Books News

വാള്‍ത്തലയുടെ വക്കു പോലുള്ള വാക്കുകളുമായി കൃഷ്ണഭാസ്‌കര്‍ മംഗലശേരി

Tue, Nov 08, 2016

Arabianewspaper 3071
വാള്‍ത്തലയുടെ  വക്കു പോലുള്ള വാക്കുകളുമായി കൃഷ്ണഭാസ്‌കര്‍ മംഗലശേരി

പ്രതിലോമകാരി, കുലംകുത്തി. വിപ്ലവകാരി ... വ്യവസ്ഥിതിയെ എതിര്‍ക്കുന്നവരെ കുറിച്ചുള്ള വിശേഷണങ്ങള്‍ ഏറെയാണ്. വസന്തത്തിലെ ഇടിമുഴക്കമല്ല, നേരുള്ളത് നേരെ നിന്നു പറയാനുള്ള ആര്‍ജ്ജവം, ഹൃദയാര്‍ദ്രത. ..  പറയാനുള്ളത് അങ്ങിനെ തന്നെ വിളിച്ചു പറയുന്നവന്‍. അത് ഹിരണ്യ ഗര്‍ഭ്ത്തിലെ ഉണ്ണിയാകാം.. കഥ എഴുതിയ കൃഷ്ണ ഭാസ്‌കറകാം. ആരുമാകാം.


പക്ഷേ, ഇക്കണക്കിനൊക്കെ പറയാന്‍ അധികമാരുമില്ല. പച്ചപരമാര്‍ത്ഥങ്ങള്‍ വിളിച്ചു പറയുകയാണ്. ഇത് കേട്ട് നെറ്റിചുളിക്കുന്നവരുടെ ഇടയിലൂടെ കടന്നു പോകുമ്പോള്‍ തീക്ഷണമായ അനുഭവങ്ങളും സ്വാഭാവികം.


ജാതി -അത് ഒരു യാഥാര്‍ത്ഥ്യമാണ്. ചിലര്‍ക്ക് പേരിന്റെ വാലായി ജാതി കാണും. മറ്റു ചിലര്‍ക്ക് വാലിനൊപ്പം ഹൃദയത്തിലും ചിന്തയിലും എല്ലാം ജാതിചിന്തയുണ്ടാകും. സമൂഹത്തിലെ ഏറ്റവും നശിച്ച വ്യവസ്ഥിതിയായിട്ടും ജാതി ഇല്ലാതാകുന്നില്ല. പൂണൂുലു പൊട്ടിച്ചെറിഞ്ഞ് മനസിലെ അശുദ്ധിക്ക് പുണ്യാഹം തളിച്ച വിപ്ലവകാരികളുടെ ജനുസില്‍ പെട്ടവന്റെ വിഹ്വലതകളും ജീവിതാനുഭവങ്ങളും കൂര്‍ത്ത മുനയുള്ള വാക്കുകളിലൂടെ ഹിരണ്യഗര്‍ഭം എന്ന നോവലില്‍ വരച്ചു കാണിച്ചയാളാണ് കൃഷ്ണഭാസ്‌കര്‍ മംഗലശേരി.


വര്‍ത്തമാനകാല സാഹചര്യങ്ങളില്‍ ജാതീയതയുടെയും മതതീവ്രവാദത്തിന്റെയും പ്രമേയങ്ങളില്‍ കൈവെയ്ക്കാന്‍ പലരും മടിക്കും. മനസിലെ ഇരുണ്ട കോണുകളില്‍ ചിതലിനും ചിലന്തിയ്ക്കുമൊപ്പം യാഥാസ്ഥിതികതയും പേറുന്ന കുടുംബാംഗങ്ങളുടെ ഇടയിലേക്ക്, തന്റെ പാരമ്പര്യത്തിന്റെ ജീര്‍ണിച്ച
നാലുകെട്ടുകളിലേക്ക് പ്രവാസിയായ ഉണ്ണി എന്ന നായകന്‍ കടന്നു വരുകയും വ്യവസ്ഥിതികളെ തച്ചുടയ്ക്കാനൊരുങ്ങുകയും ചെയ്യുന്നതിന്റെ നേര്‍ക്കാഴ്ചയാണ് ഹിരണ്യഗര്‍ഭത്തിലൂടെ എഴുത്തുകാരന്‍ കൃഷ്ണഭാസ്‌കര്‍ അവതരിപ്പിക്കുന്നത്.


എഴുത്ത് എന്നത് കൃത്രിമമായ ഒന്നല്ല. അത് സ്വാഭാവികമായി സംഭവിക്കുന്നതാണ്. നടനും, മോഡലും, അദ്ധ്യാപകനും സംരംഭകനുമെല്ലാമായ കൃഷ്ണഭാസ്‌കര്‍ക്ക് എഴുത്ത് അറിയാതെ സംഭവിച്ചു പോയതാണ്. സംരംഭകന്റെ ഭാവഹാവാദികളില്‍ നിന്ന് പൊതുബോധം പറഞ്ഞുവെച്ചിട്ടുള്ള എഴുത്തുകാരന്റെ രൂപത്തിിലേക്കും എത്തിയത് സ്വാഭാവികമായിരുന്നു.


ചെറുകഥകള്‍ എഴുതുകയും ആനുകാലികങ്ങളില്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്ത ശേഷമാണ് ഹിരണ്യ ഗര്‍ഭത്തിലേക്ക് കടന്നത്. യുവ എഴുത്തുകാരെ എന്നും പ്രോത്സാഹിപ്പിച്ചിടുള്ള മലയാളത്തിന്റെ അനുവാചക ഹൃദയം കൃഷ്ണഭാസ്‌കറിനെയും തോളേറ്റി ലാളിക്കുന്നു. ഈ വാത്സല്യത്തിന്റെ അനുഭവമാണ് ഷാര്‍ജയിലെ പുസ്തകോത്സവവേദിയില്‍ എത്തിയപ്പോള്‍ സുമുഖനായ ഈ എഴുത്തുകാരന് ലഭിച്ചത്. കൈയ്യൊപ്പു ചാര്‍ത്തിയ പുസ്തകത്തിനും ഒരുമിച്ചൊരു ചിത്രമെടുപ്പിനും എത്തിയവര്‍ എഴുത്തുകാരനെ അംഗീകരിക്കുകയായിരുന്നു.


പ്രവാസത്തിന്റെ ചൂടും ചൂരും അറിഞ്ഞ ജീവിതത്തിന്റെ ഏടുകളിലൊന്നില്‍ ഹിരണ്യ ഗര്‍ഭത്തിലെ ഉണ്ണി പറയുന്ന ഭാഗമായി ദുബായ് അവതരിക്കുന്നുണ്ട്. പണം ഉള്ളവന്റേയും അതുണ്ടാക്കാന്‍ ഇറങ്ങിപ്പുറപ്പെടുന്നവരുടേയും സ്വപ്‌നഭൂമി....അവിടേയ്ക്കാണ് എഴുത്തുകാരന്‍ മടങ്ങിയെത്തിയത് ഇക്കുറി അക്ഷരോത്സവത്തില്‍ പങ്കെടുക്കാനാണെന്ന് മാത്രം.


സത്യന്‍ അന്തിക്കാടിന്റെ പുതിയ തീരങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് അഭിനയത്തിലും ഒരു കൈ നോക്കിയത്. മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത എബിസിഡി, തമിഴ് നടന്‍ ശരത് കുമാറിനൊപ്പം ആശാ ബ്ലാക്ക തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു.


സന്ദീപ് വര്‍മ, ഗോകുല്‍ നാഥ് എന്നിവര്‍ക്കൊപ്പം ചേര്‍ന്ന് ഡിജിഫാക്ടറി എന്ന ഫിലിം മാര്‍ക്കറ്റിംഗ് കമ്പനി രൂപികരിച്ച കൃഷ്ണ ഭാസ്‌കര്‍ തന്റെ എംബിഎ മികവുകളും പുറത്തെടുത്തു. ആക്ഷന്‍ ഹീറോ ബിജു, ലീല തുടങ്ങിയ ചിത്രങ്ങളുടെ വിപണിതന്ത്രങ്ങള്‍ ആവിഷ്‌കരിച്ച് വന്‍വിജയഘോഷമാക്കി.


അതിനിടയിലാണ് നോവല്‍ പ്രസിദ്ധീകരിച്ചത്. ഡിസി ബുക്‌സിന്റെ നേതൃത്വത്തില്‍ അച്ചടിച്ച് പ്രമുഖ നോവലിസ്റ്റ് കെ എല്‍ മോഹനവര്‍മ പ്രകാശനം കര്‍മം നിര്‍വഹിച്ച ഹിരണ്യ ഗര്‍ഭം ഓണ്‍ലൈനായും മറ്റും പെട്ടെന്ന് വിറ്റഴിഞ്ഞു, ഷാര്‍ജയിലെ പുസ്തകോത്സവത്തിലും അനുഭവം മറിച്ചല്ല.


കാരയ്ക്കായുടെ നാട്ടിലെ വരണ്ട മണലു പോലയല്ല പ്രവാസികളുടെ മനസ്. അക്ഷരങ്ങളെ അളവറ്റ് സ്‌നേഹിക്കുന്ന ഒരു വലിയ കൂട്ടമുണ്ടിവടെയെന്ന് ഷാര്‍ജയിലെ എക്‌സപോ സെന്റര്‍ വിളിച്ചു പറയുന്നു. അതില്‍ തന്നെ മലയാളത്തിന്റെ സാന്നിദ്ധ്യം എടുത്തു പറയേണ്ടതാണെന്നും കൃഷ്ണഭാസ്‌കര്‍ പറയുന്നു. നടനും സാഹിത്യകാരനുമായി ഒരേ സമയം തിളങ്ങുന്ന ചിലരുണ്ട്. മധുപാല്‍ അങ്ങിനെയാണ്.


കൊല്ലം സ്വദേശിയായ കൃഷ്ണഭാസ്‌കര്‍ പുസ്തകോത്സവ വേദിയിലെ എഴുത്തുകാരിലെ താരമായി മാറുകയായിരുന്നു.

Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ