NRI News

മൂന്നര പതിറ്റാണ്ടിന്റെ പ്രവാസ ജീവിതം, ഷാര്‍ലി ബെഞ്ചമിന്‍ ഇനി നാട്ടിലേക്ക്

Sun, May 21, 2017

Arabianewspaper 2150
മൂന്നര പതിറ്റാണ്ടിന്റെ പ്രവാസ ജീവിതം, ഷാര്‍ലി ബെഞ്ചമിന്‍ ഇനി നാട്ടിലേക്ക്

പ്രവാസത്തിന്റെ തീഷ്ണത.
പറഞ്ഞു പറഞ്ഞു പതം വന്ന ഒന്നാണത്.
ചൊരിമണലും പഴുത്ത സൂര്യനും, കാരയ്ക്കയും പൊടിക്കാറ്റും -ഇതാണ് പതിവു ചേരുവകള്‍.


അനുഭവങ്ങളെക്കുറിച്ച് വിവരിക്കുമ്പോള്‍ രൂചിയുമായി ബന്ധപ്പെടുത്തുക സാധാരണമാണ്. കയ്പു നിറഞ്ഞതിനൊപ്പം മധുരതരമായതും ഓര്‍മത്താളുകളില്‍ ഉണ്ടാകും. മറ്റേതൊരു പ്രവാസിയേയും പോലെ ഇതെല്ലാം സമ്പാദിച്ചയാളാണ് ഷാര്‍ളി ബെഞ്ചമിന്‍. പത്രപ്രവര്‍ത്തകനായി പ്രവാസ ജീവിതം ആരംഭിച്ച് ബിസിനസ്‌കാരനായി മാറി... വീണു കിട്ടിയ ഇടവേളകളില്‍ സര്‍ഗാത്മകത കൈവെടിയാതെ എഴുത്തും തുടര്‍ന്നു.


തന്റെ അനുഭവങ്ങളെ ആറ്റിക്കുറുക്കി ഒരു നോവലാക്കി മാറ്റിയിരിക്കുകയാണ് ഷാര്‍ളി ബെഞ്ചമിന്‍, പ്രവാസമവസാനിപ്പിച്ച് ജന്മദേശമായ പൂനലൂരിലേക്ക് മടങ്ങുമ്പോള്‍ മൂന്നര പതിറ്റാണ്ടിന്റെ ഗള്‍ഫ് ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യം -ലേബ്രിന്ത് - എന്ന നോവലാണെന്ന് ഷാര്‍ലി ബെഞ്ചമിന്‍ പറയുന്നു.


കത്തുന്ന സൂര്യന്റെ ചൂടേറ്റ് വാങ്ങി കനല്‍ക്കട്ടപോലെ തിളങ്ങുന്ന, ഒന്നിനൊടൊന്ന് ചേരാത്ത, ഗള്‍ഫിലെ ചൊരിമണല്‍ - പ്രവാസിയുടെ അവിഭാജ്യമായ ഈ രസക്കൂട്ട് ... ഉഷ്ണക്കാറ്റിലൂടെ ചൂളംകുത്തിയെത്തുന്ന മണല്‍സുനാമികള്‍, ചുട്ടമണ്‍തരികളിലൊന്ന് കണ്ണിലോ വായിലോ കയറിക്കൂടത്തവരാരുമില്ല.


യൗവനത്തിന്റെ ചോര നീരായത് ഈ മണല്‍ക്കാട്ടിലാണ്. നാട്ടിലെ മാധ്യമ പ്രവര്‍ത്തന ജീവിതത്തിനിടെ 1982 ല്‍ കുവൈറ്റിലേക്കാണ് ആ യാത്രയുടെ ആരംഭം. സെക്രട്ടറിയായും അഡ്മിനിസ്‌ട്രേറ്റീവ് മാനേജരും ഒക്കെയായെങ്കിലും പഠിച്ച പണിയായ പത്രപ്രവര്‍ത്തനത്തിലേക്ക് തന്നെ മടങ്ങി. കുവൈറ്റ് ടൈംസില്‍ സഹ പത്രാധിപരായി. രണ്ടു വര്‍ഷം നീണ്ട പത്രപ്രവര്‍ത്തനത്തിന് ഇറാഖിന്റെ അധിനിവേശം വേഗം തിരശീലയിട്ടു.


യുദ്ധവും പലായനവും വേറിട്ട അനുഭവമായി. കൈവീശിയായിരുന്നു ആ വരവ്. ജീവന്‍ മാത്രം ബാക്കി. അങ്ങിനെയൊന്നും പരാജയം സമ്മതിക്കാന്‍ ഒരുക്കമല്ലാതിരുന്ന ഷാര്‍ലി ബെഞ്ചമിന്‍ വീണ്ടും ഗള്‍ഫിലേക്ക് തന്നെ വിമാനമേരി. 1994 ല്‍ . തിരുവനന്തപുരം സ്വദേശിയായ സജ്ജദ് ഹസ്സന്‍ മുഖ്യപത്രാധിപരായ  അറേബ്യ എന്ന മാസികയില്‍ . പിന്നീട് അതേ പേരില്‍ പത്രമായും ഇറങ്ങിയപ്പോള്‍ ഷാര്‍ലി ബെഞ്ചമിന്‍ പത്രാധിപരായി . പ്രവാസ ലോകത്തെ ആദ്യ സ്വതന്ത്ര മലയാള പത്രമായിരുന്നു അറേബ്യ. അനിശ്ചിതത്വം ഗള്‍ഫിന്റെ കൂടെപ്പിറപ്പായതിന് തെളിവായി അറേബ്യ പൊടുന്നനെ പ്രസിദ്ധീകരണം നിര്‍ത്തേണ്ടി വന്നു.


തുടര്‍ന്നാണ് ദുബായിയില്‍ സ്വന്തമായി ബിസിനസ് സ്ഥാപനം ഷാര്‍ലി ബെഞ്ചമിന്‍ ആരംഭിക്കുന്നത്. നിര്‍മാണ മേഖലയുമായി ബന്ധപ്പെട്ട സ്ഥാപനവുമായി കുറച്ചധികം നാള്‍.. ഇതിനിടയില്‍ എഴുത്തും പൊതുപ്രവര്‍ത്തനവും ശക്തമായി.


ലേബ്രിന്ത് - രാവണന്‍ കോട്ട. ഉള്ളില്‍ പ്രവേശിച്ചാല്‍ പുറത്തു വരാന്‍ കഴിയാത്ത തരത്തിലുള്ള സങ്കീര്‍ണമായ ദുര്‍ഘട വഴികള്‍ പിന്നിട്ട് ഇതില്‍ നിന്നും വിജയകരമായി പുറത്തു കടന്നതിന്റെ നേര്‍ സാക്ഷ്യമാണ് ആത്മകഥാംശമുള്ള നോവല്‍ .


ഗള്‍ഫിലെ സ്‌കൂളില്‍ അദ്ധ്യാപികയായിരുന്ന ഭാര്യ ലില്ലിയൊടൊപ്പമാണ് മടക്കയാത്ര. നാട്ടില്‍ പൊതുപ്രവര്‍ത്തനവും , എഴുത്തും തുടരാന്‍ തന്നെയാണ്
ഷാര്‍ലി ബെഞ്ചമിന്‍ തീരുമാനിച്ചിരിക്കുന്നത്. പരിസ്ഥിതി സംരക്ഷണവും ജൈവ കൃഷിയും പദ്ധതിയിലുണ്ട്,. ഏക മകള്‍ പിതാവിന്റെ മാര്‍ഗമാണ് സ്വീകരിച്ചത്. പത്രപ്രവര്‍ത്തനം ഡെല്‍ഹിയില്‍ ലൈവ് മിന്റ് എന്ന പ്രസിദ്ധീകരണത്തില്‍ ജോലി ചെയ്യുന്നു. മരുമകന്‍ ഡോ. മനു.


മാധ്യമ സുഹൃത്തുക്കളും പ്രവാസ സംഘടനാ പ്രവര്‍ത്തകരും തങ്ങളുടെ പ്രിയപ്പെട്ട ഷാര്‍ലിക്ക് സ്‌നേഹ നിര്‍ഭരമായ യാത്രയയപ്പും നല്‍കി. ഇനിയുള്ള കാലം പച്ചപ്പു ആവോളം കാണാനുള്ള ആശംസയാണ് ഇവരേകിയത്...

Tags : expat life 
Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ