General News

ടെക്‌സാസ് വെടിവെപ്പ് : മരണം 26 ആയി , മരിച്ചവരില്‍ ഒന്നര വയസുകാരിയും , കൊലപാതകി വ്യോമസേനയില്‍ നിന്നും പിരിച്ചുവിട്ടയാള്‍

Tue, Nov 07, 2017

Arabianewspaper 4057
ടെക്‌സാസ് വെടിവെപ്പ് :  മരണം 26 ആയി , മരിച്ചവരില്‍ ഒന്നര വയസുകാരിയും
ടെക്‌സാസിലെ ക്രിസ്ത്യന്‍ദേവാലയത്തില്‍ ഞായറാഴ്ച പ്രാര്‍ത്ഥനയ്ക്കിടെ തോക്കു ധാരി നടത്തിയ വെടിവെപ്പില്‍ മരിച്ചവരുടെ എണ്ണം 26 ആയി. മരിച്ചവരില്‍ ഒന്നര വയസുകാരി മുതല്‍ 77 വയസുള്ളവര്‍ വരെയുണ്ട്. പരിക്കേറ്റ പത്തോളം പേര്‍ ടെക്‌സാസ് ആശുപ്ത്രിയില്‍ ചികിത്സയിലാണ്. വെടിയേറ്റ ഉടനെ ആറു പേരാണ് മരിച്ചത്.

കൂട്ടക്കൊല നടത്തിയ ഡെവിന്‍ കെല്ലി (26) എന്നയാള്‍ യുഎസ് വ്യോമസേനയില്‍ നിന്നും അച്ചടക്ക നടപടിക്ക് പുറത്താക്കിയയാളാണെന്ന് എഫ്ബിഐ പറഞ്ഞു.

വ്യോമസേന ഇയാളെ ഒരു വര്‍ഷം തടവില്‍ പാര്‍പ്പിച്ചിരുന്നു. 2014 ല്‍ ഇയാളെ കുറ്റവിമുക്തനാക്കി പറഞ്ഞുവിടുകയായിരുന്നു.

വീട്ടിലെ കലഹത്തെ തുടര്‍ന്ന് പ്രകോപിതനായ ഇയാള്‍ ഓട്ടോമാറ്റിക് തോക്കുമായി പള്ളിയിലെത്തി നിഷ്‌കരുണം വെടിവെയ്ക്കുകയായിരുന്നു. ഭാര്യയുടെ മാതാവുമായി വഴക്കു ഉണ്ടാക്കിയ ഇയാള്‍ നിരവധി ഭീഷണി സന്ദേശങ്ങളും അയച്ചിരുന്നു. ഇതിനു ശേഷമാണ് കൂട്ടക്കൊല.

പലപ്പോഴും കലഹിക്കുകയും ആക്രമണങ്ങള്‍ മുതിരുകയും ചെയ്യുന്ന പ്രവണത ഇയാള്‍ പലപ്പോഴും കാണിക്കാറുണ്ടെന്ന് വ്യോമസേന റെക്കോര്‍ഡുകള്‍ വെളിപ്പെടുത്തുന്നു.

അപകട സ്ഥലത്തു നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വെടിയേറ്റ് കെല്ലിയും കൊല്ലപ്പെട്ടു. ബുള്ളറ്റ് പ്രൂഫ് കവചവും, കറുത്ത തൊപ്പിയും ധരിച്ചാണ് ഇയാള്‍ പള്ളിയില്‍ എത്തിയത്. റുഡെല്‍ എആര്‍ 556 എന്ന സെമി ഓട്ടോമാറ്റിക് തോക്കാണ് ഇയാള്‍ ഉപയോഗിച്ചത്. ഇയാളുടെ കാറില്‍ നിന്ന് രണ്ടു കൈത്തോക്കുകളും പോലീസ് കണ്ടെടുത്തു.

പള്ളിയില്‍ നിന്നും പുറത്തിറങ്ങിയ കെല്ലി തുടര്‍ന്ന് ജനവാസ കേന്ദ്രത്തിലേക്ക് നീങ്ങി. ഒരു എസ് യുവിയില്‍ കയറിയ ഇയാളെ രണ്ടു പേര്‍ പിന്തുടര്‍ന്നു. ഇവരില്‍ ഒരാളാണ് കെല്ലിയെ വെടിവെച്ചതെന്ന് കരുതുന്നു. കൂടുതല്‍ ആളുകളെ വെടിവെച്ചു കൊല്ലും മുമ്പ് കെല്ലിയെ ഇല്ലാതാക്കിയ ഇയാളെ ടെക്‌സാസിന്റെ വീര നായകന്‍ എന്നാണ് നാട്ടുകാര്‍ വിശേഷിപ്പിച്ചത്.

ഇതിനിടയില്‍ കെല്ലി പിതാവിനെ വിളിച്ച് താന്‍ കൂട്ടക്കൊല നടത്തിയെന്നും തനി്ക്കും വെടിയേറ്റുവെന്നും രക്ഷപ്പെടാന്‍ വഴിയില്ലെന്നും വിളിച്ചു പറഞ്ഞതായി പോലീസ് പറയുന്നു.

തുടര്‍ന്ന് വാഹനം നിയന്ത്രണം വിട്ട് ഇടിച്ച് മറിഞ്ഞു. കെല്ലി സ്വന്തം തോക്കില്‍ നിന്നും വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തതായും ചില റിപ്പോര്‍ട്ടുകള്‍ പരയുന്നു. എന്നാല്‍, ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല.

വീട്ടില്‍ നിന്നും വഴക്കിട്ട ശേഷം കെല്ലിയുടെ ഭാര്യാമാതാവ് ഈ പള്ളിയിലേക്ക് പ്രാര്‍ത്ഥനയ്ക്കായി പോയിരുന്നു. എന്നാല്‍, കെല്ലിയുടെ ബന്ധുക്കളാരും തന്നെ പള്ളിയില്‍ വന്നിരുന്നില്ലെന്ന് പള്ളി അധികൃതര്‍ പറയുന്നു. ലാസ് വേഗാസില്‍ 58 പേരുടെ മരണത്തിനിടയാക്കിയ വെടിവെപ്പിനു ശേഷമാണ് അമേരിക്കയെ ഞെട്ടിച്ച ദുരന്തം എത്തുന്നത്.

തോക്ക് വില്‍പന നിയന്ത്രിക്കുന്ന നിയമം അനിവാര്യമാണെന്ന് ആവശ്യപ്പെട്ട് നിരവധി പ്രതിഷേധ പ്രകടനങ്ങള്‍ യുഎസില്‍ അരങ്ങേറുന്നുണ്ട്. എന്നാല്‍, തോക്കല്ല പ്രശ്‌നം പലരുടേയും മാനസിക നിലയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പറഞ്ഞു.
Tags : Texas 
Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ