Business News

ഇന്ത്യയുടെ ചൈനീസ് ഉത്പന്ന ബഹിഷ്‌കരണ ആഹ്വാനം ഏശിയില്ല -ഗ്ലോബല്‍ ടൈംസ്

Thu, Oct 20, 2016

Arabianewspaper 322
ഇന്ത്യയുടെ ചൈനീസ് ഉത്പന്ന ബഹിഷ്‌കരണ ആഹ്വാനം ഏശിയില്ല -ഗ്ലോബല്‍ ടൈംസ്

ആണവ വിതരണ ഗ്രൂപ്പില്‍ ഇന്ത്യയെ പിന്തുണയ്ക്കാതെ തടസം നിന്ന ചൈനയ്‌ക്കെതിരെ ചില രാഷ്ട്രീയക്കാരും സാമൂഹ്യ മാധ്യമങ്ങളും നടത്തുന്ന പ്രചാരണം ഏശുന്നില്ലെന്ന് ചൈനീസ് സര്‍ക്കാരിന്റെ ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസ് ദിന പത്രം .


ലഷ്‌കര്‍ ഇ തൊയിബ കമാന്‍ഡറെ ആഗോള ഭീകരനായി ഐക്യ രാഷ്ട്രസഭ പ്രഖ്യാപിക്കുന്നത് വീറ്റോ ചെയ്ത ചൈനീസ് നടപടിയും പാക്കിസ്ഥാനെ പിന്തുണയ്ക്കുന്ന ചൈനയുടെ നിലപാടിനുമെതിരെയാണ് ഇന്ത്യയില്‍ പ്രതിഷേധവും ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനവും ഉണ്ടായത്. എന്നാല്‍, ജനങ്ങള്‍ ഇതെല്ലാം തള്ളിയെന്ന് ഗ്ലോബല്‍ ടൈംസ് പറയുന്നു.


ഈ രണ്ടു വിഷയങ്ങളിലും ഇന്ത്യയും ചൈനയും പരസ്പരം ചര്‍ച്ച ചെയ്തു അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റുന്നതിന് ശ്രമിച്ചു വരികയാണെന്നും ഇതിനിടയില്‍ ഇത്തരം നീക്കങ്ങള്‍ നടത്തുന്നത് ഉചിതമല്ലെന്നും ്‌ഗ്ലോബല്‍ ടൈംസ് പറയുന്നു.


അതിര്‍ത്തി പ്രശ്‌നങ്ങള്‍ എന്നും ഇന്ത്യ- ചൈന സൗഹൃദത്തെ ബാധിച്ചിട്ടുണ്ട്. എന്നാല്‍, ഈ അവസരങ്ങളിലൊന്നും ഇരു രാജ്യങ്ങളുടെയും സാമ്പത്തിക, വികസന വിഷയങ്ങളില്‍ രാഷ്ട്രീയ ശക്തികള്‍ ഇടപെട്ടിട്ടില്ല. 1988 ല്‍ രാജിവ് ഗാന്ധി ചൈന സന്ദര്‍ശിച്ച ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം വര്‍ദ്ധിച്ചു, 2013 ല്‍ ചൈന ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി


ചൈനയുടെ ഉത്പന്നങ്ങള്‍ ഇന്ത്യയിലേക്ക് വന്‍ തോതില്‍ ഇറക്കുമതി ചെയ്യപ്പെടുന്നുണ്ട് എന്നാല്‍ ഇന്ത്യയില്‍ നിന്ന് തിരിച്ച് ഇത്രയും ഉത്പന്നങ്ങള്‍ എത്തുന്നില്ല. ഇത് ഇന്ത്യയുടെ വ്യാപാരക്കമ്മി വര്‍ദ്ധിപ്പിക്കുന്നു. ഇതിനെ തുടര്‍ന്ന് ചൈനയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ ഇന്ത്യയിലേക്ക് വരാതിരിക്കാനുള്ള ശ്രമങ്ങള്‍ ഇന്ത്യയുടെ ഭാഗത്തു നിന്നും ഔദ്യോഗികമല്ലെങ്കിലും ഉണ്ടാകാറുണ്ട്. ഇപ്പോഴത്തെ ബഹിഷ്‌കരണ ആഹ്വാനം ഇതിന്റെ ഭാഗമാണ്. 2015 ല്‍ 51.45 ബില്യണ്‍ യുഎസ് ഡോളറാണ് ഇന്ത്യയുടെ വ്യാപാരക്കമ്മി.


ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രഖ്യാപനം വന്ന ശേഷമാണ് ചൈനീസ് ഉത്പന്നങ്ങള്‍ക്ക് ബഹിഷ്‌കരണം എന്ന ആശയത്തിന് ശക്തി പ്രാപിച്ചത്. ചൈനീസ് നിര്‍മിത, ബലൂണുകള്‍, നിറമുള്ള വിളക്കുകള്‍, റിബണ്‍, പട്ടത്തിന്റെ നൂല്‍ എന്നിവ ബഹിഷ്‌കരിക്കാനാണ് ആഹ്വാനം. ഹിന്ദു ഉത്സവ സമയത്ത് ഇന്ത്യക്കാരുടെ ദേശീയതയും മതപരവുമായ വികാരം ഉണര്‍ത്തി ചൈനയുടെ ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനാണ് ആഹ്നാനം.


എന്നാല്‍ ഉപഭോക്താക്കള്‍ കുറഞ്ഞ വിലയും ആകര്‍ഷകമായ ഉത്പന്നങ്ങളും എക്കാലവും തിരഞ്ഞെടുക്കും. മേല്‍പ്പറഞ്ഞ സാമഗ്രികള്‍ ഇന്ത്യയിലേക്ക് ചെറിയ തോതിലാണ് കയറ്റുമതി ചെയ്യുന്നത്. മൊബൈല്‍ ഫോണ്‍ പോലുള്ള ഇലക്ട്രോണിക് ഉത്പന്നങ്ങളാണ് ഇന്ത്യയിലേക്ക് കുടുതലായി കയറ്റി അയയ്ക്കുന്നത്.


ചൈനീസ് സ്മാര്‍ട് ഫോണുകള്‍ക്ക് ഇന്ത്യയില്‍ വന്‍ ഡിമാന്‍ഡാണുള്ളത്. ഷവോമി എംഐ എന്ന മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ അടുത്തിടെ ഉണ്ടായ തിരക്ക് മാധ്യമങ്ങളില്‍ വാര്‍ത്തകളില്‍ വന്നിരുന്നു. ഒക്ടോബറില്‍ റെക്കോര്‍ഡ് വില്‍പനയാണ് തങ്ങള്‍ നടത്തിയതെന്ന് കമ്പനി പറയുന്നു. പത്തു ലക്ഷം മൊബൈല്‍ ഫോണുകളാണ് ഒക്ടോബറില്‍ ഇതിനകം വിറ്റത്. ഇന്ത്യയില്‍ വിറ്റു പോകുന്ന മൂന്നാമത്തെ വലിയ മൊബൈല്‍ ഫോണ്‍ ബ്രാന്‍ഡാണ് ഷവോമി.


ചൈന കഴിഞ്ഞാല്‍ ഷവോമി ഏറ്റവും അധികം വില്‍ക്കുന്നത് ഇന്ത്യയിലാണ്. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ഷവോമി ഒന്നാം സ്ഥാനത്ത് എത്തുമെന്നും ഇവര്‍ പറയുന്നു.

Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ