Books News

ഷാര്‍ളി ബെഞ്ചമിന്റെ 'ലാബ്രിന്ത്' ഷാര്‍ജ പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്യും

Sun, Oct 29, 2017

Arabianewspaper 1540
ഷാര്‍ളി  ബെഞ്ചമിന്റെ 'ലാബ്രിന്ത്' ഷാര്‍ജ പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്യും

പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ഷാര്‍ളി ബെഞ്ചമിന്റെ പ്രഥമ നോവല്‍ ലാബ്രിന്ത് ഷാര്‍ജ അന്താരാഷ്ട്ര പുസ്‌കോത്സവത്തില്‍ പ്രകാശനം ചെയ്യും. നവംബര്‍ ആറിന് വൈകീട്ട് ഏഴിനാണ് പുസ്തക പ്രകാശന ചടങ്ങ്.


കൈരളി ബുക്‌സ് കണ്ണൂര്‍ പ്രസിദ്ധീകരിക്കുന്ന പുസ്തകത്തെ പ്രവാസികള്‍ ആവേശത്തോടെയാണ് വരവേല്‍ക്കുന്നത്. പുസ്തകത്തിന്റെ കവര്‍ രൂപകല്പന ചെയ്തിരിക്കുന്നത് ആര്‍ട്ടിസ്റ്റും സുഹൃത്തും സഹപ്രവര്‍ത്തകനുമായ രാജ് പണിക്കരാണ്.


പ്രവാസ എഴുത്തു ശ്രേണിയിലെ ഏറ്റവും പുതിയ കണ്ണിയാണ് ലാബ്രിന്ത്. എഴുത്തിനേയും വായനയേയും നെഞ്ചേറ്റുന്ന ഗള്‍ഫ് മലയാളിയുടെ തീഷ്ണ ജീവിതത്തിലെ ഉഷ്ണ രേണുക്കളിലൊന്നായാണ് ഷാര്‍ളി ബെഞ്ചമിന്റെ എഴുത്താണിയില്‍ നിന്നും പേറ്റു നോവെടുത്ത് ഈ കൃതി എത്തുന്നത്.


ജീവിച്ചാശവറ്റാത്ത മനുഷ്യന്റെ അപഥ സഞ്ചാരവും ഒരിക്കലും പുറത്തുകടക്കാനാവാത്ത ഏടാകുടാങ്ങളും ഏങ്ങോട്ടെന്നില്ലാത്ത യാത്രയും , ഇതിനൊപ്പം
സുഖവും, ദുഖവും, സാമീപ്യവും വേര്‍പാടും വിയര്‍പ്പും കണ്ണീരും, രതിയും ആത്മീയതയും കയ്പ്പും മധുരവും.... എല്ലാം തൊട്ടറിഞ്ഞുള്ള എഴുത്തിലൂടെ അവാച്യ ലോകത്തെ സംഭ്രമാത്കമായ കാഴ്ചകളിലൂടെ ലാബ്രിന്ത് അനുവാചകരെ കൂട്ടിക്കൊണ്ടു പോകുന്നു.


തീവ്ര ശീതോഷ്ണങ്ങള്‍ മാത്രമുള്ള, മരുഭൂമിയിലെ പരിമിത ഋതുഭേദങ്ങള്‍ പോലെ ജീവിതവും  വിരുദ്ധ ധ്രുവങ്ങളിലെ രണ്ട് ബിന്ദുക്കളിലൂടെ മാത്രം സഞ്ചരിക്കുന്നു. അനന്തദുഖത്തിന്റെ ദേശാടനവും ഒടുങ്ങലിന്റെ എരിതീയിലമര്‍ന്നു പോകുന്ന ജീവിതം ഷാര്‍ളി ബെഞ്ചമിന്‍ ലാബ്രിന്തില്‍ വരച്ചു കാണിക്കുന്നു.


ഷാര്‍ളിയുടെ കൃതിക്ക് അവതാരിക എഴുതിയ സക്കറിയുടെ വാക്കുകള്‍ ഇങ്ങിനെ- 


ഗൾഫിൽ നിന്നുള്ള മലയാള ഫിക്ഷന്റെ മറ്റൊരു തുടക്കമായി ഷാർളി ബെഞ്ചമിന്റെ നോവൽ 'ലാബ്രിന്തി'നെ കാണാം. ഗൾഫ് മലയാളിയുടെ ഇതിനകം രേഖപ്പെട്ടു കഴിഞ്ഞ ശാരീരികവും മാനസ്സീകവുമായ പ്രപഞ്ചത്തിനുള്ളിൽ നിന്നുകൊണ്ടു തന്നെ ഷാർളി മെനഞ്ഞെടുക്കുന്നത് ഒരു സാധാരണ മനുഷ്യന്റെ, അനേകരിൽ ഒരാൾ മാത്രമായ വ്യക്തിയുടെ, വിശദീകരണ രഹിതമായ ജീവിത സത്യാന്വേഷണത്തിന്റെ, വളരെ വ്യത്യസ്തമായ കഥയാണ്.


കുടിയേറ്റ ജീവിതത്തിന്റെ ചെറുതും വലുതുമായ എല്ലാ വെല്ലുവിളികളും സേവ്യർ എന്ന കഥാനായകന്റെ ജീവിതത്തിൽ വന്നണയുന്നുണ്ട്. പക്ഷേ അയാളുടെ യഥാർത്ഥ ഏറ്റുമുട്ടൽ ജീവിതത്തോടു തന്നെയും പ്രപഞ്ചത്തോടും അവ ഒളിച്ചുവെക്കുന്ന ബോധജ്ഞാനങ്ങളോടുമാണ്. സേവ്യർ ഒരു തത്വജ്ഞാനിയാണ് എന്ന് പറയാം. അമിത മദ്യപാനത്തെ സ്വയം തെരഞ്ഞെടുത്ത ആരാച്ചാരായി കൂട്ടുപിടിക്കുമ്പോൾ സേവ്യർ മൗനമായി വിരൽ ചൂണ്ടുന്നത് ഒരു പക്ഷെ ജീവിതത്തിന്റെ പിടിതരാത്ത അർത്ഥശൂന്യതകളിലേക്കാണ്. വേശ്യാലയത്തിൽ ഒരു യുവതിയെ കണ്ടുമുട്ടുന്നതോടെ അയാളുടെ ജീവിതം ഒരു പത്മവ്യൂഹത്തിലേക്ക് പ്രവേശിക്കുന്നു.


പിന്നീട് സ്വയം മരണത്തിലേക്ക് നടന്നടുക്കുമ്പോഴും സേവ്യർ തത്വചിന്തയെയാണ് ആശ്ലേഷിക്കുന്നത്. കഥപറയുന്ന സുഹൃത്താകട്ടെ, ഗൾഫ് ജീവിതത്തിന്റെ നിശ്ചിതങ്ങളായ സംഘർഷങ്ങളിൽ സ്വയം മറക്കാതെ, സേവ്യറുടെ ദുരൂഹമായ അന്വേഷണങ്ങളിൽ പങ്കുചേരുന്ന സന്ദേഹിയാണ്. അയാൾ സേവ്യറുടെ ജീവിതത്തിന്റെ ദയവാനായ ദൃക്‌സാക്ഷിയാണ്. സേവ്യറുടെ നിരർത്ഥകമെന്ന് തോന്നിക്കുന്ന ആലോചനകളുടെയും, ബന്ധങ്ങളുടെയും, അയാൾ വിളിച്ചു വരുത്തുന്ന തകർച്ചയുടെയും, അയാളുടെ തന്നെ മരണത്തിന്റെയും നാൾവഴി സൂക്ഷിപ്പുകാരനാണ. പുറത്തേക്ക് നയിക്കാത്ത വഴികളുടെ മഹാതടവറയാണ് ലാബ്രിന്ത് എന്ന പുരാതന പ്രതീകം. സേവ്യറുടെ അന്വേഷണങ്ങൾ എത്തിച്ചേരുന്നത് കോടാനുകോടി തനതു പാതകളുടെ എങ്ങോട്ടും നയിക്കാത്ത ഒരു ലാബ്രിന്തിലാണ്. ഒരു പക്ഷേ ജീവിതം എന്ന ചോദ്യചിഹ്നത്തിലാണ്.


ഷാർളിയുടെ നോവൽ ഗൾഫ് എഴുത്തിന്റെ ചിന്താപദ്ധതിയിൽ ശ്രദ്ധേയമായ ഒരു മാറ്റം കുറിക്കുന്നു. അത് ഗൾഫ് ജീവിതം എന്ന ലാബ്രിന്തിൽ നിലയുറപ്പിച്ചുകൊണ്ട് ജീവിതം എന്ന മഹാ ലാബ്രിന്തിലേക്ക് കണ്ണു പായിക്കുന്നു. ലാളിത്യവും ഒതുക്കവും തെളിമയുമുള്ളതാണ് ഷാർളിയുടെ ഗദ്യം. ആഴവും ഒഴുക്കുമുള്ളതാണ് ആഖ്യാനം. ‘ലാബ്രിന്ത്’ സൃഷ്ടിക്കുന്ന പുതിയ തുടക്കം ഗൾഫ് എഴുത്തിൽ മാത്രമായി ഒതുങ്ങുന്ന ഒന്നല്ല, സമകാലീന മലയാള നോവലിലേക്കും അത് സംക്രമിക്കുന്നു. 

Advertisement here

Like Facebook Page :
 


Like Facebook


Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ