General News

തൊണ്ടിമുതലും ദൃക്‌സാക്ഷിയും ഇല്ലാതെ കുറ്റപത്രം തയ്യാറാകുന്നു, കേസ് ദുര്‍ബലപ്പെടുമെന്ന് സംശയം

Wed, Sep 20, 2017

Arabianewspaper 614
തൊണ്ടിമുതലും ദൃക്‌സാക്ഷിയും ഇല്ലാതെ  കുറ്റപത്രം തയ്യാറാകുന്നു, കേസ് ദുര്‍ബലപ്പെടുമെന്ന് സംശയം

നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണും ഇത് സൂക്ഷിച്ച മെമ്മറി കാര്‍ഡും ഇല്ലാതെ ഗൂഡാലോചന ആരോപിച്ചുള്ള കുറ്റപത്രം തയ്യാറാകും. ഒക്ടോബര്‍ എട്ടിന് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിക്കുക. ദിലീപിനെതിരെ കൂട്ടബലാല്‍സംഗം,, തട്ടിക്കൊണ്ടു പോകല്‍, ഗൂഡാലോചന എന്നിവ ചേര്‍ത്ത് പതിനൊന്നാം പ്രതിയായാണ് കുറ്റപത്രം നല്‍കുക. ജൂലൈ പത്തിനാണ് ദിലീപ് അറസ്റ്റിലായത്. ഇതിനു ശേഷം 90 ദിവസം തികയുന്നതിന് രണ്ടു ദിവസം മുമ്പ് കുറ്റപത്രം സമര്‍പ്പിക്കുകയാണ് പോലീസിന്റെ പദ്ധതി.


കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍സുനി എന്ന സുനില്‍ കുമാറിന്റെ മൊഴികളെ അടിസ്ഥാനമാക്കി നടത്തിയ ഗുഡാലോചന കേസിന്റെ അന്വേഷണം ലോജിക്കല്‍ കണ്‍ക്ലൂഷനില്‍ എത്തിക്കുക എന്ന ജോലിയാണ് ഇനി പോലീസിന് മുന്നിലുള്ളത്. പള്‍സുനിക്കെതിരായ കുറ്റപത്രം കഴിഞ്ഞ ഏപ്രില്‍ ഏഴിന് പോലീസ് സമര്‍പ്പിച്ചെങ്കിലും ഇതിന്റെ വിചാരണ ഇതുവരെ ആരംഭിച്ചിട്ടില്ല.


കേസ് ഡയറിയില്‍ പ്രധാന സാക്ഷികളായി അവതരിപ്പിക്കുന്നത് ദിലീപിന്റെ സുഹൃത്ത് നാദിര്‍ഷ, ഭാര്യ കാവ്യ മാധവന്‍, മാനേജര്‍ അപ്പുണ്ണി എന്നിവരെയാണ്. എന്നാല്‍, ഇവരുടെ മൊഴികള്‍ കേസിന് അനുകൂലമായി പോലീസിന് ലഭിച്ചിട്ടില്ല. പള്‍സര്‍ സുനിയെ അറിയില്ലെന്ന ഇവരുടെ മൊഴി പൊളിക്കാനുള്ള നീക്കമാണ് പോലീസ് നടത്തുന്നത്.


ദിലീപ് നിര്‍മിച്ച് നാദിര്‍ഷ സംവിധാനം ചെയ്ത കട്ടപ്പനയിലെ ഋതിക് റോഷന്‍ എന്ന ചിത്രത്തിന്റെ സെറ്റിലെത്തി ക്വട്ടേഷനുള്ള അഡ്വാന്‍സ് തുകയായ 25,000 രൂപ പള്‍സര്‍ സുനി വാങ്ങിച്ചു എന്ന ആരോപണമാണ് പോലീസ് നിരത്തുന്നത്. ഇത് സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തിലുള്ളതാണ്.


ഇതിന് പോലീസ് സമര്‍പ്പിക്കുന്ന തെളിവ് മെബൈല്‍ ഫോണ്‍ ടവറിന്റെ ലൊക്കേഷനാണ്. എന്നാല്‍, ഇതേ ദിവസം മഞ്ജു വാര്യര്‍ അഭിനയിച്ച കരിങ്കുന്നം സിക്‌സേഴ്‌സ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗും തൊടുപുഴയിലും പരിസരങ്ങളിലും നടന്നിരുന്നു. ഈ ചിത്രത്തിന്റെ സെറ്റില്‍ സുനി ഡ്രൈവറായി എത്തിയിരുന്നു. ഇക്കാര്യം പ്രതിഭാഗം തെളിവു സഹിതം ചൂണ്ടിക്കാട്ടിയാല്‍ പോലീസിന്റെ വാദം പൊളിയുമെന്നാണ് നിയമ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.


മറ്റൊന്ന്, കാവ്യ മാധവന്റെ വെണ്ണലയിലെ വീട്ടില്‍ സുനി എത്തിയെന്നതാണ്. ഇതിനു തെളിവായി വില്ലയിലെ സന്ദര്‍ശക രജിസ്റ്ററാണ് പോലീസ് ചൂണ്ടിക്കാട്ടിയത്. പക്ഷേ, ഈ രജിസ്റ്റര്‍ മഴ നനഞ്ഞ് നശിച്ചു പോയെന്ന മറുപടിയാണ് ഇപ്പോള്‍ ലഭിക്കുന്നത്. 22 വില്ലകളുള്ള സമുച്ചയത്തിലെ ഒരു വില്ലയിലാണ് കാവ്യയുടെ വീട്. ഇവിടെ നിന്ന് സന്ദര്‍ശക രജിസ്റ്റര്‍ ലഭ്യമാക്കേണ്ടിയിരുന്നത് പോലീസിന്റെ അന്വേഷണത്തിലെ ഭാഗമായിരുന്നു. എന്നാല്‍, ഇപ്പോള്‍ സന്ദര്‍ശക രജിസ്റ്റര്‍ മഴ നനഞ്ഞ് നശിച്ചു പോയെന്ന പറയുന്നത് തെളിവിന്റെ അഭാവമായി മാത്രമെ കോടതികള്‍ കാണുകയുള്ളു.


പള്‍സര്‍ സുനിയെ അറിയില്ലെന്ന് കാവ്യ പറയുന്നതും, സംഭവത്തില്‍ ഒരു മാഡത്തിന് പങ്കുണ്ടെന്ന് സുനി ഇടയ്ക്ക് വിളിച്ചു പറയുന്നതും , തന്റെ മാഡം കാവ്യയാണെന്ന് സുനി വെളിപ്പെടുത്തിയതും കൂട്ടിവായിച്ചാല്‍ പോലീസിന് ഇതില്‍ വലിയ ഗൗരവമുള്ള വിഷയം മനസിലാക്കേണ്ടതായിരുന്നു. എന്നാല്‍, സുനിയുടെ വെളിപ്പെടുത്തലിനെ കുറിച്ച് പോലീസ് ഇതുവരെ കാര്യമായി അന്വേഷിച്ചില്ല.


തൊണ്ടിമുതലും ദൃക്‌സാക്ഷിയുമില്ലാതെ കേസ് വാദിച്ച് ജയിക്കാന്‍ പ്രോസിക്യുഷന്‍ പാടുപെടും. കുറ്റപത്രം സമര്‍പ്പിച്ച ശേഷം അനുബന്ധ കുറ്റപത്രവും തെളിവും ഹാജരാക്കാനാകുമെന്ന ആശ്വാസമാണ് പോലീസിനുള്ളത്.


ജാമ്യ ഹര്‍ജികള്‍ തള്ളുന്നത് ദിലീപിന് തിരിച്ചടിയാണെന്ന വിലയിരുത്തലും ശരിയല്ലെന്ന് നിയമ വിദഗ്ദ്ധര്‍ പറയുന്നു. സ്വാധീനം ചെലുത്താന്‍ കഴിയുന്ന വ്യക്തിയെ അ്‌ന്വേഷണം പൂര്‍ത്തിയാകും മുമ്പ് ജാമ്യം നല്‍കി പുറത്തു വിടുന്നത് കേസ് അന്വേഷണത്തെ ബാധിക്കുമെന്ന വാദത്തിന്റെ അടിസ്ഥാനത്തിലെ സ്വാഭാവിക നടപടി മാത്രമാണിത്. കുറ്റപത്രം നല്‍കി കഴിഞ്ഞാല്‍ ഇതിന്റെ പ്രസക്തി നഷ്ടപ്പെടും.


ബലാല്‍സംഗ കുറ്റം ചുമത്തിയ ശേഷം കേസ് അന്വേഷണം നേരിടുന്ന എ വിന്‍സെന്റ് എംഎല്‍എ ജാമ്യത്തിലിറങ്ങിയത് അദ്ദേഹം ഭരണ കക്ഷിയില്‍ പെട്ടയാളല്ലെന്ന പ്രതിഭാഗത്തിന്റെ വാദം കണക്കിലെടുത്താണ്. സ്വാധിനം ചെലുത്താന്‍ കെല്പില്ലെന്ന് കോടതിക്ക് ബോധ്യപ്പെട്ടതോടെയാണ് ബലാല്‍സംഗ കേസില്‍ പെട്ടിട്ടും വിന്‍സെന്റ് എംഎല്‍എയ്ക്ക് ജാമ്യം ലഭിച്ചത്.


ജാമ്യഹര്‍ജികളില്‍ വാദം കേള്‍ക്കുമ്പോള്‍ പോസിക്യൂഷനെ സഹായിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന നിലപാടുകളായിരിക്കും സാധാരണ കോടതികള്‍ സ്വീകരിക്കുക. കേസ് വിചാരണയ്ക്ക് വരുമ്പോള്‍ പ്രോസിക്യുഷനേക്കാളും പ്രതിഭാഗത്തിന് തങ്ങളുടെ കക്ഷി നിരപരാധിയാണെന്ന് തെളിയിക്കാനുള്ള കൂടുതല്‍ അവസരവും ലഭിക്കും. സ്വാഭാവിക നീതി ഉറപ്പാക്കാന്‍ വേണ്ടിയാണ് ഇന്ത്യയിലെ നിതിന്യായ വ്യവസ്ഥ ഇങ്ങിനെ പ്രവര്‍ത്തിക്കുന്നത്.


 

Advertisement here

Like Facebook Page :
 


Like Facebook


Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ