General News

ചെങ്ങന്നൂരില്‍ ആര്‍എസ്എസിനെ ഇറക്കി ബിജെപിയുടെ ത്രിപുര മോഡല്‍ പോരാട്ടം

Tue, Mar 13, 2018

Arabianewspaper 821
ചെങ്ങന്നൂരില്‍ ആര്‍എസ്എസിനെ ഇറക്കി ബിജെപിയുടെ ത്രിപുര മോഡല്‍ പോരാട്ടം

ചെങ്ങന്നൂരില്‍ ബിജെപിക്ക് വിജയം കൊയ്യാനായി ആര്‍എസ്എസ് രംഗത്ത്. പഞ്ചായത്ത് കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനമാണ് ബിജെപിക്കു വേണ്ടി ആര്‍എസ്എസ് നടത്തുന്നത്. നായര്‍, ഈഴവ, വിശ്വകര്‍മ വോട്ടുകള്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്ന ഇവിടെ പരമാവധി വോട്ടുകള്‍ പെട്ടിയിലാക്കാനാണ് ശ്രമം.


ആര്‍എസ്എസ് വിഭാഗ് കാര്യവാഹ് ഒ കെ അനിലനാണ് ബിജെപി പ്രചാരണത്തിന്റെ ചുമതല നല്‍കിയിരിക്കുന്നത്. ത്രിപുരയില്‍ പ്രവര്‍ത്തിച്ച പോലെ താഴെത്തട്ടിലേക്ക് ഇറങ്ങിച്ചെന്നും വീടു വീടാന്തരം സമ്പര്‍ക്കം നടത്തിയുമാണ് പ്രചാരണം ആരംഭിച്ചിരിക്കുന്നത്.


രാജ്യസഭയിലേക്ക് മത്സരിക്കുന്ന വി മുരളീധരനെ മുന്‍ നിര്‍ത്തിയാണ് ബിജെപി ചെങ്ങന്നൂരില്‍ പ്രചാരണം നടത്തുന്നത്. മുളക്കുഴ പഞ്ചായത്തില്‍ മുരളിധരന്‍ താമസിച്ച് പ്രവര്‍ത്തനം നടത്തും. തിരഞ്ഞെടുപ്പു കഴിയും വരെ പഞ്ചായത്ത് വിട്ട് പോകരുതെന്ന് നിര്‍ദ്ദേശമാണ് ആര്‍എസ്എസ് ശോഭാ സുരേന്ദ്രനും, പി കെ കൃഷ്ണദാസിനും, എ എന്‍ രാധകൃഷ്ണനും കെ സുരേന്ദ്രനും നല്‍കിയിരിക്കുന്നത്. ഇവര്‍ക്കെല്ലാം രണ്ടു പഞ്ചായത്തുകളുടെ ചുമതല നല്‍കിയിട്ടുണ്ട്.


ബി ഗോപാലകൃഷ്ണന്‍, ജെ ആര്‍ പത്മകുമാര്‍, പി രഘുനാഥ്, രാജ്‌മോഹന്‍, ജയസൂര്യന്‍, സി ശിവന്‍കുട്ടി, സി കൃഷ്ണകുമാര്‍ എന്നീ നേതാക്കളും ചെങ്ങന്നൂരില്‍ ക്യാമ്പു ചെയ്താണ് പ്രചാരണം.


ബിഡിജെഎസ് ഇടഞ്ഞു നില്‍ക്കുകയാണെങ്കിലും അണികള്‍ എന്‍ഡിഎയ്ക്ക് ഒപ്പമാണ്. കേരളത്തില്‍ വോട്ടു വിഹിതം കൂട്ടിയെന്ന ബിഡിജെസിന്റെ അവകാശവാദം ബിജെപി കേന്ദ്ര നേതൃത്വം തള്ളിയിരുന്നു. വോട്ടു വിഹിതമല്ല വിജയമാണ് വേണ്ടതെന്ന് കേന്ദ്ര നേതൃത്വം പറയുന്നു.


ബിജെപി ചെങ്ങന്നൂരില്‍ വിജയിക്കുകയും ബിഡിജെഎസ് ഇതിനായി പ്രവര്‍ത്തിക്കുകുയും ചെയ്താല്‍ ഏതാനും കോര്‍പറേഷനുകള്‍ നല്‍കുമെന്നാണ് ദേശീയ നേതൃത്വം പറയുന്നത്. എന്‍ഡിഎയ്ക്കും ബിജെപിക്കും എതിരെ പ്രസ്താവനകള്‍ നടത്തുന്ന എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ബിഡിജെഎസ് പ്രസിഡന്റ് തുഷാര്‍ വെള്ളപ്പള്ളിക്കും ശകതമായ സന്ദേശമാണ് ബിജെപി നല്‍കിയിരിക്കുന്നത്.


രാജ്യസഭാ സീറ്റ് തുഷാര്‍ വെള്ളപ്പള്ളിക്ക് ലഭിക്കുമെന്ന തരത്തില്‍ വ്യാപകമായ പ്രചാരണം നടത്തിയത് വി മുരളീധരന്റെ വരവ് തടയാനായി ബിജെപിയിലെ കോഴിക്കോട് കേന്ദ്രീകരിച്ചുള്ള ഒരു വിഭാഗമാണെന്ന് പാര്‍ട്ടിക്ക് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഗ്രൂപ്പിസം നടത്തുന്നവരെയും വിലപേശുന്നവരേയും തഴയുമെന്ന സന്ദേശവും ഇതിലൂടെ ബിജെപി കേന്ദ്ര നേതൃത്വം നടത്തിയിട്ടുണ്ട്.


ബിഡിജെസ് യുഡിഎഫിലേക്കോ എല്‍ഡിഎഫിലേക്കോ പോകുന്നതിനുള്ള സാധ്യതയുണ്ടെന്ന് അറിഞ്ഞിട്ടും ബിജെപി രണ്ടും കല്‍പിച്ചുള്ള നീക്കമാണ് നടത്തിയിരിക്കുന്നത്. ചെങ്ങന്നൂരില്‍ ഇത് ബിജെപിക്ക് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. ഇത് മറികടക്കാനുള്ള ശ്രമങ്ങളാണ് ചെങ്ങന്നൂരില്‍ ആര്‍എസ്എസിനെ ഇറക്കി ബിജെപി കളിക്കുന്നത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ