General News

കണ്ണൂരില്‍ കന്നുകുട്ടിയെ അറുത്ത സംഭവം: മൂന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് സസ്‌പെന്‍ഷന്‍

Mon, May 29, 2017

Arabianewspaper 320
കണ്ണൂരില്‍ കന്നുകുട്ടിയെ അറുത്ത സംഭവം:  മൂന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് സസ്‌പെന്‍ഷന്‍

കന്നുകാലി കശാപ്പിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന കേന്ദ്ര സര്‍ക്കാര്‍ നിയമത്തിനെതിരെ കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് കാര്‍ കന്നുകുട്ടിയെ പരസ്യമായി തെരുവോരത്ത് അറുത്ത് പ്രതിഷേധിച്ച സംഭവത്തില്‍ മൂന്നു പേര്‍ക്ക് സസ്‌പെന്‍ഷന്‍, ഇത്തരം പ്രാകൃതവും സംസ്‌കാരമില്ലാത്തതുമായ നടപടി ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്ന് കോണ്‍ഗ്രസ് ദേശീയ വക്താവ് രണ്‍ദീപ് സര്‍ജെ വാലെ പറഞ്ഞു.


യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയത് ഇന്ത്യയുടെ സംസ്‌കാരിക പൈതൃകത്തിന് ചേര്‍ന്ന നടപടിയല്ല. പശു ഇന്ത്യക്കാര്‍ക്ക് വിശുദ്ധ മൃഗമാണെന്നും ഇത്തരം ഇതിനെ അംഗികരിക്കാത്തവര്‍ക്ക് കോണ്‍ഗ്രസില്‍ സ്ഥാനമില്ലെന്നും സര്‍ജെ വാലെ പറഞ്ഞു,. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി റിജില്‍ മാക്കുറ്റി ഉള്‍പ്പെട മൂന്നു പേരെയാണ് സംഘടനയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തത്.


കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി സംഭവത്തെ അന്ത്യന്തം കിരാതമായ നടപടിയെന്നാണ് വിമര്‍ശിച്ചത്. തനിക്ക് വ്യക്തിപരമായും പാര്‍ട്ടിക്കും ഇതിനോട് യോജിക്കാനാവില്ലെന്നാണ് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചത്.


കേരളത്തില്‍ ഇടതു പാര്‍ട്ടികളോട് മത്സരിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധമാണ് പാളിയത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനെ വെട്ടിലാക്കാന്‍ ബിജെപി ശക്തമായ പ്രചാരണമാണ് അഴിച്ചു വിട്ടിരിക്കുന്നത്.


ചന്തകളില്‍ നിന്ന് കന്നുകാലികളെ അറവു ശാലകളിലേക്ക് വില്‍പന നടത്തുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയതിനെതിരെ കേരളത്തില്‍ നടക്കുന്ന ബീഫ് ഫെസ്റ്റിവലുകള്‍ നിര്‍ഭാഗ്യകരമാണെന്ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് അഭിപ്രായപ്പെട്ടു.


മതേതരത്വത്തിന്റെ പേരില്‍ ഇതര മതസ്ഥരുടെ വികാരങ്ങള്‍ മാനിക്കുന്നതിനെ കുറിച്ച് വാചാലാരാകുന്ന എന്ത് കൊണ്ട് കേരളത്തിലെ നിര്‍ഭാഗ്യകരമായ സംഭവങ്ങളെ കുറിച്ച് പ്രതികരിക്കുന്നില്ലെന്ന് ആദിത്യനാഥ് ചോദിച്ചു.


കണ്ണൂരില്‍ യൂത്ത കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി റിജില്‍ മാക്കുറ്റിയുടെ നേതൃത്വത്തിലാണ് പതിനെട്ട് മാസം പ്രായമായ കാളക്കുട്ടിയെ പരസ്യമായി തെരുവോരത്ത് അറുത്തത്. ഇതിനെതിരെ യുവമോര്‍ച്ച നല്‍കിയ പരാതിയില്‍ കണ്ണൂര്‍ പോലീസ് കേസെടുത്തു. ഒരു വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.


സംഭവത്തില്‍ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ വിമര്‍ശനവുമായി രംഗത്ത് വന്നതോടെ പാര്‍്ട്ടിക്കുള്ളില്‍ രണ്ടഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. കേന്ദ്ര നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ മിതത്വം പാലിക്കണമായിരുന്നുവെന്നും കേരളത്തിലെ നടപടികള്‍ അടുത്തു തന്നെ തിരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തിലും കര്‍ണാടകയിലും കോണ്‍ഗ്രസിന് ദോഷം ചെയ്യുമെന്നും ഹൈക്കമാന്‍ഡ് വിലയിരുത്തി.


കര്‍ണാടകയിലും ഗുജറാത്തിലും ഗോവധ നിരോധനം നിലവിലുള്ള സംസ്ഥാനമാണ്. ബിജെപി പശു രാഷ്ട്രീയം കളിക്കുമെന്ന ആശങ്കയാണ് ഇപ്പോള്‍ കോണ്‍ഗ്രസിനുള്ളത്. കന്നുകുട്ടിയെ കശാപ്പു ചെയ്യാന്‍ നേതൃത്വം നല്‍കിയ റിജിലും രാഹുല്‍ ഗാന്ധിയും ഒരുമിച്ചു നില്‍ക്കുന്ന ചിത്രങ്ങളുമായി ബിജെപി രംഗത്ത് എത്തിയിട്ടുണ്ട്. രാഹുലിന്റെ അടുത്ത അനുയായിയാണ് കണ്ണൂരില്‍ ഗോവധത്തിന് കൂട്ടുനിന്നതെന്ന് ബിജെപി വക്താവ് നൂപൂര്‍ ശര്‍മ ട്വിറ്ററില്‍ കുറിച്ചു.


കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം വലിച്ചു കീറി ചവറ്റുകുട്ടയില്‍ ഇടണെമന്ന് മുതിര്‍ന്ന നേതാവ് എകെ ആന്റണി പറയുമ്പോള്‍, ഹിന്ദു എന്ന നിലയില്‍ കേന്ദ്ര നിയമത്തെ താന്‍ സ്വാഗതം ചെയ്യുമെന്നാണ് മറ്റൊരു ദേശീയ നേതാവായ ദിഗ് വിജയ് സിംഗ് പറഞ്ഞത്. അണികളാണ് ഇതോടെ ആശയക്കുഴപ്പത്തിലായത്.

Tags : Kannur 
Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ