General News

ദിലീപ് കേസില്‍ പോലിസുപയോഗിച്ച തന്ത്രങ്ങള്‍ അരനൂറ്റാണ്ട് പഴയത് ?

Wed, Aug 30, 2017

Arabianewspaper 971
ദിലീപ് കേസില്‍ പോലിസുപയോഗിച്ച തന്ത്രങ്ങള്‍ അരനൂറ്റാണ്ട് പഴയത് ?

നടന്‍ ദിലീപിനെതിരെ പോലീസ് ഉപയോഗിച്ച ചോദ്യം ചെയ്യല്‍ തന്ത്രങ്ങള്‍ ലോകത്തെ വിഖ്യാത കുറ്റാന്വേഷണ ഏജന്‍സികള്‍ പാകപ്പിഴയുള്ളതെന്ന് കണ്ട് വര്‍ഷങ്ങള്‍ക്കു മുമ്പേ ഉപേക്ഷിച്ചതെന്ന് ഫോറന്‍സിക് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.


നടിയെ ആക്രമിച്ച സംഭവത്തിലെ ഗുഡാലോചന കേസില്‍ പിടിയിലായ ദിലീപിനെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം അവലംബിച്ച റീഡ് ടെക്‌നിക് ലോകത്തെ പ്രമുഖ അന്വേഷണ ഏജന്‍സികള്‍ ഉപേക്ഷിച്ചതാണ്.


അര നൂറ്റാണ്ടായി നിലവിലുള്ളതാണ് റീഡ് ടെക്‌നിക്. വടക്കേ അമേരിക്കയില്‍ അന്വേഷണ ഏജന്‍സികള്‍ അവലംബിച്ചു പോന്ന റീഡ് ടെക്‌നിക് കോടതികളില്‍ വിചാരണ വേളകളില്‍ പൊളിയുന്ന അനുഭവമാണുള്ളത്.


പ്രതിയില്‍ നിന്നും കുറ്റസമ്മതം ലഭിക്കുന്നതിനാണ് മൂന്നാം മുറ ഉപയോഗിക്കാതെയുള്ള ഈ സാങ്കേതിക ചോദ്യം ചെയ്യല്‍.


കുറ്റം ചെയ്തത് ആരോപണ വിധേയനായ വ്യക്തിയാണെന്ന് തുടക്കം മുതല്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുകയും തെളിവുകള്‍ ( യഥാര്‍ത്ഥ്യത്തിലുള്ളതും കെട്ടിച്ചമച്ചതും ) നിരത്തുകയും ചെയ്യും. തുടര്‍ന്ന് പ്രതിയെ സമര്‍ദ്ദത്തിലാഴ്ത്തി കുറ്റം ചെയ്തത് താനാണെന്ന് (ചെയ്തിട്ടില്ലെങ്കില്‍ പോലും) സമ്മതിപ്പിക്കലാണ് റീഡ് ടെക്‌നിക്.


കുറ്റവാളിയെന്നു സംശയിക്കുന്നയാള്‍ ക്ഷമകെട്ട് ഇതെല്ലാം താനാണ് ചെയ്തതെന്ന് വ്യാജമായി സമ്മതിക്കുന്ന ഘട്ടമാണ് റീഡ് ടെക്‌നികിക്കിന്റെ അന്ത്യഫലം.


പക്ഷേ, വിചാരണ വേളയില്‍ കോടതിയില്‍ തെളിവുകള്‍ നിരത്തേണ്ടി വരുമ്പോള്‍ പോലീസ് കുടുങ്ങും. വ്യാജ കുറ്റസമ്മതം യഥാര്‍ത്ഥ പ്രതിയെ രക്ഷപ്പെടുത്താന്‍ മാത്രമെ ഉപകരിക്കു. പ്രതിയില്‍ നിന്നും ലഭിക്കുന്ന മൊഴികളും സാഹചര്യ തെളിവുകളും മറ്റൊരാളെ കൂട്ടു കുറ്റവാളിയെന്നു സംശയിക്കപ്പെടാന്‍ അവസരമൊരുങ്ങുന്നത് യഥാര്‍ത്ഥ പ്രതിയെ പോലും രക്ഷപ്പെടാന്‍ ഇടവരുത്തുന്നതുമാണ്.


പോളിഗ്രാഫ് വിദഗ്ദ്ധനായ ജോണ്‍ റീഡ് എന്ന ഫോറന്‍സിക് ശാസ്ത്രജ്ഞനാണ് റീഡ് ടെക്‌നികിന്റെ ഉപജ്ഞാതാവ്. 1940 കളിലാണ് ഇത് കണ്ടുപിടിച്ചത്. പെട്ടെന്ന് കുറ്റസമ്മതം നടത്താന്‍ കഴിയുമെന്നതിനാല്‍ അമേരിക്കയിലെ പോലീസു ഉദ്യോഗസ്ഥരില്‍ ഇത് വ്യാപക പ്രചാരം നേടി.


എന്നാല്‍,. ഡിഎന്‍എ പോലുള്ള തെളിവുകളുടെ കാലം വന്നപ്പോള്‍ നേരത്തെ, ജോണ്‍ റീഡിന്റെ ടെക്‌നികില്‍ കുടുങ്ങിയ മൂന്നില്‍ ഒന്നു കുറ്റവാളികളും നിരപരാധികളെന്ന് തെളിഞ്ഞു.


1990 കളില്‍ ആരംഭിച്ച ഇന്നസന്‍സ് പ്രൊജക്ട് എന്ന പരിപാടിയിലൂടെയാണ് ഇതിന് അവസാനമമായത്. പത്തു മണിക്കൂറിലേറെ ചോദ്യം ചെയ്ത് നിരന്തരം മാനസിക സമ്മര്‍ദ്ദത്തിലാക്കിയുള്ള ചോദ്യം ചെയ്യല്‍ തെറ്റായ കുറ്റസമ്മതത്തിന് മാത്രമേ വഴിയൊരുക്കുകയുള്ളുവെന്നും അഭിഭാഷകന്റേ സാന്നിദ്ധ്യത്തില്‍ മാത്രമേ ചോദ്യം ചെയ്യുന്നതാണ് നിയമ വിധേയനയുള്ളതെന്ന് ബോധ്യപ്പെടുകയും ചെയ്തു.


അന്വേഷണ ഉദ്യോഗസ്ഥന്‍ പക്ഷപാതപരമായി കുറ്റവാളിയെന്നു സ്ഥാപിച്ചെടുക്കാന്‍ നടത്തുന്ന ശ്രമം എന്ന നിലയില്‍ നീതിന്യായ സംവിധാനകളും അക്കാദമിഷ്യന്‍മാരും ഇതിനെ തള്ളിക്കളയുന്നു.


ഇരുന്നൂറോളം തെളിവുകള്‍ ഹാജരാക്കിയ പ്രോസിക്യുഷന്‍ ഇവ പുറത്തു വിടാതെ സീല്‍ ചെയ്ത കവറില്‍ സമര്‍പ്പിക്കുകയായിരുന്നു. പള്‍സര്‍ സുനിയെന്ന മുഖ്യപ്രതി വിചാരണ വേളയില്‍ ദിലീപിന് അനുകൂലമായി മൊഴി നല്‍കിയാലും മറ്റു സാക്ഷികള്‍ കൂറുമാറിയാലും പൊളിയാവുന്ന വാദഗതികളാണ് ഇപ്പോള്‍ പോലീസിനു മുന്നിലുള്ളത്.


അന്വേഷണം വഴിമുട്ടുമ്പോള്‍ പോലീസ് ഉപയോഗിക്കുന്ന അടവുകള്‍ വിചാരണ വേളയില്‍ പൊളിയുമെന്നതിനാല്‍ ശാസ്ത്രീയമായ ചോദ്യം ചെയ്യലിന്റെയും മാപ്പു സാക്ഷിയുടേയും ബലത്തില്‍ കുറ്റപത്രം തയ്യാറാക്കുകയാണ് ഇപ്പോള്‍.


പോലീസ് കസ്റ്റഡിയില്‍ ഉള്ളപ്പോള്‍ ദിലീപ് ഉള്‍പ്പടെയുള്ളവര്‍ നല്‍കിയ മൊഴികളൊന്നും കുറ്റത്തിലേക്ക് വഴി തുറന്നിട്ടില്ല. പോലീസിനു കയ്യിലുള്ളത് ജയില്‍ പുള്ളികളുടേയും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ പള്‍സര്‍സുനിയുടേയും മൊഴിയാണ്. ഇതിനൊപ്പമാണ് പോലീസില്‍ നിന്നും തന്നെയുള്ള ഒരാളെ മാപ്പു സാക്ഷിയായി ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.


പോലീസ് കസ്റ്റഡിയില്‍ വെച്ച് പോലീസുകാരനായ ഒരാളുടെ മൊബൈല്‍ ഫോണിലൂടെ ദിലിപിന് വാട്‌സാപില്‍ ദിലീപേട്ട കുടുങ്ങി എന്ന വോയ്‌സ് സന്ദേശം അയച്ചു എന്ന വെളിപ്പെുടത്തലാണ് ഏറ്റവും ഒടുവില്‍ പോലീസ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.


ജാമ്യാപേക്ഷ സമയത്ത് കേസ് അന്വേഷണത്തിന്റെ ഭാഗമായ തെളിവുകള്‍ നിരത്തേണ്ടിവരുന്നത് സാധാരണ നടപടിക്രമങ്ങളില്‍ ഇല്ല. പ്രതിക്ക് ജാമ്യം നല്‍കിയാല്‍ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമോ എന്ന ഒരു വശം മാത്രമാണ് കോടതി പരിഗണിക്കുന്നത്. സ്വാധീനമുള്ള വ്യക്തിക്ക് സാക്ഷികളെ തനിക്ക് അനുകൂലമായി മാറ്റിയെടുക്കാനാകുമെന്ന വാദം മാത്രം മതി ഇതിന്.


സാക്ഷികളും വാദികളും സിനിമ ഫീല്‍ഡില്‍ തന്നെയുള്ളവരായതിനാല്‍ പ്രതിക്ക് ഇവരുമായി ധാരണയിലെത്തി കേസ് പിന്‍വലിക്കാനാകും. ഇതാണ് ജാമ്യം നല്‍കാതിരിക്കാനുള്ള കാരണമാകുക. പ്രതി കുറ്റം ചെയ്‌തോ ഇല്ലയോ എന്ന വിഷയം കുറ്റപത്രം സമര്‍പ്പിച്ച് വിചാരണ വേളയില്‍ മാത്രമേ കോടതിക്കു മുന്നില്‍ വരികയുള്ള.


കുറ്റം തെളിയുന്നതുവരെ ആരോപണ വിധേയന്‍ മാത്രമായിരിക്കും പ്രതികള്‍. ബലാല്‍സംഗത്തിന് നേരിട്ടുള്ള തെളിവുകള്‍ ലഭിക്കുന്നത് വൈദ്യ പരിശോധന ഫലത്തിലാണ് ഇൗ ക്യത്യം ചെയ്ത ആള്‍ ആരെന്ന് വാദിയുടെ മൊഴിയിലാണ് ഉള്ളത്.


കുറ്റം ചെയ്തയാളുടെ മൊഴി പ്രകാരമുള്ള കൂട്ടു പ്രതികളെയും ഗൂഡാലോചന പങ്കാളികളേയും കുറിച്ച് വാദിയുടെ മൊഴിയില്‍ ഇല്ലെങ്കില്‍ ഇത് തെളിയിക്കുക ദുഷ്‌കരമാകും. പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് ദിലീപിനെ ഇവിടെ ഗുഡാലോചന കേസില്‍ പെടുത്തിയിരിക്കുന്നത്. വാദിയും ബലാല്‍സംഗത്തിന് ഇരയായ നടിയും ഇതുവരെ ദിലിപിനെതിരെ മൊഴി നല്‍കാത്തത് പോലീസിന് വിചാരണ വേളയില്‍ വന്‍ തിരി്ച്ചടിയാകും. സാഹചര്യത്തെളിവുകളും സാക്ഷി മൊഴികളും മാത്രം അടിസ്ഥാനമാക്കി ഒരാളെ കുറ്റക്കാരനെനന്ന് വിധിക്കാന്‍ ഒരു കോടതിക്കും കഴിയില്ല.


കുറ്റക്കാരനെന്ന് സാഹചര്യതെളിവുകളുടെ അടിസ്ഥാനത്തില്‍ കോടതിക്ക് ബോധ്യപ്പെട്ടിട്ടും തെളിവുകളുടെ അഭാവത്തില്‍ കുറ്റവാളിയെ വെറുതെ വിടുന്നതാണ് നീതിന്യായ വ്യലസ്ഥതിയിലെ മുന്‍ അനുഭവങ്ങള്‍.


ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ പ്രോസിക്യഷന്‍ ദിലീപിനെ പെരും നുണയനെന്ന് വിശേഷിപ്പിച്ചത് ചോദ്യം ചെയ്യലില്‍ ദിലീപ് യാതൊരു കുറ്റസമ്മതവും നടത്താതിരുന്നതിനെ തുടര്‍ന്നാണ്. പതിമൂന്നു മണിക്കുറോളം തുടര്‍ച്ചയായി ചോദ്യം ചെയ്തപ്പോഴും തമാശകളും മറ്റും പറഞ്ഞാണ് ദിലീപ് ഇതിനെ നേരിട്ടതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ രഹസ്യമായി സമ്മതിച്ചിരുന്നു.


ഇരുന്നൂറോളം തെളിവുകള്‍ പോലീസിന്റെ കൈവശം ഉണ്ടെന്ന വാദം പോലും നിയമ വിദഗ്ധര്‍ അതിശത്തോടെയാണ് കാണുന്നത്. പ്രതിയായ ഒരാളെ കുടുക്കാന്‍ ശക്തമായ ഒരു തെളിവുണ്ടെങ്കില്‍ അതു മാത്രം മതി. പക്ഷേ, ഈ ശക്തമായ തെളിവില്ലാതെ വരുമ്പോളാണ് നിരവധി കാര്യങ്ങള്‍ മാല പോലെ കോര്‍ത്ത് വലിയ തെളിവായി അന്വേഷണ ഏജന്‍സിക്ക് അവതരിപ്പിക്കേണ്ടി വരിക.യെന്ന് നിയമ വിദഗ്ദ്ധര്‍ പറയുന്നു.


ജയില്‍ പുള്ളികളെ പോലീസിന്റെ ഏജന്റായി ഉപയോഗിച്ച പള്‍സര്‍ സുനിയില്‍ നിന്ന് വിവരങ്ങള്‍ പുറത്തു കൊണ്ടുവന്നതിനു പോലും കോടതിയില്‍ നിലനില്‍പ്പില്ല. പള്‍സര്‍ സുനി എന്ന ഹാബിച്വല്‍ ക്രിമിനല്‍ തന്റെ വീരവാദങ്ങള്‍ സഹതടവുകാര്‍ക്കു മുന്നില്‍ നിരത്താനും മറ്റും ഈ അവസരം ഉപയോഗിക്കുമെന്നതാണ് ഇതിനു കാരണം.


ജയില്‍ പുള്ളി പോലീസിന്റെ നിര്‍ദ്ദേശ പ്രകാരം നടത്തിയ ഓപറേഷനുകളുടെ സ്വീകാര്യത പോലെയാണ് പോലീസുകാരന്‍ മാപ്പു സാക്ഷിയായതും. പ്രതിഭാഗത്ത് നില്‍ക്കുന്നവരാണ് മാപ്പു സാക്ഷിയാകേണ്ടത്. പോലീസ് കെട്ടിച്ചമച്ച കേസാണിതെന്ന് പ്രതിഭാഗത്തിന് വാദിക്കാനുള്ള അവസരമൊരുക്കല്‍ മാത്രമാണ് പോലീസ് നടപ്പിലാക്കിയിരുന്നത്.


അഡ്വ രാം കുമാറും, പിന്നീട് അഡ്വ രാമന്‍ പിള്ളയും ശക്തിയുക്തം വാദിച്ചിട്ടും കോടതി ജാമ്യം നല്‍കാത്തത് ദിലീപ് കുറ്റക്കാരനെന്ന് കോടതിക്ക് ബോധ്യപ്പെട്ടിട്ടാണെന്ന ധാരണയും ഇപ്പോള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. എന്നാല്‍,. കേസിന്റെ മെരിറ്റിലേക്ക് ജാമ്യഹര്‍ജി പരിഗണിക്കുന്ന ജഡ്ജി കടന്നിട്ടില്ല. ജാമ്യം നല്‍കിയാല്‍ കേസ് അന്വേഷണത്തെ ബാധിക്കുമോ എന്നതു മാത്രമാണ് കോടതി പരിഗണിക്കുക. ദിലീപ് പ്രഥമ ദൃഷ്ട്യാ കുറ്റക്കാരനാണെന്ന് കോടതിക്ക് ബോധ്യപ്പെടേണ്ടതും ഉണ്ടു. ഇത് കോടതിക്ക് ബോധ്യപ്പെട്ടിട്ടുമുണ്ട്.


വിചാരണ വേളയില്‍ പ്രഥമദൃഷ്ട്യാ ബോധ്യപ്പെടുന്നതിന് തെളിവുകള്‍ സാധുകരിക്കേണ്ടതായിട്ടുണ്ട്. ഇതിന് ശക്തമായ തെളിവുകള്‍ നിരത്തേണ്ടതുമുണ്ട്. കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിലാകും വിചാരണ നടക്കുക. തെളിവുകള്‍ ഈ സമയത്താണ് കണ്ടെത്തേണ്ടത്. വിചാരണ തുടങ്ങിക്കഴിഞ്ഞ് തെളിവ് അന്വേഷിച്ച് പോകാന്‍ കഴിയില്ല.


ഇനിയും നാല്‍പതു ദിവസം കഴിയും വരെയോ, കുറ്റപത്രം സമര്‍പ്പിക്കും വരെയോ ദിലിപിന് ജയിലില്‍ കിടക്കാനുള്ള സാഹചര്യമാണ് ഉള്ളത്. വീണ്ടും ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കാന്‍ കുറഞ്ഞത് ഒരു റിമാന്‍ഡ് പീരീഡ് കൂടി കഴിയണം. പതിനാലു ദിവസങ്ങള്‍ക്കു ശേഷം ദിലീപിന് വീണ്ടും ജാമ്യ പേക്ഷ നല്‍കാം. അതല്ലെങ്കില്‍ ഉടനെ തന്നെ സുപ്രീം കോടതിയെ സമീപിക്കാനുമാകും.


സുപ്രീം കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചാല്‍ പിന്നെ അവസരമില്ലെന്നതിനാല്‍ വളരെ കരുതലോടെ മാത്രമെ ദിലീപ് ഈ വഴിക്ക് നീങ്ങുകയുള്ളു. ഒരിക്കല്‍ കൂടി ഹൈക്കോടതിയെ സമീപിക്കുകയാണ് അഭികാമ്യം എന്ന് ദിലീപിന്റെ അഭിഭാഷകനായ രാമന്‍ പിള്ള കരുതുന്നു.

Tags : Dileep case 
Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ