General News

കര്‍ണാടക കോണ്‍ഗ്രസിന്റെ സമ്പത്തും ബുദ്ധിയുമായ ശിവകുമാര്‍

Thu, Aug 03, 2017

Arabianewspaper 268
കര്‍ണാടക കോണ്‍ഗ്രസിന്റെ സമ്പത്തും ബുദ്ധിയുമായ ശിവകുമാര്‍

ബംഗലൂരില്‍ ആദായ നികുതി വകുപ്പ് ബുധനാഴ്ച രാവിലെ 30 ഇടങ്ങളില്‍ ഒരേ സമയം നടത്തിയ റെയ്ഡില്‍ ലക്ഷ്യമിട്ടത് കര്‍ണാടകയുടെ ഊര്‍ജ്ജ മന്ത്രിയും അടുത്ത നിയമ സഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പദം കണ്ണു നട്ടു നിന്ന അതിസമ്പന്നനായ നേതാവ് ഡി കെ ശിവകുമാറിനെയാണ്.


ഗുജറാത്തില്‍ നിന്നുള്ള നാല്‍പതോളം കോണ്‍ഗ്രസ് എംഎല്‍എമാരെ ബിജെപിയുടെ കുതിരക്കച്ചവടത്തില്‍ നിന്നും രക്ഷിക്കാന്‍ പാര്‍ട്ടി ദേശീയ നേതൃത്വം വിശ്വസ്തതയോടെ ഏല്‍പ്പിച്ചത് ഡി കെ ശിവകുമാറിനെയാണ്.


ദിവസം അഞ്ചു ലക്ഷം രൂപ വാടകയുള്ള റിസോര്‍ട്ടില്‍ കഴിഞ്ഞ ഒരാഴ്ചയായി താമസിക്കുന്ന എംഎല്‍എമാര്‍ക്കൊപ്പം കാവല്‍ക്കാരനെ പോലെ ഡി കെ ശിവകുമാറും റിസോര്ട്ടില്‍ ഉണ്ടായിരുന്നു.


ഈ സമയത്താണ് ആദായ നികുതി വകുപ്പിലെ 130 ഉദ്യോഗസ്ഥര്‍ സിആര്‍പിഎഫ് സഹായത്തോടെ മുപ്പതോളം കേന്ദ്രങ്ങളില്‍ എത്തിയത്. പതിനൊന്ന് കോടി രൂപ ക്യാഷായാണ് പിടികൂടിയത്. ഇതി്ല്‍ അഞ്ചര കോടി പിടികൂടിയത് ഡെല്‍ഹിയിലെ വസതിയില്‍ നിന്നാണ്.


ഡി കെ ശിവകുമാറിന്റെ സഹോദരനും എംഎല്‍സിയുമായ രവിയുടെ വസതിയിലും റെയ്ഡ് നടന്നു. റെയ്ഡുകള്‍ രണ്ടാം ദിവസവും തുടരുകയാണ്.


റിസോര്‍ട്ടില്‍ റെയ്ഡ് നടത്തി ശിവകുമാറിനെയും കസ്റ്റഡിയില്‍ എടുത്ത് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പോയത് ബംഗലൂരിലെ സദാശിവ നഗറിലെ വസതിയിലേക്കാണ് .


കൊട്ടാര സദൃശമായ വസതിയില്‍ നിറയെ തോക്കു ധാരികളായ സിആര്‍പിഫ് ജവാന്‍മാര്‍ നിലയുറപ്പിച്ചിരുന്നു. ഇതിനിടയില്‍ പോലീസും ഉദ്യോഗസ്ഥരും വന്നത് കണ്ട് ശിവകുമാറിന്റെ അനുയായികള്‍ മുദ്രാവാക്യം മുഴക്കി എത്തിക്കൊണ്ടിരുന്നു.


മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനിടയില്‍ ഇടയ്ക്ക് ഒരു വട്ടം ശിവകുമാര്‍ വീടിന്റെ മട്ടുപ്പാവിലെത്തി അനുയായികളെ കൈ വീശി കാണിച്ചു, ചിരിയില്ലാത്ത മുഖത്ത് ഗൗരവമായിരുന്നു.


കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചു വന്ന ഡി കെ ശിവകുമാറിന് മന്ത്രി സ്ഥാനം കൊടുക്കാന്‍ സിദ്ധ രാമയ്യ ഒരുക്കമായിരുന്നില്ല അഞ്ചു തവണ എംഎല്‍എയായ ശിവകുമാറിനെതിരെ നിരവധി അഴിമതി, ഭുമി തട്ടിപ്പ് കേസുകളാണ് നിലവിലുണ്ടായിരുന്നത്. ക്ലീന്‍ ഇമേജ് ഇല്ലാത്തയാളെ മന്ത്രിയാക്കേണ്ടെന്ന സിദ്ധ രാമയ്യയുടെ നിലപാടിനെ വെട്ടിയത് ഡെല്‍ഹിയില്‍ നിന്നും ഹൈക്കമാന്‍ഡാണ്.


കര്‍ണാടകയില്‍ പലപ്പോഴും കോണ്‍ഗ്രസിനെ പണം കൊണ്ടും ബുദ്ധികൊണ്ടും സഹായിച്ചു വന്നിരുന്ന ശിവകുമാറിന് അദ്ദേഹം ആവശ്യപ്പെടുന്ന മന്ത്രാലയം നല്‍കണമെന്ന കര്‍ശന നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഊര്‍ജ്ജ വകുപ്പ് നല്‍കുകയായിരുന്നു.


കെപിസിസിയുടെ വര്‍ക്കിംഗ് പ്രസിഡന്റായിരുന്ന ശിവകുമാറിനെതിരെ പാര്‍ട്ടിയില്‍ അധികമാരും ശബ്ദം ഉയര്‍ത്തിയിരുന്നില്ല. വന്‍ തോതില്‍ പണം സമ്പാദിച്ച ശിവകുമാറിന് മന്ത്രിസ്ഥാനം നല്‍കരുതെന്ന ആവശ്യവുമായി മുതിര്‍ന്ന നേതാവ് കൃഷ്ണ ഗൗഡ രംഗത്ത് എത്തിയിരുന്നു.


എന്നാല്‍, ദേശീയ നേതൃത്വത്തിന്റെ പിന്‍ബലത്തോടെ ശിവുകുമാര്‍ മന്ത്രിസഭയിലെത്തി. കര്‍ണാടക തിരിച്ചു പിടിക്കാന്‍ ലക്ഷ്യമിടുന്ന ബിജെപി മുന്‍ മുഖ്യമന്ത്രി എസ് എം കൃഷ്ണയെ തങ്ങളുടെ പക്ഷത്തേക്ക് അടുപ്പിച്ച് നിര്‍ത്തിയിരിക്കുകയാണ്. അദ്ദേഹത്തെ ഉപയോഗിച്ച് ഗുജറാത്ത് മോഡല്‍ ചാക്കിടല്‍ ഉടനെ കര്‍ണാടകയില്‍ നടക്കുമെന്നാണ് സൂചന.


എംഎല്‍എമാരെ പിടിച്ചു നിര്‍ത്താന്‍ കെല്പുള്ള ഏക നേതാവ് ഡി കെ ശിവകുമാറാണ്, ഇദ്ദേഹത്തെ പൂട്ടിയാല്‍ മാത്രമേ ബിജെപിയുടെ തന്ത്രം നടപ്പിലാക്കുകയുള്ളു. ആദ്യ ദിവസത്തെ റെയ്ഡില്‍ പതിനൊന്നു കോടി രൂപ ക്യാഷായി പിടി്‌ച്ചെടുത്തതോടെ കോണ്‍ഗ്രസ് പ്രതിരോധത്തിലായി. റെയ്ഡിനെ അപലപിക്കുമ്പോഴും ഇത്രയും തുകയുടെ ഉറവിടത്തെക്കുറിച്ച് ബോധ്യപ്പെടുത്താന്‍ ശിവകുമാറിന് കഴിഞ്ഞിട്ടില്ല.


സാമ്പത്തികമായി കോണ്‍ഗ്രസിനെ ഒരു വശത്ത് തകര്‍ക്കുക എന്ന ലക്ഷ്യവും ബിജെപിക്ക് ഉണ്ട്. കോണ്‍ഗ്രസ് അധികാരത്തില്‍ ഇരുന്നപ്പോഴൊന്നും എതിരാളികളെ സാമ്പത്തികമായി തകര്‍ക്കാന്‍ ഒരുമ്പെട്ടിരുന്നില്ല. ഇക്കുറി ബിജെപി മുന്‍പൊന്നും കേട്ടു കേള്‍വി പോലുമില്ലാത്ത രീതിയിലാണ് റെയ്ഡുമായി എത്തിയത്.


തിരഞ്ഞെടുപ്പിനു തയ്യാറായി നില്‍ക്കുന്ന കര്‍ണാടകയില്‍ മന്ത്രിയെ അഴിമതിയിലും കള്ളപ്പണത്തിലും കുടുക്കുക വഴി ബിജെപി നിലവില്‍ മേല്‍ക്കൈ നേടിക്കഴിഞ്ഞു, ശിവകുമാറിനെ തളളാനും കൊള്ളാനും കഴിയാത്ത അവസ്ഥയിലാണ് കോണ്‍ഗ്രസ് . ഒരു വശത്ത് ഗുജറാത്തിലെ വിഷയം കത്തി നില്‍ക്കുമ്പോഴാണ് മറുവശത്ത് കര്‍ണാടകയില്‍ എത്തി ചെക്ക് മേറ്റ് പറഞ്ഞ് ബിജെപി കളിക്കുന്നത്.

Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ