General News

ചൈനീസ് ദമ്പതികളെ ഐഎസ് ഭീകരര്‍ വധിച്ച സംഭവം: സീ ജിന്‍പിംഗ് ഷെരീഫിന് മുഖം കൊടുത്തില്ല, കൂടിക്കാഴ്ച നടത്തിയില്ല

Sun, Jun 11, 2017

Arabianewspaper 515
സീ ജിന്‍പിംഗ് ഷെരീഫിന് മുഖം കൊടുത്തില്ല, കൂടിക്കാഴ്ച നടത്തിയില്ല

പാക്കിസ്ഥാനില്‍ വെച്ച് രണ്ട് ചൈനീസ് അദ്ധ്യാപകര്‍ ഐഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തെ തുടര്‍ന്ന് ചൈന-പാക് ബന്ധം ഉലയുന്നു. കസാഖിസ്ഥാന്റെ തലസ്ഥാനമായ അസ്താനയില്‍ നടക്കുന്ന ഷംഗായി ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ ചൈന, പാക് രാഷ്ട്രത്തലവന്‍മാരുടെ പെരുമാറ്റമാണ് ഏവരേയും അമ്പരിപ്പിച്ചത്.


ഇന്ത്യയുമായി ബന്ധം വഷളായിട്ടും പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയെ കണ്ട് പുഞ്ചിരിക്കാനും കൈ കൊടുക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോഡി തയ്യാറായപ്പോഴാണ് സാമ്പത്തിക ഇടനാഴി ഉള്‍പ്പെടെ നിരവധി തന്ത്രപ്രധാനമായ പദ്ധതികള്‍ മുന്നോട്ടു പോകുന്നതിനിടെയും ചൈനീസ് പ്രസിഡന്റ് പാക് പ്രധാനമന്ത്രിയെ കണ്ടപ്പോള്‍ മുഖം തിരിച്ചത്.


ചൈനീസ് പ്രസിഡന്റിന്റെ ഈ പെരുമാറ്റം മനസിലാക്കിയാവണം നവാസ് ഷെരീഫും ഫോട്ടോ സെഷനില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ പോലും സീ ജിന്‍പിംഗിനെ നോക്കിയില്ല.


ചൈനീസ് പൗരന്‍മാരായ രണ്ടു പേര്‍ പാക്കിസ്ഥാനില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ചൈനയില്‍ ജനങ്ങള്‍ക്കിടയില്‍ അതിയായ രോഷവും ദുഖവും ഉണ്ടെന്നും ഇക്കാരണത്താലാണ് പ്രസിഡന്റ് സീ ജിന്‍പിംഗ് പാക് പ്രധാനമന്ത്രിയുമായി സൗഹൃദം നടിക്കാന്‍ പോലും തയ്യാരാകാതിരുന്നതെന്ന് ചൈനീസ് മാധ്യമങ്ങള്‍ പറയുന്നു.


ചൈനീിസ് പ്രസിഡന്റ് കസാഖ് പ്രസിഡന്റിനേയും ഇന്ത്യന്‍ പ്രധാനമന്ത്രിയേയും റഷ്യന്‍ പ്രസിഡന്റിനേയും മറ്റും വ്യക്തിപരമായി കണ്ട് കൂടിക്കാഴ്ച നടത്തിയെങ്കിലും ഷെരീഫിനെ മനപൂര്‍വം ഒഴിവാക്കുകയായിരുന്നു,.


ബലൂചിസ്ഥാനില്‍ അദ്ധ്യാപകരായ ചൈനീസ് ദമ്പതികളെ മെയ് 21 മുതല്‍ കാണാതായിരുന്നു. ക്വറ്റയില്‍ ചൈനീസ് ഭാഷ പഠിപ്പിക്കുന്നവരാണ് ഇവര്‍. ഐഎസ് അനുകൂല മാധ്യമമായ അമാഖ് ഇവരെ വധിക്കുന്ന വീഡി.യോ പുറത്തു വിട്ടിരുന്നു.


ഇസ്ലാം മത വിശ്വാസികള്‍ക്കെതിരെ ചൈന നടത്തുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ചാണ് ഈ നടപടിയെന്നും ഐഎസ് പരഞ്ഞിരുന്നു. ഇതോടെ,. പാക്കിസ്ഥാനിലെ തീവ്രവാദത്തെ തള്ളിപ്പറയാനും മറ്റും ചൈന തയ്യാറായിട്ടുണ്ട്. പാക്കിസ്ഥാന്റെ സംരക്ഷണയില്‍ കഴിയുന്ന തീവ്രവാദി മൗലാന മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെ വാദത്തെ ഐക്യ രാഷ്ട്ര സഭയുടെ സുരക്ഷാ കൗണ്‍സിലില്‍ വീറ്റോയിലൂടെ എതിര്‍ത്തു വരുന്ന ചൈന ഇതോടെ അയയുമെന്നാണ് കരുതുന്നത്.


ബലൂചിസ്ഥാനില്‍ ചൈന-പാക് സാമ്പത്തിക ഇടനാഴിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ആയിരക്കണക്കിന് ചൈനീസ് തൊഴിലാളികള്‍ എത്തിയത് പ്രദേശ വാസികളില്‍ അമര്‍ഷം ഉണ്ടാക്കിയിട്ടുണ്ട്. ചൈനയുടെ സ്വാധീനം മേഖലയില്‍ വര്‍ദ്ധിച്ചതിനെതുടര്‍ന്നാണ് ഇത്തരം സംഭവങ്ങളെന്ന് വിലയിരുത്തപ്പെടുന്നു.


ചൈനക്കാരെ തട്ടിക്കൊണ്ടു പോയി മോചന ദ്രവ്യം ആവശ്യപ്പെടുന്ന സംഭവങ്ങള്‍ അടുത്തിടെ വര്‍ദ്ധിച്ചിട്ടുണ്ട്. 46000 കോടി ഡോളറിന്റെ സാമ്പത്തിക ഇടനാഴി പദ്ധതിക്കായി ചൈനീസ് എഞ്ചിനീയറിംഗ് കമ്പനികളും മറ്റും ബലൂചിസ്ഥാനില്‍ എത്തിയിട്ടുണ്ട്. ബലൂചിസ്ഥാനിലെ ഗ്വവ്ദര്‍ തുറുമുഖമാണ് പദ്ധതിയിലെ പ്രധാന കേന്ദ്രം. പാക് അധീന കാശ്മീരിലൂടെയാണ് സാമ്പത്തിക ഇടനാഴി കടന്നു പോകുന്നത്. ഇന്ത്യയുടെ അവകാശവാദമുള്ള സ്ഥലത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്നാണ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്.


തങ്ങളുടെ പൗരന്‍മാരെ സംരക്ഷിക്കാന്‍ പാക്കിസ്ഥാന് കഴിഞ്ഞില്ലെന്നും ഇതിനായി കാര്യമായി പാക് പട്ടാളം ഒന്നും ചെയ്തില്ലെന്നും ചൈനീസ് വിദേശ കാര്യ മന്ത്രാലയം കരുതുന്നു. 20,000 ചൈനീസ് പൗരന്‍മാരാണ് ഇപ്പോള്‍ പാക്കിസ്ഥാനിലുള്ളത്.


 

Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ