Local News

വിഷ്ണു ശങ്കര്‍ - നീ ഈ ചതി ചെയ്തല്ലോ

Mon, May 01, 2017

Arabianewspaper 3262
വിഷ്ണു ശങ്കര്‍ - നീ ഈ ചതി ചെയ്തല്ലോ ! facebook.com/koottukombanmarewf

ആനപ്രേമികള്‍ കടുത്ത നിരാശയിലാണ്. തലപ്പൊക്കത്തില്‍ മറ്റോതൊരു കൊമ്പനേയും പിന്നിലാക്കുന്ന ചുള്ളിപ്പറമ്പില്‍ വിഷ്ണുശങ്കറിന്റെ കൂടെ നിഴലു പോലെ നീങ്ങിയ സന്തോഷിനെ ഒരു നിമിഷത്തിന്റെ പരിഭ്രമത്തിനും രോഷത്തിനുമിടയില്‍ നിലത്തുവലിച്ചിട്ട് കൊമ്പന്‍ കുത്തി.


പൂരപ്പറമ്പുകളെ വിറപ്പിച്ച പാരമ്പര്യമുള്ള വിഷ്ണു ശങ്കറിനെ വടിയും തോട്ടിയും ഉപയോഗിക്കാതെ ചട്ടം പഠിപ്പിക്കാമെന്ന വാഗ്ദാനവുമായാണ് വൈക്കം തലയോലപ്പറമ്പ് സ്വദേശിയായ ഉപ്പുമാക്കല്‍ സന്തോഷ് ഒന്നര വര്‍ഷം മുമ്പ് ചുമതലയേറ്റത്.


ചിറക്കല്‍ കാളിദാസനെ പരിപാലിച്ചു വന്ന സന്തോഷ് മര്യാദകെട്ട വിഷ്ണുശങ്കറിനെ അടിയും തടയുമില്ലാതെ ചട്ടം പഠിപ്പിക്കുമെന്ന് കരുതിയവര്‍ കുറവായിരുന്നു. എന്നാല്‍, നോട്ടവും ശാസനയും കൊണ്ട് മാത്രം അനുസരണക്കേടിന്റെ ആശാനായിരുന്ന വിഷ്ണു ശങ്കറിനെ സന്തോഷിന്റെ പരിപാലനം മര്യാദക്കാരനാക്കി.


ഉത്സവപ്പറമ്പുകളില്‍ പൂരം മുടക്കി എന്ന ദുഷ്‌പേരു ലഭിച്ചതോടെ കെട്ടുതറയില്‍ ആര്‍ക്കും വേണ്ടാതെ നിന്നിരുന്ന വിഷ്ണു ശങ്കറിനെ നേരില്‍ ചെന്ന് മോനെ എന്നു വിളച്ചയാളാണ് സ്‌ന്തോഷ്.


ഡെല്‍ഹി പോലീസിലേക്ക് റിക്രൂട്ട്‌മെന്റ് ലഭിച്ചതിനെ തുടര്‍ന്ന് ജോലിക്ക് ജോയിന്‍ ചെയ്യാന്‍ തീരുമാനിച്ച വ്യക്തിയാണ് സന്തോഷ്. ലാത്തിപിടിക്കേണ്ട കൈകളില്‍ ആനയുടെ തോട്ടി പിടിക്കാമെന്നത് ഒരു ഉള്‍വിളിയായിരുന്നു.


കാട്ടുമൃഗമായ ആനയെ നാട്ടില്‍ എത്തിച്ച് അറിയാത്ത ഭാഷ പറഞ്ഞ് അനുസരിപ്പിച്ച് തല്ലിയും തലോടിയും വളര്‍ത്തുകയും മദപ്പാടു സമയത്ത് ഉത്സവത്തിന് കൊണ്ടു പോയില്ലേങ്കിലും ചെലവ് നികത്താന്‍ തടിപിടിപ്പിക്കുകയും ചെയ്യുന്ന നയം ശരിയല്ലെന്നായിരുന്നു സന്തോഷ് പറഞ്ഞിരുന്നത്.


ആനയെ സ്‌നേഹിക്കുക. പറ്റുമെങ്കില്‍ മകനെ പോലെ തന്നെ പരിപരിക്കുക. ഇതായിരുന്നു സന്തോഷിന്റെ നയം,. ഇങ്ങിനെ ഇടഞ്ഞു നിന്നിരുന്ന വിഷ്ണു ശങ്കറിനെ കെട്ടുതറയില്‍ നിന്ന് വിളിച്ചിറക്കി. തോട്ടിലിറക്കി കുളിപ്പിച്ചും പരിപരിച്ചും സന്തോഷ് എന്ന പരിശീലകന്‍ മറ്റു പാപ്പാന്‍മാര്‍ക്ക് മാത്ൃകയായി,


സൗമ്യനായ സന്തോഷിനെ വിഷ്ണു ശങ്കര്‍ എന്ന കൊമ്പന്‍ അനുസരിക്കുന്നത് കണ്ട് പലരും വിസ്മയം പൂണ്ടിരുന്നു. ഉച്ചത്തിലുള്ള ശാസനകള്‍ മാത്രമായിരുന്നു സന്തോഷിന്റെ മാര്‍ഗം. കൊമ്പന്‍ അത് അക്ഷരം പ്രതി അനുസരിക്കുമായിരുന്നു.


ഈ വിസ്മയത്തിനുള്ള അംഗീകാരമായാണ് ആന പ്രേമികള്‍ 2016 ലെ മികച്ച ആനപ്പാപ്പനുള്ള ഗജേന്ദ്ര സേവനരത്‌നം പുരസ്‌കാരം നല്‍കി ആദരിച്ചത്. തലപ്പൊക്കമത്സരത്തിന്റെ വീറും വാശിയും നിറഞ്ഞ വേദികളില്‍ കഴുത്തിന് താഴെ ചെറിയ സൂചിവെച്ച് കുത്തി തലപ്പൊക്കിക്കുന്ന വേലയൊന്നും സന്തോഷ് പയറ്റിയിട്ടില്ല.


സ്‌നേഹത്തിന്റെ ഭാഷയില്‍ മാത്രം ചട്ടം പഠിപ്പിച്ച സന്തോഷിനെ കഴിഞ്ഞ ശനിയാഴ്ച വിഷ്ണു ശങ്കര്‍ ചേര്‍ത്തലയിലെ കളത്തില്‍ ക്ഷേത്ര മതില്‍ക്കകത്ത് വെച്ച് നിലത്തു വലിച്ചിട്ട് കുത്തിയത് എന്തിനെന്ന് ആര്‍ക്കും അറിവില്ല. ഒരു നിമിഷത്തിന്റെ രോഷമോ, പരിഭ്രമമോ ആയിരിക്കാം വിഷ്ണു ശങ്കറിനെ ഈ ദുര്‍വൃത്തി ചെയ്യിപ്പിച്ചത്.


ചട്ടക്കാരനോട് ഒരാന ചെയ്യാവുന്ന ഏറ്റവുംവലിയ ചതിയാണ് ഇതെന്ന് ആന പ്രേമികള്‍ പറയുന്നു. ആര്‍ക്കും വേണ്ടാതിരുന്ന കാലത്ത് ചങ്കൂറ്റത്തോടെ വിഷ്ണുശങ്കറിന്റെ ഇടച്ചങ്ങല അഴിച്ച സ്‌നേഹത്തിന്റെ ഭാഷ ഓതുകയും അടിതടവുകള്‍ക്ക് പകരം ശബ്ദശാസനള്‍ മാത്രം പ്രേയാഗിക്കുകയും ചെയ്ത സന്തോഷിന് ഇങ്ങിനെ വരരുതായിരുന്നുവെന്ന് ആനപ്രേമികള്‍ പറയുന്നു.


സ്‌നേഹം നല്‍കിയാല്‍ സ്‌നേഹം തിരികെ ലഭിക്കുമെന്ന സന്തോഷിന്റെ തത്വശാസ്ത്രത്തിനും തിരിച്ചടി ലഭിച്ചിരിക്കുന്നു. ആനച്ചോറ് കൊലച്ചോറ് എന്ന പഴമൊഴി ഒരിക്കല്‍ കൂടി അന്വര്‍ത്ഥമാക്കുകയാണ് വിഷ്ണു ശങ്കര്‍. ഇനി നിന്നെ കെട്ടുതറയില്‍ നിന്നും അഴിക്കാന്‍ മറ്റൊരു ചട്ടക്കാരന്‍ എത്തുമോ എന്ന് ആന പ്രേമികള്‍ ഇവനോട് ചോദിക്കുന്നു.


വിഷ്ണു ശങ്കറിനെ കാണാനെത്തുകയും ചിത്രങ്ങളുടെക്കുകയും ചെയ്ത ചിലര്‍ ചേര്‍ത്തലയിലെ ക്ഷേത്രത്തില്‍ തിടമ്പേറ്റും മുമ്പ് സന്തോഷിനോട് ചോദിച്ചു. ചേട്ടാ, ഇവനെങ്ങനാ ഇപ്പോല്‍,. അനുസരണക്കേട് കാട്ടുന്നുണ്ടോ,?
ഇവനെനിക്ക് മോനെ പോലെയാ... പറഞ്ഞാലും നോക്കിയാലും മതി കുറുമ്പുകള്‍ അവിടെ നില്‍ക്കും... മണിക്കൂറുകള്‍ക്കുള്ളില്‍ ഇവര്‍ കേട്ടത് വിഷ്ണുശങ്കര്‍ ഇടഞ്ഞെന്നും സേേന്താഷിനെ കുത്തിയെന്നുമാണ്.. ചതിച്ചല്ലോടാ നീ.. എന്നു മാത്രമാണ് കേട്ടവര്‍ പറഞ്ഞത്. ആര്‍ക്കും മനസിലാകാത്ത ആനമനസിന്റെ ദുരൂഹതകള്‍ നിറയുന്ന കഥകളിലേക്ക് ഒരു കഥാപാത്രം കൂടിയായി. ചോരപ്പാടു നിറഞ്ഞ ആന ചരിത്രത്തില്‍ രക്തസാക്ഷിയായി സന്തോഷും..

Tags : elephant 
Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ