Books News

കാവാലം - കാലാതിവര്‍ത്തിയായ കലാവൈഭവം

Thu, Jul 28, 2016

Arabianewspaper 3796
കാവാലം - കാലാതിവര്‍ത്തിയായ കലാവൈഭവം Mullookkaaran

കാവാലം എന്ന കുട്ടനാടന്‍ ഗ്രാമത്തിനെ  സാംസ്‌കാരിക കേരളത്തിന്റെ അലങ്കാരമാക്കിയ നാടകാചാര്യന്‍. തനതു നാടക പ്രസ്ഥാനത്തിന്റെ സ്ഥാപകനും പ്രചാരകനും... കാളിദാസനും, ഭാസനും എഴുതിയ ക്ലാസിക് സംസ്‌കൃത നാടകങ്ങള്‍ മലായാളിക്ക് പരിചയപ്പെടുത്തിയ പ്രതിഭാശാലി..... കാവാലം നാരായണ പണിക്കര്‍ക്ക് വിശേഷണങ്ങള്‍ അനവധിയാണ്.


നാടകകൃത്ത്, കവി, ഗാനരചയിതാവ്, പ്രഭാഷകന്‍, ഗ്രന്ഥകര്‍ത്താവ് എന്നിങ്ങനെ വിവിധ മേഖലകളില്‍ തിളങ്ങിയ ബഹുമുഖ പ്രതിഭ. മലയാളിയെ അമച്വര്‍ നാടകത്തിന്റെ ആസ്വാദന തലങ്ങളില്‍ എത്തിച്ച് തനത് നാടക കലയെ ജനകീയമാക്കിയ കലാകാരനായിരുന്നു കൊലുന്ന- ദീര്‍ഘ ശരീരമുള്ള കാവാലം.


കവിതകള്‍ ആലപിക്കുമ്പോള്‍ കുട്ടനാടിന്റെ ഞാറ്റുപാട്ടിന്റെ ഈണവും വഞ്ചിപ്പാട്ടിന്റെ താളവും സമന്വയിക്കുമായിരുന്നു. നാട്ടുസംസ്‌കൃതിയില്‍ കരുപിടിപ്പിച്ച കലാരൂപമായി തനതു നാടകത്തെ മലയാളമണ്ണില്‍ നട്ടു നനച്ചുപിടിപ്പിച്ച് ചെടിയായും, മരമായും, വടവൃക്ഷമായും വളര്‍ത്തി അതിന്റെ തണലില്‍ തലചായ്ച്ചാണ് കാവാലം കഥവശേഷനായി തിരുവരങ്ങ് ഒഴിഞ്ഞത്.


നാടക പ്രമേയത്തെ ആദ്യം കവിതാ രൂപത്തിലാക്കി അതില്‍ നിന്ന് നാടകഭാഷ്യം ഉരുത്തിരിഞ്ഞ് രംഗകഥയായി വികസിപ്പിക്കുന്നു. നാടോടിപ്പാട്ടിന്റെ ലാളിത്യവും ശുദ്ധിയും കാവലം കവിതകളില്‍ ഉണ്ടായിരുന്നു. നാടക സംഭാഷണങ്ങളായും ഈ കവിതകള്‍ വരും,. 1970 കളിലാണ് കാവാലത്തിന്റെ തനതു നാടക പ്രസ്ഥാനം പ്രചാരം നേടുന്നത്.


ചലച്ചിത്ര സംവിധായകന്‍ ജി അരവിന്ദന്‍, നടന്‍മാരായ ഭരത് ഗോപി, നെടുമുടി വേണു തുടങ്ങിയ പ്രതിഭകള്‍ കാവലത്തിനൊപ്പം വളര്‍ന്നു വലുതായി വന്നവരാണ്. ദൈവത്താര്‍, അവനവന്‍ കടമ്പ, കരിങ്കുട്ടി, ഒറ്റയാന്‍ തുടങ്ങിയ നാടകങ്ങള്‍ക്ക് പ്രഫഷണല്‍ നാടകങ്ങള്‍ക്ക ലഭിച്ചിരുന്നതിനേക്കാള്‍ സ്വീകാര്യത ഉണ്ടായിരുന്നു.


സംസ്‌കൃത നാടകങ്ങളായ ഊരുഭംഗം, ദൂതഘടോദ്ഖജം, കര്‍ണഭാരം, ഭഗവദജ്ജുകം, മത്തവിലാസം എന്നിവയോടൊപ്പം, ഫ്രഞ്ച് , ഇംഗ്ലീഷ് ക്ലാസിക് നാടകങ്ങളും കാവാലം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി.


1984 ലെ കര്‍ണഭാരം 2001 ല്‍ നടന്‍ മോഹന്‍ലാലിന്റെ അഭിനയ ചാരുതയില്‍ രംഗത്ത് അവതരിപ്പിച്ചു, സൂപ്പര്‍ താര പദവിയിലിരുന്നപ്പോഴാണ് ലാല്‍ കര്‍ണഭാരത്തിന്റെ റിഹേഴ്‌സ് ക്യാമ്പിലെത്തി സംഭാഷണങ്ങള്‍ കാണാപാഠം പഠിച്ച് നാടകംം അരങ്ങിലെത്തിച്ചത്.


ഭരതമുനിയുടെ നാട്യശാസ്ത്രത്തെ അടുത്തറിഞ്ഞ കാവാലം പുനര്‍സൃഷ്ടിച്ചത് സൗന്ദര്യശാസ്ത്രാധിഷ്ഠിതമായ രംഗഭാഷയായിരുന്നു. അഭിനയത്തിന്റെയും ഭാവഹാവാദികളുടേയും പഴമയിലൂന്നിയ രസതന്ത്രം പുത്തന്‍ തലമുറയ്ക്ക് കാവാലം സമ്മാനിച്ചു, പാശ്ചാത്യ നാടക സങ്കേതങ്ങള്‍ നാടകകളരികളില്‍ പഠിപ്പിക്കുന്നതിനിടയില്‍ ഭരത മുനിയുടെ നാട്യശാസ്ത്രം വിസ്മരിക്കുന്നത് കാവാലത്തിന് വിഷമമുണ്ടാക്കിയിരുന്നു. പാരമ്പര്യത്തെ വിസ്മരിച്ചുള്ള നാട്യവഴികള്‍ വിട്ട് തനത് വഴികളിലൂടെ പ്രയാണം ആരംഭിച്ച കാവാലത്തിന് രാജ്യം പത്മഭൂഷന്‍ നല്‍കി ആദരിച്ചിരുന്നു.


കാവാലത്തിനു ശേഷം ഈ വഴിത്താരകള്‍ ഇരുളടയുമെന്ന ആശങ്കയാണ് ഇപ്പോള്‍ ഉള്ളത്. തട്ടകങ്ങളിലാതെ തനതു നാടകത്തിന് തിരശീലവീഴുമെന്നാണ് ഈ ചിട്ടയുടെ ആരാധകര്‍ പരിതപിക്കുന്നത്. ലോകോത്തര നാടക വേദിയൊന്ന് കാവലത്തിന്റെ സ്മരണാര്‍ത്ഥം പടുത്തുയര്‍ത്താന്‍ കേരളത്തിലെ സംസ്‌കാരിക മന്ത്രാലയത്തിന് കഴിയും. കര്‍ണാടകയില്‍ നടനും സംവിധായകനുമായ ശങ്കര്‍ നാഗിന്റെ ഓര്‍മയ്ക്ക് പണികഴിപ്പിച്ച രംഗശങ്കര ഓഡിറ്റോറിയം ഇതിനു ഉദാഹരണമാണ്. ചലച്ചിത്ര മേളകള്‍ പോലെ തനതു നാടകങ്ങളെ പരിചയപ്പെടുത്തുന്ന നാടകോത്സവം ഒരുക്കിയും കാലത്തിന്റെ യവനികയ്ക്കു പിന്നിലേക്ക് മറഞ്ഞ നാടകാചാര്യനെ അനുസ്മരിക്കാന്‍ ഒരുക്കാവുന്നതാണ്.


കവിതയും ഗാനരചനയും കാവാലത്തിന്റെ തൂലികയ്ക്ക് നാടകം പോലെ തന്നെ വഴങ്ങിയിരുന്നു. രതി നിര്‍വേദം, തമ്പ്. വാടകയ്‌ക്കൊരു ഹുദയം, ആരവം,.കുമ്മാട്ടി, പടയോട്ടം, മര്‍മരം, ഉത്സവപ്പിറ്റേന്ന്. കാറ്റത്തെ കിളിക്കൂട്., ആരുഢം, ഇത്തിരിപ്പൂവേ ചുവന്നപൂവേ, അഹം, ആയിരപ്പറ, കണ്ണെഴുതി പൊട്ടുംതൊട്ട്, മകരമഞ്ഞ്, ഇവന്‍ മേഘരൂപന്‍, മഞ്ചാടിക്കുരും, ആമേന്‍, തുടങ്ങി ജയരാദിന്റെ ഒറ്റാല്‍ വരെ നീളുന്ന 65 ഓളം എണ്ണം പറഞ്ഞ ചിത്രങ്ങളില്‍ 200 ലേറെ ഗാനങ്ങളാണ് കാവാലം മലയാള സിനിമയ്ക്ക് നല്‍കിയത്. ജി ദേവരാജനും ദക്ഷിണാമൂര്‍ത്തിയും മുതല്‍ പുത്തന്‍ തലമുറയിലെ രതീഷ് വേഗയും, പ്രശാന്ത് പിള്ളയും ജോബ് കുര്യനും വരെയുള്ളവര്‍ക്കൊപ്പം കാവലം പ്രവര്‍ത്തിച്ചു,


കുമ്മാട്ടിയിലും അവസാനം ഗാനരചന നിര്‍വഹിച്ച ഒറ്റാലിലും നാടന്‍ ശീലുള്ള ഗാനം ആലപിച്ച കാവാലം തന്റെ ആലാപന ശൈലിയുടെ പ്രത്യേകത എക്കാലവും കാത്തുസൂക്ഷിച്ചിരുന്നു.


കാവാലത്തിന്റെ കാലൊച്ച അകന്നുപോകുമ്പോള്‍ തിരുവനന്തപുരത്തെ തൃക്കണ്ണാ പുരത്തെ സോപാനം എന്ന നാടക കളരിയില്‍ ഈ അതുല്യ പ്രതിഭയുടെ സ്മരണകളുടെ രംഗപടങ്ങള്‍ ഉയരുകയാണ്.

Advertisement here

Like Facebook Page :
 

Related Videos


Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ