Entertainment News

ആരാണ് വില്ലന്‍ -മലയാള സിനിമ ബോക്‌സ് ഓഫീസ് വിജയങ്ങള്‍ക്ക് പിന്നാലെ

Sun, Oct 29, 2017

Arabianewspaper 6967
ആരാണ് വില്ലന്‍ -മലയാള സിനിമ  ബോക്‌സ് ഓഫീസ് വിജയങ്ങള്‍ക്ക് പിന്നാലെ

മലയാള സിനിമയെ വിലയിരുത്തന്നത് ബോക്‌സ് ഓഫീസ് കളക്ഷന്‍ നോക്കിയായി തുടങ്ങിയിട്ട് അധികമായില്ല. ബോളിവുഡും ഇതര ഭാഷാ ചിത്രങ്ങളും വിലയിരുത്തന്നത് ഇത്തരത്തിലാണ്. 100 കോടി ക്ലബ് മലയാളിക്ക് സ്വപ്‌നം കാണാത്ത അവസ്ഥയിലായിരുന്നു. നാളിതുവരെ.


മൂന്നര കോടി ജനങ്ങളുള്ള കേരളത്തില്‍ നിന്ന് 100 കോടി പിരിഞ്ഞു കിട്ടുക അസാധ്യമെന്നും കരുതിയിരുന്നു. എന്നാല്‍, സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിന്റെ പുലിമുരുകന്‍ ഈ ധാരണയെല്ലാം പൊളിച്ചെഴുതി. കാശുവാരിപ്പടത്തിന് കലാമൂല്യം വേണമെന്നില്ലെന്നും ജനപ്രിയത മതിയെന്നും പ്രേക്ഷകര്‍ വിധി പറഞ്ഞു.


അങ്ങിനെ പല സിനിമകളും 50 കോടിയും മറ്റും പിന്നിട്ടു. ദിലീപ് അഭിനയിച്ച ടു കണ്‍ട്രീസ് എന്ന കോമഡി ചിത്രവും 50 കോടിയില്‍ എത്തി. പണമൂല്യം നോക്കി സിനിമയെ വിലയിരുത്തുകയും പുകഴ്ത്തുകയും ഇകഴ്ത്തുകയും ചെയ്തു.


മുമ്പെല്ലാം ഫിലിം റിവ്യു എഴുതിയിരുന്നത് ഈ മേഖലയിലെ പരിചയസമ്പന്നരയാ മാധ്യമ പ്രവര്‍ത്തകരായിരുന്നുവെങ്കില്‍ ഇന്ന് റിവ്യു എഴുതുന്നത് സാധാരണ പ്രേക്ഷകരായി. കലാമൂല്യത്തിന് റിവ്യുയില്‍ സ്ഥാനം കുറഞ്ഞു തുടങങുകയും ചെയ്തു.


മസാല പടങ്ങള്‍, തട്ടുപൊളിപ്പന്‍ ഡയലോഗുകളും സംഘട്ടന രംഗങ്ങളും മറ്റുമായി സിനിമയുടെ മാനദണ്ഡങ്ങള്‍ മാറി. ദേശീയ പൂരസ്‌കാരത്തിന് മത്സരിക്കുമ്പോള്‍ മലയാള സിനിമകള്‍ മുന്നിലായിരുന്ന ഒരു കാലമുണ്ടായിരുന്നു. സമാന്തര സിനിമകളും മധ്യവര്‍ത്തി സിനിമകളുമായിരുന്നു മലയാളത്തിന്റെ ശക്തി. അടുരും , അരവിന്ദനും, കെ ആര്‍ മോഹനും, കെ ജി ജോര്‍ജും ഷാജി എന്‍ കരുണും, പവിത്രനും തുടങ്ങി മധ്യവര്‍ത്തി സിനിമകളുടെ വക്താക്കളായി മാറിയ ഭരതന്‍, പത്മരാജന്‍ രാജീവ് നാഥ്, മോഹന്‍, ശ്രീകുമാരന്‍ തമ്പി, ഹരിഹരന്‍ തുടങ്ങി മലയാളത്തിന് ഒരു പിടി നല്ല സംവിധായകരും ഉണ്ടായിരുന്നു.


ഇന്ന് ഈ ഗണത്തിന് അപചയം സംഭവിച്ചു,. കലാമൂല്യമുള്ള ചിത്രങ്ങള്‍ക്ക് വന്ന ഇടിവ് സിനിമ പ്രേക്ഷകരുടെ നിലവാരത്തില്‍ വന്ന മാറ്റവുമായി ബന്ധപ്പെട്ടു. ഐവി ശശിയെ പോലുള്ള പണം വാരിപ്പടങ്ങളുടെ സംവിധായകരും സിനിമയുടെ കലാമൂല്യം ചോരാതെ പടം പിടിച്ചവരാണ്. ഹിറ്റ് ചിത്രങ്ങളുടെ സൃഷ്ടാക്കളായി മാറിയ പ്രിയദര്‍ശന്‍, സിബി മലയില്‍, ഭദ്രന്‍, ബാലചന്ദ്രരേനോന്‍, ജോഷി, ഷാജി കൈലാസ്, ലോഹിത ദാസ്, ജയരാജ്, രഞ്ജിത്, സത്യന്‍ അന്തിക്കാട് എന്നിവരും സിനിമയെ വാണിജ്യപരമായി മാത്രം കാണുന്നവരായിരുന്നില്ല.


മലയാള സിനിമയിലേക്ക് മിമിക്രി കലാകാരന്‍മാരുടെ വരവോടെ കോമഡി ട്രെന്‍ഡിലേക്ക് പൂര്‍ണമായും സിനിമ മാറി. സിദ്ധിഖ് ലാല്‍, ഷാഫി, റാഫി മെക്കര്‍ട്ടിന്‍, തുടങ്ങിയവരും രാജസേനന്‍,, വി ആര്‍ ഗോപാലകൃഷ്ണ്‍ തുടങ്ങിയവരാണ് കോമഡിയിലൂടെ മലയാളസിനിമയില്‍ തരംഗം സൃഷ്ടിച്ചത്.


ഇതിനു ശേഷം എത്തിയ ആഷിക് അബു, അമല്‍ നീരദ്, ജിത്തു ജോസഫ്, ജൂഡ് ആന്റണി, അല്‍ഫോന്‍സ് പുത്രന്‍, എബ്രിഡ ഷൈന്‍ , ലിജോ ജോസ് പെല്ലിശേരി, വൈശാഖ്, അരുണ്‍ ഗോപി ആ നിര നീളുന്നു. ഇവര്‍ കോമഡിയും കലാമൂല്യുവും അതോടൊപ്പം പുതിയ പരീക്ഷണങ്ങളും പ്രയോഗിച്ചു.


സിനിമ എന്നാല്‍ പണം വാരിപ്പടങ്ങളായി മാറിയതോടെ കലാമൂല്യത്തിന് രണ്ടാം സ്ഥാനം നല്‍കാനാണ് പലരും തീരുമാനിച്ചത്. ഇത് പ്രേക്ഷകരെ മുന്നില്‍ കണ്ടുമാണ്. നല്ല സിനിമയെ പ്രോത്സാഹിപ്പിക്കാന്‍ മുമ്പ് ദുരദര്‍ശന്‍ മുന്നോട്ടു വന്നിരുന്നു. ഇന്ന് ചാനലുകളില്‍ സിനിമ പ്രദര്‍ശിപ്പിക്കുമെങ്കിലും അടുത്ത കാലത്തൊന്നും കാലാമൂല്യമുള്ള സിനിമ പ്രേക്ഷകരിലെത്തിക്കാന്‍ ഒരു ചാനലും തയ്യാറാകുന്നതായി കണാനായിട്ടില്ല.


മലയാള സിനിമ യുവാക്കള്‍ക്കുമാത്രമായി മാറിയതാണ് ഇതിനു കാരണം. എല്ലാക്കാലത്തും ന്യു ജനറേഷന്‍ ഉണ്ട്. ഇപ്പോള്‍ ഉള്ള തലമുറ മാറി അടുത്ത തലമുറ വരുമ്പോഴും ന്യു ജനറേഷന്‍ ആകും എന്നാല്‍, പഴയ തലമുറയും അവരുടെ സിനിമയും ചവറ്റു കൊട്ടയില്‍ എറിയപ്പെടേണ്ടതാണെന്ന് ആരും പറയുമെന്ന് തോന്നുന്നില്ല.


മലയാളിയുടെ കുടുംബവും അതിന്റെ മൂല്യവും പോലെ ഇതും മാറുന്നുണ്ടെന്ന് സമ്മതിക്കേണ്ടി വരും. പ്രായമായ മാതാപിതാക്കളെ വൃദ്ധ സദനങ്ങളിലേക്ക് നടതള്ളുന്ന സാധാരണ മലയാളി മനസിന് കാരണവും പഴമയൊടുള്ള അവജ്ഞയും അവഗണയുമാണ്. താനും ഈ ഗണത്തിലേക്ക് അതിവേഗമെത്തുകയാണെന്ന് തിരിച്ചറിവാണ് ഇവിടെ അനിവാര്യം. ഇത് മലയാള ചലച്ചിത്ര ഗാനരംഗത്തും പ്രതിഫലിക്കുന്നുണ്ട്. വരികളിലും ഈണത്തിലും കാത്തു സൂക്ഷിച്ച തനിമയും, ഗരിമയും ഇന്ന് കൈമോശം വന്നിട്ടുണ്ട്. പ്രേക്ഷകര്‍ക്കിഷ്ടം ഇതാണെന്ന് പറഞ്ഞ് നിര്‍മാതാവും, സംവിധായകനും അണിയറ പ്രവര്‍ത്തകരും എല്ലാം ഇത്തരമൊരു സൃഷ്ടി അടിച്ചേല്‍പ്പിക്കുന്നു. താമസിയാതെ ഈ അപചയം സിനിമയെന്ന കലയെ തീര്‍ത്തും കലയില്ലായ്മയായി മാറ്റിയേക്കാം.

Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ