Film review News

കട്ടപ്പനയിലെ ചിരി റോഷന്‍

കട്ടപ്പനയിലെ ചിരി റോഷന്‍

ചിരിക്ക് മാത്രമായി സിനിമകള്‍ ഇറങ്ങിയ കാലം കഴിഞ്ഞുവെന്നായിരുന്നു പലരും കരുതിയിരുന്നത്. മുഴുനീള ഹാസ്യ ചിത്രം എന്ന ലേബലില്‍ ഇറങ്ങിയ ചിത്രങ്ങളുടെ വേലിയേറ്റം തന്നെ ഒരു കാലത്ത് ഉണ്ടായിരുന്നു. ഇതിനു കാരണം പപ്പു മാള ജഗതി എന്ന ത്രിമൂര്‍ത്തികളായിരുന്നു.


അരങ്ങൊഴിഞ്ഞ പ്രതിഭകള്‍ക്ക് പകരമെത്തിയവര്‍ ഈ ഉയരത്തിലേക്ക് എത്തിയില്ലെങ്കിലും ചിരിപ്പിക്കുന്ന കാര്യത്തില്‍ വന്‍ വിജയമായിരുന്നു. മിമിക്രിയിലൂടെ കടന്നു വന്നവരുടെ ഒരു ഇടക്കാലമുണ്ടായിരുന്നു. ജയറാം, ദിലിപ്, ജയസൂര്യ കലാഭവന്‍ മണി, ഹരിശ്രീ അശോകന്‍.. ആ നിര നീളുന്നു.


എന്നാല്‍, ഇവരില്‍ നിന്നുമൊക്കെ വ്യത്യസ്തമായി കോമഡി അവതരിപ്പിച്ച് ഫലിപ്പിച്ച വിജയിച്ച പുതുതലമുറ നടന്‍മാരുടെ കാലമാണ് ഇപ്പോള്‍. അജു വര്‍ഗീസ്, ക്രിസ്പിന്‍ ഇവരെല്ലാം ഈ ഗണത്തില്‍ പെടുന്നു.


മിമിക്രി, പാരഡി കലകളിലെ രാജകുമാരനായ നാദിര്‍ഷ തന്റെ സംവിധാന അരങ്ങേറ്റത്തിലൂടെ മലയാളികളെ ചിരിപ്പിച്ച് രസിപ്പിച്ച അമര്‍ അക്ബര്‍ ആന്റണി വന്‍ വിജയമായിരുന്നു. ഇതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് നാദിര്‍ഷാ അടുത്ത ചിരിമരുന്നുമായി എത്തിയത്.


കട്ടപ്പനയിലെ ഋത്വക് റോഷന്‍ എന്ന ചിത്രം പ്രേക്ഷകര്‍ക്ക് കാര്യമായ പ്രതീക്ഷയൊന്നും വാഗ്ദാനം ചെയ്തിരുന്നില്ല. കാരണം അതിലെ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന വിഷ്ണു ഉണ്ണികൃഷ്ണനെ മലയാള ചലചിത്ര പ്രേമികള്‍ക്ക് അനുഭവ പരിചയമില്ലെന്നതു തന്നെ.


എന്നാല്‍. നാദിര്‍ഷായുടെ ബ്രാന്‍ഡ് നെയിം കണ്ട് തീയ്യറ്ററില്‍ എത്തിയവരെ വിഷ്ണു ഉണ്ണികൃഷ്ണന്‍ അമ്പരിപ്പിച്ചു. മഹേഷിന്റെ പ്രതികാരത്തില്‍ ക്രിസ്പിന്‍ കാഴ്ചവെച്ച ശുദ്ധ ഹാസ്യം പ്രേക്ഷകര്‍ സ്വീകരിച്ചതു പോലെയാണ് വിഷ്ണു ഉണ്ണികൃഷ്ണനെ മലയാളി പ്രേക്ഷകര്‍ അംഗീകരിച്ചത്.


സ്വാഭാവിക ഹാസ്യത്തിലൂടെയാണ് കട്ടപ്പനയിലെ സിനിമാ ഭ്രാന്തനായ ചെറുപ്പക്കാരാനെ വിഷ്ണു അവതരിപ്പിച്ചത്. ഗ്ലാമറില്ലെങ്കിലും സിനിമാ നായകനാകാന്‍ യാതനകള്‍ സഹിച്ച് ശ്രമിക്കുന്ന കിച്ചു എന്ന കൃഷ്ണനാണ് ഇതിലെ താരം. സൗന്ദര്യം കുറഞ്ഞതിന്റെ പേരില്‍ നാട്ടുകാരും വീട്ടുകാരും കുട്ടുകാരും കളിയാക്കുന്നത് കേട്ട് വളര്‍ന്നു വന്നവനാണ് കിച്ചു. സിനിമകളില്‍ എക്‌സ്ട്രാ നടനായി കയറിക്കുടി നാട്ടുകാരെ കൊണ്ട് അല്പമെങ്കിലും മറുത്ത് പറയിപ്പിക്കാന്‍ കിച്ചു ശ്രമിക്കുന്നു.


തമാശയുടെ മസാലക്കൂട്ട് തയ്യാറാക്കാന്‍ സലിം കുമാറും, ധര്‍മജനും മത്സരിക്കുന്ന ചിത്രത്തില്‍ കോമഡി രസം വെട്ടിത്തിളയ്ക്കുന്നു. സിനിമാ താരത്തിന്റെ ഗ്ലാമര്‍ എന്നാല്‍ ബോളിവുഡിലെ ഋത്വിക് റോഷനാണെന്ന നാട്ടിലെ പൊതു ബോധത്തില്‍ നിന്നാണ് ചിത്രത്തിന്റെ പേര് ഉരുത്തിരിഞ്ഞിരിക്കുന്നത്.


ഗ്ലാമര്‍ ലോകത്ത് എത്താനും അതിസുന്ദരിയായ ഒരു പെണ്‍കുട്ടിയെ വിവാഹം കഴിക്കാനുള്ള ശ്രമവും കിച്ചു നടത്തുന്നു. ഇതിനിടയില്‍ ജീവിതം മാറി മറിയുന്ന സംഭവങ്ങളും... ദാസപ്പനായി എത്തുന്ന ധര്‍മജനും നക്‌സലൈറ്റ് ചന്ദ്രനായി സലിം കുമാറും ചിത്രത്തിന് മുതല്‍ക്കൂട്ടാണ്. കിച്ചുവിന്റെ അച്ഛനായി സിദ്ധിഖ് എത്തുന്നു. പ്രയാഗ മാര്‍ട്ടിന്‍, ലിജി മോള്‍ എന്നീ രണ്ടു നായികമാരും ചിത്രത്തിലുണ്ട്.


അമര്‍ അക്ബര്‍ ആന്റണി എന്ന ചിത്രത്തിനു ശേഷം വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും ചേര്‍ന്ന് എഴുതിയ കഥയാണ് കട്ടപ്പനയിലെ ഋത്വിക് റോഷന്‍. ചിത്രത്തിലെ നായക കഥാപാത്രത്തെ വിഷ്ണു അവതരിപ്പിച്ചത് വിസ്മയരമായാണ്. നടന്‍ ദിലീപാണ് ചിത്രത്തിന്റെ നിര്‍മാതാവ്. ദിലീപിനെ മിമിക്രിയിലേക്കും സിനിമയിലേക്കും എത്തിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചയാളാണ് നാദിര്‍ഷ. ഇത്തരമൊരു സിനിമ സംവിധാനം ചെയ്യാന്‍ നാദിര്‍ഷ എത്തിയപ്പോള്‍ ഇതിന് പണം മുടക്കാന്‍ ദിലീപ് തയ്യാറായെങ്കില്‍ നാദിര്‍ഷാ എന്ന അതുല്യ കലാകാരന്റെ കഴിവിലുള്ള ആത്മവിശ്വാസം ഒന്നു മാത്രമാണ്. ചിരിയരങ്ങൊരുക്കിയ നാദിര്‍ഷയ്ക്ക് തന്നെയാണ് ഫുള്‍ മാര്‍ക്ക്.

Tags : Film Review 
Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ