General News

പാര്‍ട്ടിയില്‍ കുടുതല്‍ ശക്തമായി മോഡി-ഷാ അച്ചുതണ്ട്

Mon, Sep 04, 2017

Arabianewspaper 555
പാര്‍ട്ടിയില്‍ കുടുതല്‍ ശക്തമായി മോഡി-ഷാ അച്ചുതണ്ട്
എന്‍ഡിഎ ഭരണത്തിലെ മൂന്നാം വര്‍ഷം മൂന്നാമതും മന്ത്രിസഭാ പുനസംഘടന നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷായും വീണ്ടും പാര്‍ട്ടിയിലും എന്‍ഡിഎയിലും തങ്ങളുടെ മേല്‍ക്കൈ ഊട്ടിയുറപ്പിച്ചു.,

പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് ഉമാഭാരതിയെ പോലും പ്രകടനം മോശമായതിന്റെ പേരില്‍ പ്രധാനപ്പെട്ട മന്ത്രാലയത്തില്‍ നിന്നും മാറ്റിയാണ് തങ്ങളുടെ ശക്തി ഇവര്‍ വീണ്ടും തെളിയിച്ചത്..

എന്നാല്‍, ധനമന്ത്രി അരുണ്‍ ജെയ്റ്റിലിയുടെ നിഴല്‍ പറ്റി വളര്‍ന്നു വന്ന നാലു യുവ നേതാക്കളെ മുന്‍ നിരയിലേക്ക് കൊണ്ടു വന്ന് ഇവരേയും തങ്ങളൊടൊപ്പം നിര്‍ത്താനും മോഡി -ഷാ കൂട്ടുകെട്ടിനു കഴിഞ്ഞു.

ബിജെപി ഒരോ സംസ്ഥാനങ്ങളിലേയും നേതാക്കളെ തിരഞ്ഞുപിടിച്ചാണ് മികവിന്റെ കൂടി അടിസ്ഥാനത്തില്‍ നിര്‍ണായക പദവി നല്‍കിയത്.

വെങ്കയ്യ നായിഡുവിനെ പോലുള്ള ഒരാള്‍ ദക്ഷിണേന്ത്യയില്‍ നിന്നും ഉപരാഷ്ട്രപതിയായി പോയപ്പോള്‍ ഈ മേഖലയില്‍ നിന്നും തങ്ങള്‍ക്ക് ഉയര്‍ത്തിക്കാട്ടാന്‍ ഒരു നേതാവു വേണമെന്ന തിരിച്ചറിവിലാണ് തമിഴ്‌നാട്ടുകാരിയായ നിര്‍മല സീതരാമനെ പ്രതിരോധ വകുപ്പു പോലെ നിര്‍ണായകമായ ഒരു മന്ത്രാലയത്തിന്റെ ചുമതല ഏല്‍പ്പിച്ചത്.

ഒഡീഷയില്‍ തങ്ങള്‍ക്ക് ഒരു നേതാവില്ലെന്നതിന്റെ കേട് ധര്‍മേന്ദ്ര പ്രധാനെ പോലുള്ള ഒരു യുവ നേതാവിനെ ഉയര്‍ത്തിക്കാട്ടി അതും പരിഹരിച്ചു,. മഹാരാഷ്ട്രയില്‍ നിന്നുള്ള പീയുഷ് ഗോയലിനേയും ഇതേ രീതിയിലാണ് വളര്‍ത്തിയെടുക്കുന്നത്.

കേരളത്തിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ന്യൂനപക്ഷ പ്രാതിനിധ്യവും പരിഗണിച്ചാണ് അഴിമതിക്കെതിരെ കുരിശു യുദ്ധം നടത്തിയ അല്‍ഫോണ്‍സ് കണ്ണന്താനത്തെ ദേശീയ നേതൃത്വം ഉയര്‍ത്തിക്കാട്ടുന്നത്.

ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കാന്‍ വി മുരളീധരനേയും പി കെ കൃഷ്ണദാസിനെയും അമിത് ഷാ ക്ഷണിച്ചെങ്കിലും തങ്ങള്‍ കേരളത്തില്‍ തന്നെ പ്രവര്‍ത്തിക്കാമെന്ന് ഇരുവരും പറയുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് ദേശീയ നിര്‍വാഹക സമിതി അംഗമായി പ്രവര്‍ത്തിച്ചു വരുന്ന അല്‍ഫോന്‍സ് കണ്ണന്താനത്തിന് നറുക്ക് വീണത്. മുരളീധരന് മാത്രമാണ് നേരത്തെ ദേശീയ തലത്തില്‍ പ്രവര്‍ത്തിച്ചു പരിചയമുള്ളത്.

എന്നാല്‍, മുരളീധരന്‍ കേരളത്തില്‍ തന്നെ പ്രവര്‍ത്തിക്കാമെന്ന് തീരുമാനിച്ചത് അദ്ദേഹത്തിന് വിനയായി. അടുത്ത തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്നും എംപി വിജയിക്കുകയും എന്‍ഡിഎ വീണ്ടും അധികാരത്തില്‍ വരികയും ചെയ്താല്‍ മാത്രമേ കേരളത്തില്‍ നിന്നും ഒരു മന്ത്രിയെ ലഭിക്കുകയുള്ളുവെന്ന് ദേശീയ നേതൃത്വം പ്രാദേശിക നേതാക്കള്‍ക്ക് നേരത്തെ തന്നെ അറിയിപ്പു നല്‍കിയിരുന്നു. അടുത്ത തിരഞ്ഞെടുപ്പിലും എംപിമാരെ വിജയിപ്പിക്കാന്‍ കേരളത്തിലെ നേതൃത്വത്തിന് കഴിഞ്ഞില്ലെങ്കില്‍ വീണ്ടും എന്‍ഡിഎ അധികാരത്തില്‍ വരികയാണെങ്കില്‍ മന്ത്രിസ്ഥാനം ലഭിക്കില്ലെന്ന വ്യക്തമായ സൂചനയാണ് ദേശീയ അദ്ധ്യക്ഷന്‍ കേരളത്തിലെ നേതാക്കള്‍ക്ക് നല്‍കിയിരിക്കുന്നത്.

ആര്‍എസ്എസിനെ കാര്യങ്ങള്‍ ബോധിപ്പിക്കാനും കൈയ്യിലെടുക്കാനും മോഡി-ഷാ കൂട്ടുക്കെട്ടിന് കഴിഞ്ഞിട്ടുണ്ട്. മുതിര്‍ന്ന നേതാക്കളെ മാര്‍ഗദര്‍ശക് മണ്ഡല്‍ എന്ന ഓമനപേരിട്ട് കുടിയിരുത്തിയിട്ടുണ്ടെങ്കിലും ഒരു കാര്യത്തിലും ഇവരുടെ ഉപദേശം വാങ്ങാന്‍ മോഡി-ഷാ സഖ്യത്തിന് താല്‍പര്യമില്ലായിരുന്നു.

രാജ്‌നാഥ് സിംഗ്,. സുഷമ സ്വരാജ്,. അരുണ്‍ ജെയ്റ്റിലി എന്നിവരേയും വിശ്യാസത്തിലെടുത്താണ് മോഡി-ഷാ ഗുജറാത്ത് സഖ്യം പാര്‍ട്ടിയുടേയും ഭരണകൂടത്തിന്റെയും അമരം പിടിക്കുന്നത്. മോഡിയുടെ എല്ലാ തീരുമാനത്തിനു പിന്നിലും ഷായുടെ ബുദ്ധി പ്രവര്‍ത്തിക്കുന്നുണ്ടെന്നത് പകല്‍ പോലെ വ്യക്തമാണ്. ഷായാണ് രാജ്യം ഭരിക്കുന്നതെന്ന് പോലും ഗുജറാത്തിലെങ്കിലും പരസ്യമായ രഹസ്യമാണ്.
Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ