General News

കുറി തൊടുന്ന നേതാക്കളെ സംഘിയാക്കാന്‍ ഗൂഡാലോചന- കോണ്‍ഗ്രസ് നേതാവ്

Sat, Mar 25, 2017

Arabianewspaper 457
കുറി തൊടുന്ന  നേതാക്കളെ സംഘിയാക്കാന്‍ ഗൂഡാലോചന-  കോണ്‍ഗ്രസ് നേതാവ്


കുറി തൊടുന്നവരേയും ചരടു കെട്ടുന്നവരേയും ആര്‍എസ്എസായി ചിത്രീകരിക്കാന്‍ കോണ്‍ഗ്രസിനുള്ളില്‍ ഗൂഡാലോചന നടക്കുന്നതായി യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. സമാനമായ ആരോപണം ഉന്നയിച്ച് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് സീ ആര്‍ മഹേഷിനു പിന്നാലെയാണ് മഹേഷ് പറഞ്ഞ ചില കാര്യങ്ങളോട് യോജിപ്പുണ്ടെന്ന് പറഞ്ഞ് പത്തനം തിട്ടയിലെ ഡിസിസി വൈസ് പ്രസിഡന്റ് വെട്ടൂര്‍ ജ്യോതിപ്രസാദാണ് രംഗത്ത് വന്നത്.


കോണ്‍ഗ്രസിലെ വര്‍ഗീയ വാദികള്‍ ഹിന്ദു നേതാക്കളെ സംഘ പരിവാര്‍ മുദ്ര ചാര്‍ത്തി ഉന്മൂലനത്തിന് ശ്രമിക്കുകയാണെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അടുത്ത അനുയായിയായി അറിയപ്പെടുന്ന ജ്യോതി പ്രസാദ് പറയുന്നത്.


ആര്‍എസ്എസിനെതിരെ തുറന്ന നിലപാട് എടുക്കുന്ന നേതാക്കന്‍മാരെയാണ് സംഘപരിവാര്‍ ബന്ധം ചാര്‍ത്തുന്നത്. സിആര്‍ മഹേഷിനെ കായംകുളത്ത് പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസിനുള്ളിലെ ഒരു കൂട്ടം ആള്‍ക്കാര്‍ ശ്രമിച്ചിരുന്നു. ന്യുനപക്ഷ വോട്ടുകള്‍ കോണ്‍ഗ്രസിന് ലഭിക്കാതിരിക്കാന്‍ ഇതു കാരണമായി എന്ന ആക്ഷേപം ഇവര്‍ ഉയര്‍ത്തുന്നു. സിആര്‍ മഹേഷ് രാജിപിന്‍വലിച്ചെന്ന വാര്‍്തതയ്ക്ക് പിന്നാലെയൊണ് പാര്‍ട്ടിക്കുള്ളില്‍ നിന്നു കൊണ്ടു ഇതിനെതിരെ ശബ്ദിക്കാന്‍ നേതാക്കള്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്.


രമേശ് ചെന്നിത്തലയ്‌ക്കെതിരെയും സംഘ ബന്ധം ആരോപിക്കുന്നത് പതിവാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.


പോസ്റ്റിന്റെ പൂര്‍ണ രൂപം


സി.ആർ.മഹേഷിന്റെ എല്ലാ അഭിപ്രായങ്ങളോടും യോജിപ്പില്ല. എന്നാൽ ഒരു കാര്യം സത്യമാണ് ആത്മാർത്ഥതയോടെ പരിവാർ സംഘടനകൾക്കെതിരെ നിലപാടെടുക്കുന്ന ഹൈന്ദവരായ നേതാക്കളെ സംഘിവേഷം ചാർത്തി തകർക്കാൻ ഒരാസൂത്രിത ഗൂഢാലോചന തന്നെ നടക്കുന്നുണ്ട്. കൂറേ പേരെ പുകച്ച് പുറത്തു ചാടിക്കാനും ഉന്മൂലനം ചെയ്യാനും ചില മാഫിയാസംഘം തന്നെപ്രവർത്തിക്കുന്നുണ്ട്.


ഭൂരിപക്ഷ സമൂദായാംഗങ്ങൾ പരിവാർ കുടക്കീഴിൽ അണിനിരക്കുമ്പോൾ മഹാമേരു പോലെ അതിനെ തടുക്കാൻ കരുത്തരായ നേതാക്കളെ, പരിവാർ ആരോപണം എന്ന പുകമറ സൃഷ്ടിച്ച് തകർക്കാൻ ശ്രമിക്കുന്നത് ആർക്കു വേണ്ടിയാണ് എന്ന് ആത്മപരിശോധന അനിവാര്യമാണ്. വിശ്വാസത്തിന്റെ പേരിൽ കുറി തൊടുന്നവനും ചരടു കെട്ടുന്നവനും ക്ഷേത്രത്തിൽ പോകുന്നവനും സംഘി പട്ടം നൽകുന്നവർക്ക് കാലംപോലും മാപ്പ് നൽകില്ല.
ഖദർധാരികളെല്ലാം കോൺഗ്രസുകാരാകണം എന്ന് നമുക്ക് ശഠിക്കാൻ പറ്റുമോ? അതേ പോലെ കുറിയും ചരടുംകെട്ടുന്നവരെ സംഘി പാളയത്തിലെത്തിക്കണമെന്ന് ആർക്കാണ് നിർബന്ധം? ഉന്നതമായ മതേതര മൂല്യത്തിലധിഷ്ഠിതമായ നമ്മുടെ പാർട്ടിയിലും കടന്നു കൂടിയിട്ടുള്ള ചില വിഷബീജങ്ങളാണ് ഇതിനു പിന്നിൽ.


മഹേഷിന് മാത്രമല്ല എനിക്കും തോൽവി സമ്മാനിച്ചത് ഇത്തരം പ്രചാരണം തന്നെ. ഇവർ സംഘികളെ മടയിൽ കയറി പ്രതിരോധിക്കാൻ മാത്രം ശക്തനായ രമേശ് ചെന്നിത്തലയെയും വേട്ടയാടും. അല്ല, വേട്ട ആരംഭിച്ചിട്ടുണ്ട്. കെ. മുരളീധരനും വി.ഡി.സതീശനും ബലറാമും കെ.സുധാകരനും കെ.സി. വേണൂഗോപാലിനുമൊക്കെ ഈദുർഭൂതങ്ങളെ നേരിടേണ്ടി വരും.
പക്ഷേ ഒന്നുണ്ട് സത്യം, ഹൈന്ദവ വർഗീയതയെന്ന അടിത്തറയിൽ മണിമന്ദിരം സ്വപ്നം കാണൂന്ന സംഘി പടയോട്ടങ്ങൾക്ക് തടയിടാൻ രാഹുൽഗാന്ധിക്ക് കരുത്തായി മുന്നേറ്റം സൃഷ്ടിക്കാൻ ഊർജസ്വല നേതൃത്വം നൽകാൻ രമേശ് ചെന്നിത്തല എന്ന യോദ്ധാവിനേ സാധ്യമാവൂ. ചെന്നിത്തലയുടെ നേതൃത്വത്തിൽ കെ.സി, മുരളി, സതീശൻ, സുധാകരൻ, ബലറാം.. ആർക്ക് തടയാൻ പറ്റും ഈ യാഗാശ്വങ്ങളെ?


സംഘികൾക്കെതിരെ, സി.പി.എം കാപാലികതകൾക്കെതിരായ പോരാട്ടങ്ങൾക്കാകട്ടെ നമ്മുടെ പുതിയ പ്രഭാതങ്ങൾ. കുപ്രചരണങ്ങൾ, അരക്കില്ലങ്ങൾ, പത്മവ്യൂഹങ്ങൾ, മുളയാണിച്ചുരികകൾ, വാരിക്കുഴികൾ... കരുതി പോരാടാം...
കുറിതൊടുകയും കൈയിൽ ഒരു ഡസൻ ചരടു കെട്ടുകയും ചെയ്യുന്ന നേതാവാണ് വെട്ടുർ ജ്യോതിപ്രസാദ്. പോരാത്തതിന് എൻഎസ്എസ് പ്രതിനിധി സഭാംഗവും. ജില്ലയിലെ ഐ ഗ്രൂപ്പിന്റെ വക്താവ് കൂടിയായ വെട്ടൂർ ജ്യോതിപ്രസാദ് അടക്കമുള്ളവർ സംഘിയാണെന്ന പ്രചാരണം കോൺഗ്രസിനുള്ളിൽ തന്നെ വ്യാപകമാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊട്ടിത്തെറി.

Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ