General News

കുറ്റപത്രം ഉടനില്ല, ദിലീപിന് ജാമ്യം ലഭിച്ചതില്‍ പ്രോസിക്യൂഷന്‍ പിഴവില്ല- ഡിജിപി

Wed, Oct 04, 2017

Arabianewspaper 514
കുറ്റപത്രം ഉടനില്ല, ദിലീപിന് ജാമ്യം ലഭിച്ചതില്‍ പ്രോസിക്യൂഷന്‍ പിഴവില്ല- ഡിജിപി

നടിയെ ആക്രമിച്ച കേസിലെ ഗൂഡാലോചന സംബന്ധിച്ച കുറ്റപത്രം ഉടന്‍ നല്‍കേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. പ്രതിയായ ദിലീപിന് ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് പഴുതടച്ച് കൂടുതല്‍ തെളിവുകളോടെ മികച്ച കുറ്റപത്രം നല്‍കുകയാണ് ഇനി വേണ്ടതെന്ന് പോലീസ് തീരുമാനിച്ചതായി അദ്ദേഹം സൂചിപ്പിച്ചു.


90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാതിരുന്നാല്‍ അത് ദിലീപിന് സ്വാഭാവിക ജാമ്യത്തിന് അവസരമൊരുക്കുമായിരുന്നു. ഇതിനാല്‍ ആറിന് കുറ്റപത്രം സമര്‍പ്പിക്കാനാണ് പോലീസ് പദ്ധതി ഇട്ടിരുന്നത്.


എന്നാല്‍, ഇതിനിടയില്‍ ഹൈക്കോടതി ദിലീപിന് ജാമ്യം നല്‍കിയത് പോലീസിന് തിരിച്ചടിയായി.


ദിലീപിന് ജാമ്യം ലഭിച്ചത് അന്വേഷണ സംഘത്തിന് അതൃപ്തിക്ക് ഇടയാക്കി. കുറ്റപത്രം സമര്‍പ്പിച്ച് ദിലിപിനെ ജാമ്യത്തിലിറക്കാതെ വിചാരണ തടവുകാരനാക്കുകയായിരുന്നു പോലീസിന്റെ ലക്ഷ്യം. എന്നാല്‍, ദിലീപ് പുറത്തിറങ്ങിയത് സാക്ഷികളെ അവരുടെ നിലപാടുകള്‍ മാറ്റാന്‍ പ്രേരിപ്പിക്കുമെന്നും പള്‍സര്‍ സുനി അടക്കമുള്ളവരുടെ നിലപാടില്‍ മാറ്റം വരുമോ എന്നും പോലീസ് ഭയക്കുന്നു.


ദീലീപും നാദിര്‍ഷായും കാവ്യയും ഗൂഡാലോചനയില്‍ പങ്കെടുത്ത് കൃത്യത്തില്‍ ഇടപെട്ടുവെന്ന പോലീസിന്റെ വാദം നിലനില്‍ക്കുന്നതിന് ആവശ്യമായ തെളിവുകളാണ് വേണ്ടത്. ഈ തെളിവുകള്‍ ദിലീപ് പുറത്തിറങ്ങിയതോടെ ഇല്ലാതാകുമെന്ന ആശങ്കയും പോലീസിന് ഉണ്ട്.


ഇതിനൊപ്പം ജനങ്ങളുടെ പിന്തുണ തങ്ങള്‍ക്ക് അനുകൂലമല്ലെന്ന തോന്നലും പോലീസിനുണ്ട്. ആലുവ സബ്ജയിലിലെ പോലീസുകാര്‍ ദിലീപിന്റെ സൗമ്യമായ പെരുമാറ്റത്തെ കുറിച്ചും സഹകരണത്തെ കുറിച്ചും സഹപ്രവര്‍ത്തകരോട് മറ്റും പറഞ്ഞ് പോലീസ് ചെയ്യുന്നതിനെ വിമര്‍ശിച്ചു തുടങ്ങി. ഇതും അന്വേഷണ ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുന്നുണ്ട്.


ദിലീപിന്റെ ചിത്രത്തിന് സ്വീകാര്യത വന്നതും പൊതുജനാഭിപ്രായം തങ്ങള്‍ക്ക് എതിരാകുമെന്ന ഭയവും അന്വേഷണ സംഘത്തെ പ്രതിരോധത്തിലാക്കി. ഇതിനിടയിലാണ് പ്രോസിക്യുഷന്‍ തങ്ങള്‍ക്ക് സഹായകരമായ നീക്കങ്ങള്‍ നടത്തിയില്ലെന്ന ആരോപണം അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍, ഡിജിപി ലോക് നാഥ് ബെഹ്‌റ ഇവരുടെ വാദം തള്ളി.


മുഖ്യ പ്രതിയായ പള്‍സര്‍ സുനിയെ കേസില്‍ മാപ്പു സാക്ഷിയാക്കുമെന്ന ദീലിപിന്റെ അഭിഭാഷകന്റെ വാദം എതിര്‍ക്കാന്‍ പ്രോസിക്യുഷന്‍ തയ്യാറാകാതിരുന്നത് അന്വേഷണ ഉദ്യോഗസ്ഥരെ ചൊടിപ്പിച്ചു, നേരത്തെ, തങ്ങളുമായി ആലോചിക്കാതെ അന്വേഷണം രണ്ടാഴ്ച.യ്ക്കുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ ദിലീപിന്റെ മൂന്നാം ജാമ്യാപേക്ഷയുടെ വാദം തുടങ്ങിയപ്പോള്‍ അറിയിച്ചിരുന്നു.


ഇതോടെയാണ് കുറ്റപത്രം ഒക്ടോബര്‍ ആറിനു മുമ്പ് കൊടുക്കാന്‍ പോലീസിനെ നിര്‍ബന്ധിതരാക്കിയത്. എന്നാല്‍, ദിലീപിന് ജാമ്യം ലഭിച്ചതോടെ കുറ്റപത്രം വൈകിയാലും കുഴപ്പമില്ലെന്ന നിലപാടാണ് ഡിജിപിയുടേത്.

Tags : Dileep 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ