Books News

ചെറിയ കാര്യങ്ങളുടെ വലിയ മാഷ്

Sun, Mar 26, 2017

Arabianewspaper 2587
ചെറിയ കാര്യങ്ങളുടെ വലിയ മാഷ്

ചെറിയ വരികളിലൂടെ വലിയ കാര്യങ്ങള്‍ സരസമായി മാലോകരോട് പറഞ്ഞ കാവ്യാചാര്യന്‍ വിടപറഞ്ഞിട്ട് ഇന്ന് 11 വര്‍ഷം. പരിഹാസവും സ്വയം വിമര്‍ശനാത്മകവുമായ വരികളിലൂടെ സമൂഹത്തിലെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കുകയും അതിന് പരിഹാരം നിര്‍ദ്ദേശിക്കുകയും ചെയ്ത അളാണ് കുഞ്ഞുണ്ണി മാഷ്,.


കുറിക്കു കൊള്ളുന്ന ചാട്ടുളി പോലുള്ള വരികളാണ് മാഷിന്റെ ആയുധം. ചെറുതെങ്കിലും ഗഹനമായ കാര്യങ്ങളാണ് ഒരോ കവിതയിലും. നാലുവരി കവിത എഴുതി അദ്ദേഹം തുടങ്ങി വെച്ച മഹാ പ്രസ്ഥാനത്തിന് കുഞ്ഞുണ്ണിക്കവിത എന്ന പേരാണ് ആസ്വാദക ഹൃദയങ്ങള്‍ അറിഞ്ഞിട്ട പേര്.


തത്വാധിഷ്ഠമായും ദര്‍ശനങ്ങള്‍ ഉള്‍ക്കോള്ളുന്നതുമായ വരികള്‍ ആറ്റിക്കുറുക്കി അവസാനം ഒരു ചെറിയ ഔണ്‍സ് ഗ്ലാസില്‍ നല്‍കുന്ന കഷായമായോ ,. തുള്ളി മരുന്നായോ കണ്ടാല്‍ മതി.


ആതുര സമൂഹത്തിന് ചികിത്സാര്‍ത്ഥമാണ് അദ്ദേഹത്തിന്റെ ഒരോ കവിതകളും പിറവി എടുത്തിരിക്കുന്നത്. അതിഭാവനവും അലങ്കാരവും വൃത്തഭംഗിയും പദഗരിമയും ഒന്നും ഇല്ലെങ്കിലും കുഞ്ഞുണ്ണിക്കവിതകള്‍ നേരെ ഹൃദയത്തിലേക്ക് എത്തുന്നവയാണ്.


മഹാരോഗങ്ങള്‍ക്ക് ഒറ്റമൂലി പോലെയാണ് ഈ കവിതകള്‍ അനുവാചകരിലേക്ക് എത്തുന്നത്. കുട്ടികള്‍ക്ക് എന്ന പേരില്‍ മാഷ് കുറിക്കുന്ന ഒരോ കവിതയും വലിയവരെന്ന് സ്വയം വിളിച്ച് നടക്കുന്ന എന്നാല്‍, കുട്ടികളുടെ മനോനിലവാരം മാത്രമുള്ള മുതിര്‍ന്നവരെയും ഉദ്ദേശിച്ചുള്ളവയാണ്.


കുഞ്ചന്‍ നമ്പ്യാര്‍ മുമ്പ് തന്റെ തുള്ളല്‍ക്കവിതകളിലൂടെ കൊണ്ടു വന്ന ആക്ഷേപഹാസ്യം കുഞ്ഞുണ്ണി മാഷ്, തന്റെ സ്വന്തം ശരീരാകാരത്തിന് സമാനമായ കുട്ടിക്കവിതകളിലൂടെ അനുവാചകഹൃദയങ്ങളെ കീഴടക്കി.


അധികമാരാലും ശ്രദ്ധിക്കപ്പെടാതെ അവഗണിച്ചിരുന്ന കുഞ്ഞുണ്ണിക്കവിതകളെ ചവറ്റുകൊട്ടകളില്‍ നിന്നും വീണ്ടെടുത്ത് മലയാളിക്ക് നല്‍കിയത് കാമ്പിശേരി കരുണാകരന്‍ എന്ന പത്രാധിപരാണ്. ജനയുഗം വാരികയില്‍ കാമ്പിശേരിയാണ് കുഞ്ഞുണ്ണിക്കവിത കണ്ടെത്തി അതിന് അച്ചടി മഷിയുടെ അലങ്കാരം നല്‍കിത്.


അവ്യക്തമായ കൈയ്യക്ഷരം വായിച്ചെടുക്കുക പ്രയാസമായിരുന്നതിനാലാണ് കുഞ്ഞുണ്ണിക്കവിതകള്‍ പ്രസിദ്ധീകരണ സ്ഥാപനങ്ങളുടെ ചവറ്റുകുട്ടകളിലേക്ക് എടുത്തറിയപ്പെട്ടിരുന്നതെന്ന് കവി കൂരിപ്പൂഴ ശ്രീകുമാര്‍ തന്റെ ബ്ലോഗില്‍ കുരിക്കുന്നു.


അമ്പതിലധികം കവിതകള്‍ കുഞ്ഞുണ്ണിമാഷ് ജനയുഗത്തിന് അയച്ചു കൊടുത്തു. പത്രാധിപരായിരുന്ന കാമ്പിശേരി ഉറുമ്പിന്റെ കണ്ണു പോലുള്ള അക്ഷരങ്ങള്‍ ഭുത കണ്ണാടി വെച്ച് വായിച്ചു നോക്കി, പിന്നീട് കുഞ്ഞുണ്ണിക്കവിത എന്ന പേരില്‍ ഈ കവിതകള്‍ ജനയുഗത്തില്‍ പ്രസിദ്ധീകരിച്ചു,. - കുരീപ്പുഴ പറയുന്നു.


വായിക്കാതെ വളര്‍ന്നാല്‍ വളയുമെന്ന കവിതാശകലങ്ങള്‍ നിത്യ ജീവിതത്തില്‍ ശൈലിയായി പിന്നീട് മാറി. പൊക്കമില്ലായ്മയാണെന്റെ പൊക്കമെന്ന സ്വയം കണ്ടെത്തലും മറ്റും പ്രായഭേദമെന്യേ ഏവരും സ്വീകരിച്ചു. ചേളാരി ഹൈസ്‌കൂളിലും കോഴിക്കോട് ശ്രീരാമമിഷന്‍ ഹൈസ്‌കൂളിലും മലയാളം അദ്ധ്യാപകനായി ജീവിച്ച്, വിരമിച്ചപ്പോള്‍ കുട്ടിക്കവിതകളുമായി മലയാളക്കര ചുറ്റിയ അവധൂതജന്മമാണ് കുഞ്ഞുണ്ണ്ി മാഷ്.


ഏറെ രസകരമാണ് ഒരോ കവിതയും.. കഠിനമായ ദാര്‍ശനികത ലളിതമായി കാ്ച്ചിക്കുറിക്കി തരുന്നതാണ് ഈ രചനകള്‍.


ഒരു തീപ്പെട്ടിക്കൊള്ള എന്ന കവിത


അതിങ്ങിനെയാണ്...


ഒരു തീപ്പെട്ടിക്കൊള്ളിതരു,
കൂടു തരു, ബീഡി തരു,
വിരലു തരു, ചുണ്ടു തരു!
ഞാനൊരു ബീഡി വലിച്ചോട്ടെ,
ഞാനൊരു ബീഡി രസിച്ചോട്ടെ!


പാശ്ചാത്യ സംസ്‌കാരത്തോടും ജീവിതശൈലിയോടുമുള്ള അഭിനിവേശത്തെ പരിഹസിച്ച് എഴുതിയ നാട്ടിലെ വെറും വൈദേശികന്‍ എന്ന കവിത ഇങ്ങിനെ...


ജനിക്കും നിമിഷം തൊട്ടെന്‍
മകനിംഗ്ലീഷ് പഠിക്കണം!
അതിനാല്‍ ഭാര്യതന്‍ പേറങ്ങ്
ഇംഗ്ലണ്ടിലാക്കി ഞാന്‍ !


എഴുത്തിനെ കുറിച്ചുള്ള കിട്ടുമ്പോള്‍ തീനി എന്ന കവിത


എനിക്കു വിശക്കുമ്പോള്‍ ഉണ്ണും ഞാന്‍
ദാഹിക്കുമ്പോള്‍ കുടിക്കും,
ക്ഷീണിക്കുമ്പോള്‍ ഉറങ്ങും,
ഉറങ്ങുമ്പോള്‍ എഴുതും കവിത!


രാഷ്ട്രീയത്തെ കുറിച്ച് മാഷ് പറഞ്ഞത്.


രാക്ഷസനിലെ രാ യും,.
ദുഷ്ടനിലെ ഷ്ട യും,
പീറയിലെ റ യും,
ഈച്ചയിലെ ഈ യും
മായത്തിലെ യ യും ചേര്‍ന്നതാണ് രാഷ്ട്രീയം ... എന്നാണ്.


എന്നിലൂടെ എന്ന ആത്മകഥ ഉള്‍പ്പെടെ ഇരുപതോളം കൃതികള്‍ മാഷിന്റേതായി പുറത്തിറങ്ങിയിട്ടുണ്ട്.


പുറം ലോകം കാണാത്തതും കണ്ടതുമായ ഇത്തരം കുത്തിക്കുറിപ്പുകള്‍ എത്രയെന്ന് ആര്‍ക്കും ഒരു ഊഹവുമില്ല. വലിയ ആഗ്രഹങ്ങളോ. പുരസ്‌കാരമികവുകളോ തേടിപ്പോകാത്ത കുറിയ മനുഷ്യന്‍ . പലപ്പോഴും ഒറ്റകാവിമുണ്ടും ബനിയനും കഴുത്തിലെ നീളന്‍ രണ്ടാംമുണ്ടുമായി... മുഖത്ത് കട്ടക്കണ്ണടയും വെട്ടിവെടുപ്പാക്കാത്ത സന്യാസിത്താടിയുമായി, ചുണ്ടില്‍ സദാ സമയവും വിളയാടുന്ന കുട്ടിത്തത്തിന്റെ ചിരിയുമായി കുഞ്ഞുണ്ണി മാഷ് ഇന്നും ജനമനസുകളില്‍ ജീവിക്കുന്നു..

Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ