General News

മൂന്നാറിലെ എംഎല്‍എ ഭൂമാഫിയയുടെ ആള്‍ - വിഎസിന്റെ നിലപാടുകള്‍ വിവാദമാകുന്നു

Wed, Mar 29, 2017

Arabianewspaper 724
മൂന്നാറിലെ എംഎല്‍എ ഭൂമാഫിയയുടെ ആള്‍ - വിഎസിന്റെ നിലപാടുകള്‍ വിവാദമാകുന്നു

പാര്‍ട്ടിയില്‍ എന്നും വേരിട്ട ശബ്ദമാകുകയും അഴിമതി, ഭൂമി കയ്യേറ്റം പോലൂള്ള വിഷയങ്ങളില്‍ പഴയ തൊഴിലാളി വര്‍ഗ പാര്‍്ട്ടിയുടെ നിലപാടുകളുമായി തൊണ്ണൂറാം വയസിലും സമരമുഖത്തുള്ള സിപിഎം മുതിര്‍ന്ന നേതാവ് വിഎസ് അച്യുതാനന്ദന്റെ പുതിയ പ്രസ്താവനകള്‍ പാര്‍ട്ടിക്ക് തലവേദനയാകുന്നു.


ഭൂമി കയ്യേറ്റ വിഷയങ്ങള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് പൊതു ജന ശ്രദ്ധയില്‍ കൊണ്ടുവരികയും മുഖ്യമന്ത്രിയായി അധികാരമേറ്റപ്പോള്‍ ഭൂമാഫിയയുടെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ ദൗത്യ സേനയെ നിയോഗിക്കുകയും ചെയ്ത വിഎസ് പിന്നീട് പാര്‍ട്ടിക്കുള്ളിലും ഘടക കക്ഷികള്‍ക്കിടയിലും ഉണ്ടായ അസ്വാരസ്യങ്ങള്‍ കണക്കിലെടുത്ത് ദൗത്യം പൂര്‍ത്തിയാക്കാതെ ഇടയ്ക്ക് വെച്ച് നിര്‍ത്തുകയാണ് ഉണ്ടായത്.


വര്‍ഷങ്ങള്‍ക്കു ശേഷം മൂന്നാര്‍ വിഷയം ഒരിക്കല്‍ കൂടി ചര്‍ച്ചയാകുന്ന വേളയിലാണ് വിഎസ് സ്വന്തം പാര്‍ട്ടി എംഎല്‍എയ്‌ക്കെതിരെ യുദ്ധ പ്രഖ്യാപനം നടത്തിയത്. ഇതിനൊപ്പം ഘടക കക്ഷിയായ സിപിഐയും സിപിഎമ്മിനും ഭൂമികയ്യേറ്റത്തിനുമെതിരെ നിലപാട് എടുത്തത്.


രാജേന്ദ്രന്റെ ഭൂമി പട്ടയം ഉള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍, ഇദ്ദേഹത്തിന്റെ ഭൂമിയുടെ പട്ടയം ദേവികുളം മുന്‍സിഫ് കോടതി റദ്ദു ചെയ്തതാണെന്നാണ് വിവരം. വിവരങ്ങള്‍ ലഭ്യമാക്കാതെ മുഖ്യമന്ത്രി ഇക്കാര്യത്തില്‍ മറുപടി പറഞ്ഞത് രാജേന്ദ്രനെ അന്ധമായി പിന്തുണയ്ക്കുന്നതിന്റെ ഭാഗമാണെന്ന് വിലയിരുത്തപ്പെടുന്നു. ടെലിവിഷന്‍ ചര്‍ച്ചകളിലും മറ്റും പങ്കെടുക്കവെ മാധ്യമങ്ങള്‍ പോലീസ് മുറയിലും കോടതിയില്‍ ക്രോസ് വിസ്താരം നടത്തുന്നതു പോലേയും ചോദ്യം ചെയ്യേണ്ടതിലെന്ന ധാര്‍ഷ്ട്യം നിറഞ്ഞ വാക്കുകളിലൂടെയാണ് പ്രതികരിച്ചത്.. പരാതിയുണ്ടെങ്കില്‍ നിങ്ങള്‍ കോടതിയില്‍ പോ എന്ന പ്രസ്താവനയും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനും മൂന്നാര്‍ ദൗത്യ സംഘത്തിലെ പ്രധാനിയുമായിരുന്ന കെ സുരേഷ് കുമാറിനെ പോടാ എന്നു ചാനല്‍ ചര്‍ച്ചയ്ക്കിടെ വിളിക്കുകയും ചെയ്ത് എംഎല്‍എ ജനാധിപത്യ മര്യാദകള്‍ ലംഘിച്ചിരിക്കുകയാണ്.


മൂന്നാറിലെ കയ്യേറ്റത്തിന് പിന്നില്‍ എസ് രാജേന്ദ്രന്‍ എംഎല്‍എ ആണെന്ന ധ്വനിയിലാണ് വിഎസ് കഴിഞ്ഞ ദിവസം പ്രസ്താവന നടത്തിയത്. ഭരണ പരിഷ്‌കരണ സമിതി അദ്ധ്യക്ഷന്‍ എന്ന പദവിയുണ്ടെങ്കിലും ഓഫീസോ ഔദ്യോഗിക വാഹനമോ ഇതുവരെ നല്‍കാത്ത മുഖ്യമന്ത്രിയേയും പാര്‍ട്ടിയേയും ഒരിക്കല്‍ കൂടി വെട്ടിലാക്കാനുള്ള നീക്കമാണ് വിഎസ് നടത്തുന്നത്. പാര്‍ട്ടി എംഎല്‍എ ഭൂമാഫിയയുടെ ആളാണെന്ന പ്രസ്താവന ഗൗരവത്തോടെയാണ് സിപിഎം കാണുന്നത്.


ഒരു കാലത്ത് വിഎസ് പക്ഷത്ത് നിന്നിരുന്ന ഇടുക്കിയില്‍ നിന്നുള്ള നേതാവ് എംഎം മണി ഇപ്പോള്‍ വൈദ്യുത മന്ത്രിയായ ശേഷം വിഎസിനെ ഒളിഞ്ഞും തെളിഞ്ഞും ആക്രമിക്കുന്നുണ്ട്. ഇതിനു തുടര്‍ച്ചായയാണ് മൂന്നാര്‍ വിഷയത്തില്‍ വിഎസിനെതിരെ മണിയും രംഗത്ത് വന്നത്. വിഎസിന് ഓര്‍മ പിശകുണ്ടെന്ന് പരിഹസിക്കുകയാണ് മണി ചെയ്തത്.


വിഎസ് ഇതിനുള്ള മറുപടി നല്‍കിയാല്‍ വീണ്ടും പാര്‍ട്ടിയില്‍ ഉരുള്‍പൊട്ടലുണ്ടാകുമെന്നാണ് കരുതുന്നത്. ലാവ് ലിന്‍ വിഷയത്തില്‍ സിബിഐ എടുക്കുന്ന തീരുമാനങ്ങള്‍ എന്തെന്ന് വിലയിരുത്തികൊണ്ടിരിക്കുന്ന വിഎസ് ഒരിക്കല്‍ കൂടി മുഖ്യമന്ത്രികസേര തനിക്ക് ലഭിക്കുമെന്ന് കരുതി കാത്തിരിക്കുകയാണ്.

Tags : Munnar 
Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ