Business News

ഇ വാലെറ്റ്- പെ ടീഎം ആറു ദിവസം കൊണ്ട് നേടിയത് 150 കോടി രൂപ

Thu, Nov 17, 2016

Arabianewspaper 796
ഇ വാലെറ്റ്- പെ ടീഎം ആറു ദിവസം കൊണ്ട് നേടിയത് 150 കോടി രൂപ

1000, 500 നോട്ട് നിരോധനം കൊണ്ട് നേരിട്ട് മെച്ചമുണ്ടായ രാജ്യത്തെ ഏക കമ്പനി ഒരു പക്ഷേ പെ ടിഎം എന്ന മൊബൈല്‍ വാലെറ്റ് സേവന ദാതാവായിരിക്കും. കറന്‍സി ഇല്ലാത്ത സമ്പദ് രംഗം സ്വപ്‌നം കാണുന്നവര്‍ക്കുള്ള വലിയ കോട്ടവാതിലുകളിലൊന്നാണ് 2010 ല്‍ ആരംഭിച്ച ഇ കോമേഴ്‌സ് സ്റ്റാര്‍ട്ട് അപ് സംരംഭമായ പെ ടിഎം.


നോട്ടു പിന്‍വലിച്ച അന്നു മുതല്‍ പലരും ചോദിക്കുന്ന ചോദ്യങ്ങളിലൊന്നാണ് രാജ്യത്തെ സാധാരണക്കാരന് ക്രഡിറ്റ് -ഡെബിറ്റ് കാര്‍ഡുകള്‍ ഉണ്ടോയെന്നും ഓണ്‍ലൈന്‍ ഇടപാട് എങ്ങിനെ നടക്കുമെന്നും... എന്നാല്‍, സ്മാര്‍ട്ട്‌ഫോണ്‍ സൗകര്യമുള്ള എല്ലാവര്‍ക്കും ഉപയോഗിക്കാവുന്ന സംവിധാനമായ പെ ടിഎം. ഇതിനു മറുപടി നല്‍കും.


ഫ്‌ളിപ് കാര്‍ട്ട്, ഇന്‍ഫിബീം, സ്‌നാപ്ഡീല്‍ ആമസോണ്,. ആലിബാബ തുടങ്ങിയ ഇ കോമേഴ്‌സ് സൈറ്റുകള്‍ പോലെതന്നെയാണ് പെ ടിഎമും. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുള്ള പെയ്‌മെന്റ് ( പെയ്‌മെന്റ് ത്രൂ മൊബൈല്‍ -എന്നതിന്റെ ചുരുക്കപ്പേരാണ് പെടിഎം).


മൊബൈല്‍ പ്രീ പെയ്ഡ് റീ ചാര്‍ജിംഗ് സംവിധാനത്തിന് തുടങ്ങിയ ഈ സ്റ്റാര്‍ട്ട്അപ് 2014 പെടിഎം വാലെറ്റ് തുടങ്ങി. രണ്ടു കൊല്ലം കൊണ്ട് പത്തു കോടി വാലെറ്റുകളിലേക്കാണ് വളര്‍ന്നത്.


ബാങ്ക് അക്കൗണ്ട് , ഡെബിറ്റ്, ക്രഡിറ്റ് കാര്‍ഡുകള്‍ വഴി പെടിഎം വാലറ്റിലേക്ക് പണം നിക്ഷേപിച്ചാല്‍ പിന്നെ ഇവരുടെ മൊബൈല്‍ ആപ് ഉപയോഗിച്ച് ഷോപ്പിംഗ് നടത്താം. സിനിമ ടിക്കറ്റുകള്‍. ഫ്‌ളൈറ്റ് ടിക്കറ്റുകള്‍, തുടങ്ങി എല്ലാം കറന്‍സി നോട്ടുകള്‍ കൈയ്യില്‍ ഇല്ലാതെ തന്നെ വാങ്ങിക്കാം.


കഴിഞ്ഞ എട്ടു ദിവസമായി ജനം കയ്യില്‍ കറന്‍സികളില്ലാതെ വലയുമ്പോള്‍ പലര്‍ക്കും പെ ടിഎം ഉപയോഗപ്രദമായി. ചായക്കടക്കാരനും വഴിയിലെ പഴക്കച്ചവടക്കാരനും പെ ടിഎം സ്വീകരിച്ചു തുടങ്ങിയതോടെ സംഗതി ക്ലിക്കായി.


കടകള്‍ക്കു മുന്നില്‍ പെ ടിഎം ക്യുആര്‍ കോഡ് തൂക്കിയിട്ടുണ്ട് ഇതിലേക്ക് മൊബൈല്‍ ഫോണ്‍ ക്യാമറ പിടിച്ചാല്‍ മാത്രം മതിയാകും, തുടര്‍ന്ന് അനായാസം പണം മൊബൈല്‍ ഫോണിലൂടെ കൈമാറാം.


വലിയ തുകയുടെ പണമിടപാടുകളും ചെറിയ തുകയുടെ ഇടപാടും നടത്താനാവുന്നതിനാല്‍ പലരും ഇതിലേക്ക് ആകൃ്ഷ്ടരായിട്ടുണ്ട്. വലിയ തുകയ്ക്ക് ക്യാഷ് ബാക്കുകളും ഓഫറുള്ളതിനാല്‍ കൂടുതല്‍ ഉപയോഗിക്കാനും ഇത് പ്രേരിപ്പിക്കുന്നു.


പെടിഎം ആപ് ഡൗണ്‍ലോഡ് ചെയ്തവര്‍ക്ക് ഇതു ഉപയോഗിച്ച് നിങ്ങളുടെ സമീപത്തുള്ള ഇ വാലറ്റ് സ്വീകരിക്കുന്ന കച്ചവട സ്ഥാപനങ്ങളെ തിരയാനും കഴിയും. നിയര്‍ബൈ എന്ന ഈ ബട്ടണ്‍ നിങ്ങളുടെ ജിപിഎസ് ലൊക്കേഷന്‍ ഉപയോഗിച്ചാണ് ഇത് നല്‍കുന്നത്. പാന്‍വാലയും പാനിപൂരി വാലയും മുതല്‍ ഷോപ്പിംഗ് മാളിലെ കച്ചവടക്കാര്‍ വരെയുള്ള പത്തു ലക്ഷം കച്ചവടക്കാരുടെ വലിയ ശൃംഖലയാണ് പെ ടിഎം നല്‍കുന്നത്. പത്തു പ്രാദേശിക ഭാഷകളിലാണ് സേവനം സജ്ജമാക്കിയിിരിക്കുന്നത്. നോട്ടു പിന്‍വലിക്കലിനെ തുടര്‍ന്ന് ഇവരുടെ ഓഫ്‌ലൈന്‍ വ്യാപാരത്തില്‍ വന്‍ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് ഇക്കണൊമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.


ഫ്‌ളിപ് കാര്‍ട്ടിനെ പോലെ മുന്നോട്ടു കുതിക്കുന്ന പെടിഎമ്മിന്റെ വളര്‍ച്ച കണ്ട് ടാറ്റുയും ചൈനീസ് ഇ കോമേഴ്‌സ് സ്ഥാപനമായ ആലിബാബയും ഇതിന്റെ ഓഹരി വാങ്ങിക്കുട്ടിയിട്ടുണ്ട്. ഡെല്‍ഹി സ്വദേശിയായ വിജയ് ശേഖര്‍ ശര്‍മയാണ് പെ ടിഎമ്മിന്റെ സ്ഥാപകനും സിഇഒയും.


ഡിജിറ്റല്‍ ഇന്ത്യയുടെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് നന്ദി പ്രകാശിപ്പിച്ച് റിലയന്‍സിന്റെ ജിയോ സിം മുന്‍ പേജ് വലിയ പരസ്യങ്ങള്‍ നല്‍കിയ പോലെയാണ് 500, 1000 നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്ന് പെ ടിഎം മോഡിക്ക് നന്ദി പ്രകാശിപ്പിച്ച് വലിയ പരസ്യങ്ങള്‍ പത്രങ്ങളില്‍ നല്‍കിയത്. ജിയോ യുടേയും പെടിഎമ്മിന്റേയും ബ്രാന്‍ഡ് അംബാസഡറായി പ്രധാനമന്ത്രി നരേന്ദ്ര മോഡി മാറിയെന്ന ആക്ഷേപവും ഇതോടെ ഉയര്‍ന്നിരുന്നു. പ്രധാനമന്ത്രിക്ക് നന്ദി പ്രകാശിപ്പിച്ച് രാജ്യത്തെ ഏതൊരു പൗരനും കമ്പനിക്കും പത്ര പരസ്യം നല്‍കുന്നത് വിലക്കാനാവില്ലെന്നാണ് ബിജെപി വക്താക്കള്‍ ഇതിനെ ന്യായികരിക്കുന്നത്.Advertisement here

Like Facebook Page :
 

Related Videos


Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ