General News

സിപിഎം ഉള്‍പ്പെടെ നാലു പാര്‍ട്ടികളുടെ ദേശീയ പദവിയും ചിഹ്നവും തുലാസില്‍, 2019 ലെ പ്രകടനം നിര്‍ണായകമാകും

Mon, Mar 20, 2017

Arabianewspaper 650
സിപിഎം ഉള്‍പ്പെടെ നാലു പാര്‍ട്ടികളുടെ ദേശീയ പദവിയും ചിഹ്നവും തുലാസില്‍,

അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഇനി രണ്ടു വര്‍ഷമാണ് അവശേഷിക്കുന്നത്. 2019 പലതു കൊണ്ടും വളരെ നിര്‍ണായകമായ ലോക്‌സഭാ തിരഞ്ഞെടുപ്പാകും.. ബിജെപിക്ക് കേന്ദ്രത്തിലെ അധികാരം നിലനിര്‍ത്താനാണെങ്കില്‍ കോണ്‍ഗ്രസിന് മടങ്ങി വരവിനുള്ള അവസരമാകും.. എന്നാല്‍, മറ്റ് നാലു ദേശീയ പാര്‍ട്ടികള്‍ക്ക് തങ്ങളുടെ ചിഹ്നവും ദേശീയ പാര്‍ട്ടി എന്ന പദവിയും കാത്തു സൂക്ഷിക്കാനുള്ള അഭിമാന പോരാട്ടമായി ഇത് മാറും.


ഏഴു ദേശീയ പാര്‍ട്ടികള്‍ ഉള്ള ഇന്ത്യയില്‍ നാലു ദേശീയ പാര്‍ട്ടികള്‍ പദവി നഷ്ടപ്പെടുന്ന വക്കിലാണ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പോടെ സിപിഐ എം, ബിഎസ്പി, എന്‍സിപി , സിപിഐ എന്നിവരുടെ ദേശീയ പാര്‍ട്ടി പദവി ആടിയുലയുകയായിരുന്നു. മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിന് 2016 ഡിസംബറിലാണ് ദേശീയ പാര്‍ട്ടിയെന്ന അംഗീകാരം ലഭിച്ചത്. നാലു സംസ്ഥാനങ്ങളില്‍ സംസ്ഥാന പാര്‍ട്ടിയെന്ന അംഗീകാരം ലഭിച്ചതാണ് തൃണമൂലീന് തുണയായത്. അരുണാചല്‍,. മണിപ്പൂര്‍,. ത്രിപുര എന്നിവിടങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ചാണ് ത്ൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ പാര്‍ട്ടിയായത്. ആറു ശതമാനം വോട്ടു നേടിയാല്‍ സംസ്ഥാന പാര്‍ട്ടി എന്ന പദവി ലഭിക്കും. ഇതോടൊപ്പം കുറഞ്ഞത് രണ്ട് സീറ്റുകളും (മൊത്തം അംഗസഖ്യയില്‍ മൂന്നു ശതമാനം അംഗങ്ങളെ നേടിയാലും മതി) വേണം.


ഇന്ത്യ വളരെ പെട്ടെന്ന് രണ്ട് ദേശീയ പാര്‍ട്ടികള്‍ മാത്രമുള്ള രാജ്യമെന്ന നിലയിലേക്ക് നീങ്ങുകയാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തിയിരുന്നു. രണ്ട് പതിറ്റാണ്ടിനു ശേഷം ഒരു കക്ഷിക്ക് ആദ്യമായി കേവല ഭൂരിപക്ഷം നേടുകയും പ്രാദേശിക കക്ഷികള്‍ അതാത് സംസ്ഥാനങ്ങളില്‍ മാത്രം ഭേദപ്പെട്ട പ്രകടനങ്ങള്‍ നടത്തുകയും ചെയ്തതോടെ ദേശീയ തലത്തില്‍ എന്‍സിപി, ബിഎസ്പി,. സിപിഐ എം, സിപിഐ എന്നി കക്ഷികളുടെ പ്രസക്തി നഷ്ടപ്പെട്ടു.


ഇവരുടെ ദേശീയ പാര്‍ട്ടി എന്ന പദവി നഷ്ടപ്പെടുമെന്ന് ഉറപ്പായ നിമിഷത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമങ്ങളില്‍ ഭേദഗതി വരുത്തിയത്. എല്ലാ അഞ്ചു വര്‍ഷം കുടുന്തോറും ദേശീയ പാര്‍ട്ടികളുടെ പദവി വിലയിരുത്തുക എന്ന നിയമം പത്തു വര്‍ഷത്തില്‍ ഒരിക്കല്‍ എന്നാക്കി മാറ്റി. ഇതോടെ, മുന്നു ദേശീയ പാര്‍ട്ടികള്‍ക്ക് പദവി നീട്ടിക്കിട്ടി.


ഒരോ തിരഞ്ഞെടുപ്പു കഴിയുന്തോറും ഭരണ വിരുദ്ധ വികാരം പ്രതീകൂലമായി ബാധിക്കുന്നുവെന്ന പരിഗണന നല്‍കിയാണ് ഇത്തരമൊരു സൗജന്യം തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെച്ചു നീട്ടിയത്.


രാജ്യമെമ്പാടും ഒരേ ചിഹ്നത്തില്‍ മത്സരിക്കാമെന്ന സവിശേഷതയാണ് ദേശീയ പാര്‍ട്ടി എന്ന പദവിയുള്ളവര്‍ക്ക് ലഭിക്കുക. ചിഹ്നം നഷ്ടപ്പെടുക എന്നത് ഈ പാര്‍ട്ടികളുടെ ആത്മാഭിമാനത്തിന്റെ പ്രശ്‌നമാകും.


2014 ല്‍ ലഭിച്ച ആനൂകൂല്യം ഈ പാര്‍ട്ടികള്‍ക്ക് 2019 ല്‍ ലഭിക്കില്ല. മികച്ച പ്രകടനം നടത്തി കുറഞ്ഞത് മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നായി 11 എംപിമാരെ ലോക്‌സഭയില്‍ എത്തിക്കാത്ത പക്ഷം ബുദ്ധിമുട്ടാകും. അതല്ലെങ്കില്‍ കുറഞ്ഞത് നാലു സംസ്ഥാനങ്ങളില്‍ ആകെ പോള്‍ ചെയ്തതിന്റെ ആറു ശതമാനം വോട്ടു നേടണമെന്നും അതോടൊപ്പം ഈ നാല് സംസ്ഥാനങ്ങളില്‍ കുറഞ്ഞത് നാലു എംഎല്‍എമാര്‍ വേണമെന്നതും ( ലോക്‌സഭ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഏതെങ്കിലും) ദേശീയ പാര്‍ട്ടിയുടെ മാനദണ്ഡങ്ങളാണ്.


സിപിഎമ്മിന് ഇപ്പോള്‍ ഒമ്പത് അംഗങ്ങളാണ് ( കേരളം -5, പശ്ചിമ ബംഗാള്‍ 2, ത്രിപുര -2 ) ലോക്‌സഭയില്‍ ഉള്ളത്. എന്‍സിപിക്ക ആറു സീറ്റുകള്‍ ഉണ്ട്. ( നാലെണ്ണം മഹാരാഷ്ട്രയിലും ഒരോ അംഗങ്ങള്‍ വീതം ബീഹാറിലും ലക്ഷ ദ്വീപിലും ). സിപിഐക്ക് കേരളത്തില്‍ നിന്നും ഒരംഗം മാത്രവും.. ബിഎസ്പിക്ക് ഒരു സീറ്റു പോലും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ലഭിച്ചില്ല.


നിയമ ഭേദഗതി നടത്തിയിരുന്നില്ലെങ്കില്‍ പതിനൊന്ന് സീറ്റുകള്‍ മൂന്നു സംസ്ഥാനങ്ങളില്‍ നിന്നും ലഭിക്കാത്ത ഈ നാലു പാര്‍ട്ടികളുടേയും പദവി നഷ്ടപ്പെടുമായിരുന്നു. 2019 ല്‍ ഇതില്‍ നിന്നും വ്യത്യസ്തമായ പ്രകടനം നടത്തിയില്ലെങ്കില്‍ ഇവരുടെ ചിഹ്നമായിരിക്കും നഷ്ടപ്പെടുക.

Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ