന്ന പ്രതീക്ഷയുമായി രാജ്യത്തെ സാധാരണക്കാര്‍ ബിജെപിക്ക് പിന്തുണ കൊടുക്കുന്നതും പല തിരഞ്ഞെടുപ്പുകളിലും കണ്ടു. പഞ്ചാബില്‍ മാത്രമാണ് പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസിന് മികവി കാട്ടാനായത്.


ഗുജറാത്തിലും, ഹിമാചലിലും തിരഞ്ഞെടുപ്പ് അടുത്തു നില്‍ക്കുകയാണ്. കോണ്‍ഗ്രസ് അധികാരത്തിലുള്ള ഹിമാചലില്‍ ഭരണം നിലനിര്‍ത്താന്‍ അവര്‍ക്കാവില്ലെന്ന് മാധ്യമങ്ങളും രാഷ്ട്രീയ നിരീക്ഷകരും തറപ്പിച്ചു പറഞ്ഞു കഴിഞ്ഞു. 20 വര്‍ഷം തുടര്‍ച്ചയായി ഭരണം നിലനിര്‍ത്തിവരുന്ന ഗുജറാത്തില്‍ ബിജെപിക്കെതിരെ ശക്തമായ പോര്‍മുഖം തുറക്കാന്‍ കോണ്‍ഗ്രസിന് ആയി. പ്‌ക്ഷേ, രാഹുല്‍ ഗാന്ധിയെ ഉപയോഗിച്ചല്ല, ഇതിനായി സാമുദായിക നേതാക്കളായ ഹാര്‍ദ്ദിക് പട്ടേല്‍, ജിഗ്നേ,് മേവാനി, അല്‍പേഷ് താക്കൂര്‍ എന്നിവരിലാണ് വിശ്വാസം അര്‍പ്പിച്ചിരിക്കുന്നത്. ബിജെപിയുടെ വോട്ടു ബാങ്കുകളില്‍ വിള്ളല്‍ വീഴ്ത്തി ക്ഷതമേല്‍പ്പിക്കുക എന്ന തന്ത്രമല്ലാതെ ഗുജറാത്തില്‍ ഭരണം പിടിച്ചെടുക്കുക എന്ന ലക്ഷ്യം രാഹുലിനോ കോണ്‍ഗ്രസിനോ ഇല്ല.


ഈ തിരഞ്ഞെടുപ്പുകളില്‍ കൂടി ബിജെപി നേട്ടം കൊയ്താല്‍ പിന്നീട് നോട്ടു നിരോധനമോ. ജിഎസ്ടിയോ ചര്‍ച്ചാ വിഷയമാകുമോ എന്നു പോലും പലരും സംശയിക്കുന്നു.


 

Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ