General News

ദിലീപിനെതിരെ ശക്തമായ തെളിവില്ല, ദൃശ്യങ്ങളുള്ള ഫോണ്‍ ലഭിച്ചില്ല --കുറ്റപത്രം ദുര്‍ബലമാകുമെന്ന് സംശയം

Mon, Aug 07, 2017

Arabianewspaper 404
ദിലീപിനെതിരെ ശക്തമായ തെളിവില്ല, ദൃശ്യങ്ങളുള്ള ഫോണ്‍ ലഭിച്ചില്ല --കുറ്റപത്രം ദുര്‍ബലമാകുമെന്ന് സംശയം

നടിയെ ആക്രമിച്ച കേസിലെ ഗൂഡാലോചന കുറ്റത്തിലൂടെ ദിലീപിനെ രണ്ടാം പ്രതിയാക്കി കുറ്റപത്രം തയ്യാറാക്കുന്ന തിരക്കിലാണ് പോലീസ്. നടിയെ ആക്രമിച്ച പള്‍സര്‍ സുനി ഒന്നാം പ്രതിയും ദിലീപ് രണ്ടാം പ്രതിയുമാണ്.


ദിലീപിന്റെ ജാമ്യാപേക്ഷ വീണ്ടും ഹൈക്കോടതിക്കു മുന്നില്‍ പുതിയ അഭിഭാഷകന്‍ നല്‍കുമ്പോള്‍ ഇനിയും ജാമ്യത്തെ എതിര്‍ക്കാന്‍ പറ്റാത്ത സാഹചര്യമാണ് പോലീസിനുള്ളത്. കേസ് അന്വേഷണം പ്രാംരഭ ഘട്ടത്തിലാണെന്നും സ്വാധീനിക്കാന്‍ കെല്പുള്ള പ്രതി പുറത്തിറങ്ങിയാല്‍ സാക്ഷികളെ സ്വാധിനിക്കാനാകുമെന്ന പോലീസിന്റെ വാദം അംഗീകരിച്ചാണ് കോടതി ദിലീപിന് ജാമ്യം നിഷേധിച്ചത്. 


ഇതിനു പിന്നാലെ ജയിലില്‍ കഴിയുന്ന ദിലീപിന്റെ ആരോഗ്യ നില മോശമാമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. വെര്‍ട്ടിഗോ എന്ന രോഗം മൂലം തലകറങ്ങുകയും ഛര്‍ദ്ദിയുണ്ടാകുകയും ചെയ്തിരുന്നു. ചെവിയുടെ സന്തുലിതവസ്ഥ തെറ്റുന്നതാണ് ഇതിനു കാരണം. മാനസിക സമ്മര്‍ദ്ദം മൂലം ചെവിയുടെ ഇക്വിലിബ്രിയം കാത്തു സൂക്ഷിക്കുന്ന ഫ്‌ളൂയിഡ് കൂടി തലകറങ്ങി വീഴുന്ന രോഗമാണിത്. ജയിലില്‍ നിന്നും ലഭിച്ച മരുന്നുകള്‍ ദിലീപിന് ഫലമുണ്ടായില്ല. ആരോഗ്യ നില മോശമായിട്ടും ജയിലധികൃതര്‍ ദിലീപിനെ ആശുപത്രിയിലേക്ക് മാറ്റിയില്ല. പകരം വിദഗ്ദ്ധ ഡോക്ടറെ ജയിലിലേക്ക് കൊണ്ടു വരികയാണ് ചെയ്തത്.


സാക്ഷികള്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ രഹസ്യമൊഴി നല്‍കിയതും നിരവധി പേരെ പോലീസ് ചോദ്യം ചെയ്ത് കഴിഞ്ഞതും ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കത്തിച്ചു കളഞ്ഞതായി സുനിയുടെ അദ്യ അഭിഭാഷകര്‍ മൊഴി നല്‍കിയതിനാലും കേസ് അതിന്റെ അവസാന ഘട്ടത്തിലാണെന്ന് അനുമാനിക്കേണ്ടി വരും. ദിലീപിന്റെ റിമാന്‍ഡ് കാലാവധിയും ചൊവ്വാഴ്ച അവസാനിക്കും.


നിലവില്‍ ദിലീപ് പതിനൊന്നാം പ്രതിയാണ്. കേസില്‍ ദിലിപിന്റെ പങ്ക് തെളിയിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. ശക്തമായ തെളിവുകളുടെ അഭാവമാണ് പോലീസിനെ കുഴയ്ക്കുന്നത്.


ദിലീപും പള്‍സര്‍ സുനിയും തമ്മിലുള്ള ബന്ധം കോടതിക്കുമുന്നില്‍ സ്ഥാപിക്കാനായാലും ദിലീപ് പറഞ്ഞിട്ടാണ് സുനി കുറ്റം ചെയ്തതെന്ന് സ്ഥാപിക്കാന്‍ പോലീസും പ്രോസിക്യൂഷനും പാടുപെടുമെന്നാണ് നിയമ വിദഗ്ദ്ധര്‍ പറയുന്നത്.


ഇരുവരും ഒരേ ഫോണ്‍ ലൊക്കേഷനില്‍ ഉണ്ടാകുന്നത് ഗൂഡാലോചന സ്ഥാപിക്കാന്‍ മതിയായ തെളിവാകില്ല. ഇരുവരും ഒരേ മേഖലയില്‍ പണി എടുക്കുന്നവരായതിനാല്‍ പല സെറ്റുകളിലും ഒരുമിച്ചുണ്ടാകുന്നത് സ്വാഭാവികം മാത്രമാകും, ദിലീപ് പള്‍സര്‍ സുനിയെ കണ്ടതായി സ്ഥാപിക്കാനുള്ള തെളിവു പോലീസിന്റെ കൈവശമില്ല. തൃശൂരിലെ ജോര്‍ജേട്ടന്‍സ് പൂരം എന്ന സിനിമാ സെറ്റില്‍ ദിലീപ് എടുത്ത സെല്‍ഫിയില്‍ സുനി ദുരെ മാറി നില്‍ക്കുന്ന ചിത്രത്തിന്റെ കാര്യത്തിലും ഇതേ പ്രശ്‌നമുണ്ട്. ഇതൊന്നും കുറ്റം സ്ഥാപിക്കാന്‍ നേരിട്ടുള്ള തെളിവാകില്ല.


പോലാീസിന് മൊഴി നല്‍കിയവര്‍ കോടതിയില്‍ പറയുന്നത് മറിച്ചായാല്‍ കേസ് ദുര്‍ബലമാകും.


ഡി സിനിമാസ് എന്ന മള്‍ട്ടിപ്ലക്‌സ് പൂട്ടിച്ചതും , ഭൂമി കയ്യേറ്റ ആരോപണം ശരിയല്ലെന്ന് തെളിഞ്ഞതും എല്ലാം തനിക്കെതിരെ ബോധപൂര്‍വം ആരോ നടത്തുന്ന ഗൂഡാലോചനയാണെന്ന് ദിലീപിന് വാദിക്കാന്‍ കഴിയും.


പ്രഗത്ഭനായ രാം കുമാറിനു പകരം സൂത്രശാലിയായ രാമന്‍ പിള്ളയെ ദിലീപ് വക്കാലത്ത് ഏല്‍പ്പിച്ചത് പോലീസിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. പോലീസിന്റെ ന്യൂനതകളില്‍ ഫോക്കസ് ചെയ്യുന്നതാണ് രാമന്‍പിള്ളയുടെ ശൈലി.


ഇതിനാല്‍ ദിലീപിന് അനുകൂലമാകുന്ന യാതൊന്നും കുറ്റപത്രത്തില്‍ ഉണ്ടാവരുതെന്ന് പോലീസ് ശ്രദ്ധ ചെലുത്തുന്നു. ദിലീപിന്റെ ദാമ്പത്യ ജീവിതം തകര്‍ക്കാന്‍ കാരണക്കാരിയായ സഹപ്രവര്‍ത്തകയോട് തോന്നിയ സ്വാഭാവിക വൈരാഗ്യമാണ് ദിലീപിനെ കൊണ്ട് ഈ ക്വട്ടേഷന്‍ പണി ചെയ്യിപ്പിച്ചതെന്ന് കുറ്റപത്രത്തില്‍ എഴുതി പിടിപ്പിച്ച പോലീസ് ഇത് തെളിയിക്കുന്നതില്‍ പരാജയപ്പെടുമെന്നാണ് സൂചന.


. മഞ്ജു വാര്യരില്‍ നിന്ന് വിവാഹ മോചനം തേടാന്‍ ദിലീപ് നല്‍കിയ കാരണം മകളെ നോക്കുന്നില്ലെന്നും, ജീവിത പങ്കാളിയെന്ന നിലയില്‍ തന്റെ സുഖത്തിലും ദുഖത്തിലും പങ്കു ചേരുന്നില്ലെന്നുമുള്ള വാദമായിരുന്നു. മകള്‍ പിതാവിനൊപ്പം നില്‍ക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചതും ദിലീപിന് അനുകൂലമാണ്.


കാവ്യ മാധവനുമായുള്ള ദിലീപിന്റെ ബന്ധമാണ് വിവാഹമോചനത്തിന് കാരണമെന്ന് കുടുംബ കോടതിയില്‍ മഞ്ജു പറഞ്ഞിരുന്നില്ല. ദിലീപിന് സഹ പ്രവര്‍ത്തകയോട് ഇത്രയും ക്രൂരത കാണിക്കണമെന്ന് സ്ഥാപിക്കാന്‍ മറ്റെന്തെങ്കിലും കാരണം പോലീസിന് കണ്ടെത്തണം. ആക്രമിക്കപ്പെട്ട നടി ഒരിടത്തും ദിലീപിന്റെ പേര് പരാമര്‍ശിക്കാത്തതും രാമന്‍ പിള്ളയ്ക്ക് കാര്യങ്ങള്‍ എളുപ്പമാക്കും.


റിയല്‍ എസ്റ്റേറ്റ് ബന്ധത്തെ കുറിച്ച് പോലീസ് പറയുന്നുണ്ടെങ്കിലും വാദി ഇത്തരമൊരു കാര്യം എവിടേയും ഉന്നയിച്ചിട്ടില്ലന്നത് പ്രശ്‌നമാകും. ക്വട്ടേഷനാണെന്ന് പള്‍സര്‍ സുനി പറഞ്ഞതായി നടിയുടെ മൊഴിയില്‍ ഉണ്ടെങ്കിലും ആരാണ് ഇതിനു പിന്നിലെന്ന് സൂചന നല്‍കിയില്ല.


അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിലൊന്നും ഇല്ലാതിരുന്ന ദിലീപിന്റെ പേര് പുറത്തു വന്നത് ജയിലില്‍ കിടന്ന് പള്‍സര്‍ സുനി എഴുതിയ കത്തും ഫോണ്‍വിളിയുമാണ്. എന്നാല്‍, ക്വട്ടേഷന്‍ പണം ലഭിക്കാന്‍ ഇത്തരമൊരു നീക്കത്തിലൂടെ ഉള്ള അവസരം പ്രതി കളഞ്ഞു കുളിക്കില്ലെന്നും അതേസമയം, ബോധപൂര്‍വം തന്നെ കുടുക്കാന്‍ മറ്റൊരേ നല്‍കിയ ക്വട്ടേഷനാണ് ഇതെന്ന് വാദിച്ച് അന്വേഷണത്തെ അട്ടിമറിക്കാനാകും ദിലീപിന്റെ അഭിഭാഷകന്‍ ശ്രമിക്കുക എന്നും സൂചനയുണ്ട്.


ലൈംഗി അതിക്രമം നടത്തി ബ്ലാക് മെയില്‍ ചെയ്യാനായിരുന്നു ലക്ഷ്യമെന്നത് സ്ഥാപിക്കാന്‍ ഇത് റെക്കോര്‍ഡ് ചെയ്ത മൊബൈല്‍ ഫോണ്‍ ലഭിക്കാത്തതും പ്രശ്‌നമാകും. പരസ്പരം അറിയാവുന്നവരായ പ്രതികളും വാദിയും വിചാരണ വേളയില്‍ ഒന്നിക്കാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല. ഇങ്ങിനെ സംഭവിച്ചാല്‍ അത് പോലീസിന് തിരിച്ചടിയാകും.


നടക്കാത്ത സംഭവത്തിന്റെ പേരില്‍ തന്നെ വേട്ടയാടിയതിന് ദിലീപ് 100 കോടിയുടെ മാനനഷ്ടക്കേസ് പോലീസിനും മാധ്യമങ്ങള്‍ക്കുമെതിരെ ഫയല്‍ ചെയ്യുമെന്നാണ് ചില അഭിഭാഷക വൃത്തങ്ങള്‍ നല്‍കുന്ന സൂചന.


ഇതെല്ലാം പരിഗണിച്ചാണ് പോലീസ് കരുതലോടെ കുറ്റപത്രം തയ്യാറാക്കുന്നത്.


 

Tags : Dileep 
Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ